ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Cash Back Life Insurance Policy)

എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി?

ലൈഫ് ഇൻഷുറൻസിനു പുറമെ സമ്പാദിക്കാനുള്ള അവസരം കൂടി തരുന്ന ഒരു പദ്ധതിയാണ് ക്യാഷ്ബാക്ക് (Cash Back) ഇൻഷുറൻസ് പോളിസി. ഇവ എൻഡോവ്മെന്റ് (Endowment) പ്ലാൻ എന്നും അറിയപ്പെടുന്നു. എൽഐസി(LIC) ജീവൻ ആനന്ദ്, എൽഐസി ജീവൻ പ്രകൃതി, എൽഐസി ജീവൻ ലക്ഷ്യ എന്നിങ്ങനെ പല പോളിസികൾ എൽഐസിക്ക് മാത്രമുണ്ട്. മറ്റ് ഇൻഷുറൻസ് കമ്പനികൾക്കും ക്യാഷ് ബാക്ക് പോളിസികൾ ഇഷ്ടം പോലെയുണ്ട്. ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിയുമ്പോൾ അടച്ച തുകയുടെ ഒരു നല്ല ഭാഗം തിരിച്ചു കിട്ടുന്ന എല്ലാ പോളിസികളെയും ഞാൻ ഈ വിഭാഗത്തിൽ പെടുത്തുന്നു. ഈ പോളിസികൾ എല്ലാം ഇൻഷുറൻസും സമ്പാദ്യവും കൂട്ടി കുറയ്ക്കുവാനുള്ള ഒരു ശ്രമമാണ്. അതിനു പുറമേ ഒരുപാട് നിബന്ധനകളും.

സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി ആയി നാട്ടിലെ ഇൻഷുറൻസ് ഏജൻറ്റ്മാർ പൊതുവേ വിൽക്കുന്നത് എല്ലാം ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളാണ്.

ഓരോ പദ്ധതികൾക്കും ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകും. എങ്കിലും പൊതുവേ ഇവയെല്ലാം പ്രവർത്തിക്കുന്നത് താഴെ പറയുന്ന പോലെയാണ്.

ഒരു നിശ്ചിത തുകയ്ക്ക് നമ്മൾ ഇൻഷുറൻസ് പോളിസി എടുക്കുന്നു. പോളിസി കാലാവധി തീരുന്നതുവരെ മാസാമാസം നമ്മൾ തവണകൾ അടയ്ക്കണം. ഇതിനെയാണ് പ്രീമിയം എന്ന് വിളിക്കുന്നത്. പോളിസിയുടെ കാലയളവിൽ നമ്മൾക്ക് മരണം സംഭവിച്ചാൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന തുക നമ്മുടെ നോമിനേഷനുള്ള ആൾക്ക് കിട്ടും. പോളിസി കാലാവധി കഴിയുമ്പോൾ നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള തുക നമുക്ക് കിട്ടും. പിന്നെ ചില പോളിസികൾ കമ്പനിയുടെ ലാഭത്തിൽ പങ്കാളികളാണ്. അതിനാൽ കമ്പനി ലാഭത്തിൽ ആണെങ്കിൽ നമുക്ക് ആ ലാഭ വിഹിതത്തിൽ ഒരു ചെറിയ ഭാഗവും കിട്ടും. എന്നാൽ ഇത് ഏജൻറ്റ്മാർ പറയുന്നപോലെ ഉറപ്പല്ല. സാധാരണ പോളിസികൾ പത്തും പതിനഞ്ചും ഇരുപതും കൊല്ലമൊക്കെ കാലാവധി ഉള്ളതാണ്. 20 കൊല്ലം കഴിഞ്ഞ് ഇൻഷുറൻസ് കമ്പനി ലാഭത്തിൽ ആയിരിക്കുമോ എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല.

എൻ്റെ അഭിപ്രായത്തിൽ ഒരു നിക്ഷേപകന് പറ്റാവുന്ന അബദ്ധങ്ങളിൽ ഏറ്റവും വലിയ അബദ്ധമാണ് ക്യാഷ് ബാക്ക് പോളിസിയിൽ ചേരുന്നത്. കാരണം ഈ ലേഖനം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും.

എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ കാലാവധി?

