സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്

ഈ അക്കൗണ്ടുകളെ ചിലപ്പോൾ മൾട്ടിപ്ലൈയർ (Multiplier) അക്കൗണ്ട് എന്നും വിളിക്കും. ഈ അക്കൗണ്ടുകൾ ഒരു സേവിങ്സ് അക്കൗണ്ടിൻ്റെ  ദ്രവ്യതയും (liquidity) ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപത്തിൻ്റെ (Fixed Deposit) ഉയർന്ന പലിശ വരുമാനവും നൽകുന്നു.

ഇതിനു വേണ്ടി ഒരു  ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് നമ്മൾ നിശ്ചയിക്കുന്ന പരിധിക്കു കൂടുതൽ ആയാൽ കൂടുതൽ ഉള്ള തുക ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കു മാറ്റും.

പണം പിൻവലിക്കുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിലേക്ക്  മാറ്റിയ തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ സാധിക്കും. അവസാനം ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റിയ  തുകയായിരിക്കും ആദ്യം പിൻവലിക്കുക. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ആദ്യം നിക്ഷേപിച്ച തുകയ്ക്ക് കൂടുതൽ കാലം പലിശ കിട്ടും.

ഉദാഹരണത്തിന്, 5,000 രൂപയാണ് അക്കൗണ്ട് ബാലൻസ് പരിധി എന്ന് വിചാരിക്കുക. നമ്മൾ ഒരു 10,000 രൂപ കൂടി നിക്ഷേപിച്ച് അക്കൗണ്ടിൽ ബാലൻസ് 15,000 ആക്കിയാൽ 5,000 രൂപയ്ക്ക് മുകളിലുള്ള തുക അതായത് 10,000 രൂപ ഫിക്സഡ് ടെപോസിറ്റ് അക്കൗണ്ടിലേക്ക് മാറ്റും. ഇങ്ങനെ 5,000 രൂപയ്ക്ക് മുകളിൽ വരുന്ന എല്ലാ തുകയും ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റി കൊണ്ടിരിക്കും.

ഇനി പണം പിൻവലിക്കുമ്പോൾ, 5000 രൂപയിൽ കൂടുതൽ വേണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ കിടക്കുന്ന തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ പറ്റും.  ഇതിന് പിഴ ഉണ്ടാവുകയില്ല.

എമർജൻസി ഫണ്ട്(Emergency Fund) സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല അക്കൗണ്ടാണിത്.






അടുത്ത ലേഖനം: ബാങ്ക് സ്ഥിര നിക്ഷേപം

നോ ഫ്രില്സ് അക്കൗണ്ട് (No Frills Account)

കുറച്ചു പണം മാത്രം കൈകാര്യം ചെയ്യുന്നവർക്കാണ് ഈ അക്കൗണ്ട് ഉപകാരപ്പെടുന്നത്. നോ ഫ്രില്സ് അക്കൗണ്ട് പൂജ്യം ബാലൻസ്(zero balance) അനുവദിക്കും. അത് കൊണ്ട് മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഉണ്ടാകില്ല.

നോ ഫ്രില്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കാവുന്ന പണത്തിനും അക്കൗണ്ടിൽ നിന്നും ഒരു കൊല്ലം ചെയ്യാവുന്ന സാമ്പത്തിക ഇടപാടുകൾക്കും മേൽ നിബന്ധന ഉണ്ടാകും. 2019’ലെ നിബന്ധനകൾ അനുസരിച്ചു ₹50,000’യിൽ കൂടുതൽ ബാലൻസ് വരികയോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഒരു കൊല്ലം നടത്തുകയോ ചെയ്താൽ പിന്നെ അക്കൗണ്ട് ‘നോ ഫ്രില്സ്’ ആയി പരിഗണിക്കുകയില്ല.






അടുത്ത ലേഖനം: സാലറി അക്കൗണ്ട്

സാലറി അക്കൗണ്ട് (Salary Account)

സാലറി അക്കൗണ്ട് അല്ലെങ്കിൽ ശമ്പള അക്കൗണ്ട് മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന ആൾക്കാർക്കു മാത്രമേ ലഭിക്കുകയുള്ളു. ഈ അക്കൗണ്ടിലേക്കായിരിക്കും ശമ്പളം നേരിട്ട് വരുന്നത്.

ഈ അക്കൗണ്ടുകൾക്കു മറ്റുള്ളവയെ അപേക്ഷിച്ചു മിനിമം ബാലൻസ് സൂക്ഷിക്കുന്ന കാര്യത്തിലും എത്ര തവണ ATM ഉപയോഗിക്കാം എന്നതിലും മറ്റും ഇളവുകൾ ഉണ്ടാകും. നിങ്ങൾക്ക് ഒരു സാലറി അക്കൗണ്ടിന് അർഹതയുണ്ടെങ്കിൽ അത് തീർച്ചയായും തുറക്കണം. ഇത് ഭാവിയിൽ ഉപകാരത്തിൽ വരും.