സാധാരണ ഗതിയിൽ 10 കൊല്ലം 15 കൊല്ലം 20 കൊല്ലം 25 കൊല്ലം അല്ലെങ്കിൽ 30 കൊല്ലം എന്നിങ്ങനെയൊക്കെയാണ് പോളിസിയുടെ കാലാവധി.

എത്രയാണ് ക്യാഷ് ബാക്ക് ലൈഫ്ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഇത് പോളിസി എടുക്കുന്ന തുകക്ക് അനുസരിച്ച് മാറും. എൻ്റെ 10 ലക്ഷം രൂപയുടെ പോളിസിക്ക് വന്ന അടവ് ഒരു മാസം 4,538 രൂപയാണ്.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

ക്യാഷ് ബാക്ക് പോളിസിയുടെ പ്രീമിയം കൃത്യമായി അടയ്ക്കണമെന്ന്  നിർബന്ധമാണ്. ഇല്ലെങ്കിൽ പിഴ ഉണ്ട്. സാധാരണ ഗതിയിൽ മാസാമാസം ആണ് അടയ്ക്കുന്നത്. വർഷത്തിൽ ഒരു തവണയായി വേണമെങ്കിൽ അടയ്ക്കാം.

ഈ പോളിസികൾ തുടങ്ങാൻ ഭയങ്കര എളുപ്പമാണെങ്കിലും നിർത്താൻ ഭയങ്കര പ്രയാസമാണ്. വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. ജീവൻ ആനന്ദ് പോളിസി മൂന്നു കൊല്ലത്തിനു ശേഷം നിർത്തുകയാണെങ്കിൽ അടച്ച തുകയുടെ 30% മാത്രമേ കമ്പനി തിരിച്ചു തരികയുള്ളൂ. ഇതിന് പോളിസി സറണ്ടർ(surrender) ചെയ്യുക എന്നാണ് പറയുന്നത്. തിരിച്ചു കിട്ടുന്ന തുകക്ക് സറണ്ടർ വാല്യു(surrender value) എന്നും.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

ഈ പോളിസിയിൽ അടയ്ക്കാവുന്ന തുക പോളിസി കമ്പനി നിശ്ചയിക്കുന്നത് പോലെയാണ്. ഇതിൽ മാറ്റമൊന്നും വരുത്താൻ പറ്റില്ല.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ തുടങ്ങും?

ഇൻറർനെറ്റിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ ഏജൻറ്റ്മാരുടെ അടുത്തു നിന്നു ഇത് വാങ്ങാം.

ആർക്കാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  വാങ്ങാൻ കഴിയുക?

സാധാരണ ഗതിയിൽ 60 വയസ്സിന് താഴെയുള്ള ആർക്കു വേണമെങ്കിലും ഈ പോളിസി വാങ്ങാവുന്നതാണ്.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

പോളിസികളുടെ വരുമാനം കൃത്യമായി കണക്കു കൂട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും നാല് അഞ്ച് ശതമാനത്തിൽ കൂടുതൽ ഈ പോളിസികളിൽ നിന്ന് വരുമാനം കിട്ടാൻ ബുദ്ധിമുട്ടാണ്.

പല തരം ക്യാഷ് ബാക്ക് പോളിസികൾ ഉള്ളതു കൊണ്ട് എല്ലാ പോളിസികളുടേയും വരുമാനം ഒരേ പോലെ കണക്കു കൂട്ടാൻ പറ്റില്ല. അതു കൊണ്ട് പത്തു കൊല്ലം മുൻപ് ഞാൻ വാങ്ങിയ ജീവൻ ആനന്ദ് വിത്ത് ആക്സിഡന്റ് പ്രൊട്ടക്ഷൻ (Jeevan Anand with Accident Protection Rider) പോളിസി ഉദാഹരണമായി എടുത്ത് താഴെ വിശദീകരിക്കാം.