അടുത്ത ലേഖനം: സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്

സേവിങ്സ് ബാങ്ക് അക്കൗണ്ട് (Savings Bank Account)

സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കിംഗ് സ്ഥാപനങ്ങളിൽ തുടങ്ങുന്ന ഒരു അക്കൗണ്ടാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ഡെബിറ്റ് കാർഡ്[Debi Card], ക്രെഡിറ്റ് കാർഡ്[Credit Card],ചെക്ക് ബുക്ക് [Cheque Book], ഇന്റർനെറ്റ് ബാങ്കിംഗ്(Internet Banking) മുതലായ മറ്റു സേവനങ്ങൾ നമുക്ക് ലഭ്യമാകും. മിക്ക ബാങ്കുകളിൽ നിന്നും ഈ സേവനങ്ങൾ ലഭിക്കുവാൻ അവിടെ ഒരു സേവിങ്സ് അക്കൗണ്ട് വേണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ വരെയുള്ള തുകക്ക് ഇൻഷുറൻസ് കവറേജ് ഉള്ളതാണ്.  ഒരു ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ, ബാങ്ക് പൊളിഞ്ഞ് പോയാൽ പണം നഷ്ടമാകും. കോഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ ബാങ്കിന് ഈ ഇൻഷുറൻസ് സുരക്ഷ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 3.5 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. ചില ബാങ്കുകൾ ഇതിൽ കൂടുതൽ പലിശ ലഭ്യമാക്കും. 

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം(A.T.M) വഴി എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം. അതേ പോലെ തന്നെ എപ്പോൾ വേണമെങ്കിലും ഇൻറർനെറ്റ് ബാങ്കിംഗ് വഴിയും പണം കൈമാറ്റം ചെയ്യാൻ സാധിക്കും. ബാങ്കിൻ്റെ പ്രവർത്തന ദിവസങ്ങളിൽ ബാങ്കിൽ നേരിട്ട് പോയും പണം പിൻവലിക്കാം. ഇതിൽ എടിഎം വഴി പിൻവലിക്കുന്നതിനും ബാങ്ക് ശാഖയിൽ പോയി നേരിട്ട് പണം പിൻവലിക്കുന്നതിനും പരിധികൾ ഉണ്ടാകും. ഓരോ ബാങ്കിനും ഈ പരിധിക്ക് വ്യത്യാസമുണ്ടാകും. പരിധിക്കു മുകളിൽ ഒരു സംവിധാനം നമ്മൾ  ഉപയോഗിച്ചാൽ അതിന് പിഴ കൊടുക്കേണ്ടി വരും.

മിക്ക ബാങ്ക് അക്കൗണ്ടുകളിലും ഒരു മിനിമം ബാലൻസ്(Minimum Balance) ഉണ്ടായിരിക്കും. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ഇത്. ഇതിൽ കുറഞ്ഞാൽ ബാങ്ക് പിഴ ഈടാക്കും. 

അതേ പോലെ തന്നെ വാർഷികമായി അക്കൗണ്ട് മെയിൻറനൻസ് ഫീസ്(Account Maintenance Fees), ഡെബിറ്റ് കാർഡ് ഫീസ്(Debit Card Fees) എന്നിങ്ങനെ പല രീതിയിൽ ചില ബാങ്കുകൾ ഫീസ് ഇടാക്കാറുണ്ട്. ഇവ എന്തൊക്കെയാണെന്ന് അക്കൗണ്ട് തുറക്കുന്നതിനു മുൻപ് ചോദിച്ചറിഞ്ഞ് ഏറ്റവും കുറഞ്ഞ ഫീസുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ദീർഘകാല നിക്ഷേപത്തിനായി ഉപയോഗിക്കരുത്. ഈ അക്കൗണ്ടിലെ പലിശ നിരക്ക് വിലക്കയറ്റത്തിന് ഒപ്പം നമ്മുടെ പണത്തെ വളർത്തില്ല. സേവിങ്സ് ബാങ്കിലെ പലിശനിരക്ക്, വിലക്കയറ്റ നിരക്കിനു താഴെ ആയതു കൊണ്ട് അക്കൗണ്ടിലെ പണത്തിന് മൂല്യം കുറഞ്ഞു കൊണ്ടിരിക്കും. മറ്റു ബാങ്കിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉള്ള ഒരു ചവിട്ടുപടി എന്ന രീതിയിലാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കേണ്ടത്.






അടുത്ത ലേഖനം: നോ ഫ്രില്സ് അക്കൗണ്ട്

എന്തു കൊണ്ട് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം?

എല്ലാവർക്കും 2 ബാങ്കിൽ എങ്കിലും അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇതിനു പല കാരണങ്ങളുണ്ട്.  പ്രധാനപ്പെട്ടവ താഴെ പറയാം.

  1. ഒരു അക്കൗണ്ട് ലോക്ക് ആയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. ചിലപ്പോൾ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കളഞ്ഞു പോയ വഴിയോ അല്ലെങ്കിൽ അനധികൃതമായ ഇടപാടുകൾ നടന്നത് കാരണം കൊണ്ടോ ബാങ്ക് അക്കൗണ്ട് ലോക്ക്(Lock) ആവാം.  ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഇടപാടുകൾ ഒന്നും തടസ്സം മാറുന്നതു വരെ ബാങ്ക് സമ്മതിക്കുകയില്ല. ഈ കാലയളവിൽ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അത് വളരെയധികം ഉപകാരപ്പെടും. ഒരു പ്രശ്നമുണ്ടായി കഴിഞ്ഞു തുടങ്ങാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ പറ്റിയെന്നു വരില്ല . പുതിയ ബാങ്ക്, പഴയ ബാങ്കിൻ്റെ അഭിപ്രായം ചോദിച്ചാൽ ചിലപ്പോൾ നിങ്ങളെ അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കില്ല.
  2. ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന് 1,00,000 രൂപ വരെ മാത്രം ഇൻഷുറൻസ് സുരക്ഷയുള്ളൂ. ഒരു ലക്ഷത്തിൽ കൂടുതൽ രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ബാങ്കിൽ ആയി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ ബാങ്ക് പൊളിഞ്ഞു പോയാലും നിങ്ങളുടെ തുക തിരിച്ചു കിട്ടും.
    സഹകരണ (Co-Operative) ബാങ്കുകളിലും ചെറിയ ബാങ്കുകളിലും അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
  3. ബാങ്ക് ഒരു സേവനം വിൽക്കുന്ന സ്ഥാപനമാണ്. മറ്റെന്തു സേവനം വാങ്ങുമ്പോൾ നമ്മൾ പല സ്ഥാപനങ്ങളുടെ അടുത്തു നിന്ന് വില വിവരങ്ങൾ ശേഖരിക്കുന്ന പോലെ തന്നെ ബാങ്കിംഗ് ആവശ്യങ്ങൾക്കും പല സ്ഥാപനങ്ങളിൽ നിന്നും വില വിവരം ശേഖരിക്കണം. ഉദാഹരണത്തിന് ഒരു വീട് പണിയാൻ വായ്പ എടുക്കുകയാണെങ്കിൽ പല ബാങ്കുകളിൽ നിന്ന് അപേക്ഷാ ഫീസ് എത്ര രൂപയാകും,  എത്ര ശതമാനം പലിശ ആകും എന്നെല്ലാം കൃത്യമായി അന്വേഷിക്കണം. അര (0.5%) ശതമാനം പലിശയ്ക്ക് പോലും 20 വർഷത്തേക്ക് വായ്പ എടുക്കുമ്പോൾ വലിയ തുകയുടെ വ്യത്യാസം വരുത്താൻ പറ്റും. നമുക്ക് നിലവിൽ അക്കൗണ്ടുള്ള ബാങ്കുകൾ ആണെങ്കിൽ ഈ വിവരങ്ങൾ ലഭിക്കാൻ വളരെ എളുപ്പമാണ്. പല ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വായ്പയെടുക്കാൻ നേരത്തും ക്രെഡിറ്റ് കാർഡ് എടുക്കാൻ നേരത്തും നന്നായി ഉപകാരപ്പെടും.
  4. ഇപ്പോൾ മൊബൈൽ പെയ്മെൻറ് ആപ്ലിക്കേഷനുകളും (Mobile Applications) സർവീസുകളും ഒരുപാട് ഉള്ളപ്പോൾ നമ്മുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൊണ്ട് നമ്മുടെ പ്രധാനപ്പെട്ട അക്കൗണ്ടിലേക്ക് ഈ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് അനുവാദം കൊടുക്കുന്നത് അപകട സാധ്യത കൂട്ടും. ഇതിനായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിൽ ഇൻറർനെറ്റ് ട്രാൻസാക്ഷനു (Internet transaction) ആവശ്യമായ തുക മാത്രം നിക്ഷേപിച്ചു മൊബൈൽ ആപ്ലിക്കേഷനുകൾ അതിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.







അടുത്ത ലേഖനം: ക്രെഡിറ്റ് കാർഡ്