10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയാണ് ഞാൻ എടുത്തത്. 20 കൊല്ലത്തേക്ക് ആണ് പോളിസി കാലാവധി. പോളിസി കാലാവധി കഴിയുമ്പോൾ 10 ലക്ഷം രൂപ എനിക്ക് ഉറപ്പായി തിരിച്ചു കിട്ടും. പോളിസി കാലാവധിയുടെ ഇടയ്ക്ക് എനിക്ക് മരണം സംഭവിച്ചാൽ എൻ്റെ നോമിനിക്ക് 10 ലക്ഷം രൂപ കിട്ടും. ഞാൻ ആക്സിഡൻറ് ബെനിഫിറ്റ് എടുത്തതു കൊണ്ട് അപകടത്തിൽ ആണ് മരണം സംഭവിച്ചതെങ്കിൽ 5 ലക്ഷം രൂപ കൂടുതൽ കിട്ടും.

പോളിസി കാലാവധി മുഴുവൻ ഞാൻ തെറ്റാതെ കൃത്യമായി പ്രീമിയം അടച്ചാൽ പോളിസി തീർന്നതിനു ശേഷവും എനിക്ക് 10 ലക്ഷത്തിൻ്റെ ഇൻഷുറൻസ് സുരക്ഷ ഉണ്ടാകും. എന്നു വെച്ചാൽ ഞാൻ മരിക്കുമ്പോൾ എൻ്റെ നോമിനിക്ക് പത്തു ലക്ഷം രൂപ കിട്ടും.

ഒരു മാസം അടവ് 4,538 രൂപ. ഈ തുക ഞാൻ 20 കൊല്ലവും അടക്കണം. 20 കൊല്ലം കൊണ്ട് ഞാൻ അടയ്ക്കുന്ന തുക അപ്പോൾ 10,89,120 രൂപ. തിരിച്ചു കിട്ടും എന്ന് ഇറപ്പുള്ളതു (Sum Assured) 10 ലക്ഷം രൂപ. അപ്പോൾ, ഉണ്ടാവുന്ന ലാഭം ബോണസ് തുകയെ ആശ്രയിച്ചിരിക്കും.

ഈ പോളിസിക്ക് സാധാരണ രീതിയിൽ 4% ഒക്കെയാണ് എൽഐസി ബോണസ് പ്രഖ്യാപിക്കുന്നത്. അവസാന കൊല്ലം ഫൈനൽ (final) ബോണസായി 1 ലക്ഷം രൂപ കൂടി അധികം കിട്ടി എന്ന് വിചാരിക്കുക. എങ്കിൽ 20 കൊല്ലം കഴിയുമ്പോൾ ലഭിക്കുന്ന തുക ഏകദേശം 17 ലക്ഷം രൂപയോളം ഉണ്ടാകും.

10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് (Term Insurance) 20 വർഷത്തേക്ക് വാങ്ങുകയാണെങ്കിൽ മിക്കവാറും 20,000 രൂപ (ഒരു വർഷം ഏകദേശം 1000 രൂപ) മാത്രമേ ആവുകയുള്ളു.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായ പിപിഎഫിൽ(PPF) 20 കൊല്ലം മാസാമാസം 4538 രൂപ നിക്ഷേപിച്ചു എന്നു വയ്ക്കുക. വെറും 5% പലിശ കിട്ടിയുള്ളൂ എന്നും വിചാരിക്കുക. എങ്കിൽ പോലും 20 കൊല്ലം കഴിയുമ്പോൾ ഏകദേശം 18 ലക്ഷം രൂപ നികുതിയില്ലാതെ കിട്ടും. ഇപ്പോഴത്തെ പലിശ നിരക്കായ 7% പലിശ കിട്ടിയാൽ തുക 22 ലക്ഷം ആയേനെ.

നമ്മൾ കുറച്ചു കൂടി റിസ്ക് എടുത്ത് മ്യൂച്ചൽ ഫണ്ടിൽ മറ്റോ ആണ് നിക്ഷേപിച്ചത് എന്ന് വിചാരിക്കുക. ഒരു 10% നിരക്കിൽ റിട്ടേൺ 20 കൊല്ലം കിട്ടിയിരുന്നെങ്കിൽ തുക 31 ലക്ഷത്തിനു മുകളിലാണ്. അപ്പോൾ ചോദിക്കാം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ റിട്ടേൺസ് ഉറപ്പു പറയാൻ പറ്റില്ലല്ലോ എന്ന്. അതേ പോലെ തന്നെ ഉറപ്പു പറയാൻ പറ്റാത്ത കാര്യമാണ് ഇൻഷുറൻസ് കമ്പനി 20 കൊല്ലം കഴിഞ്ഞ് ലാഭത്തിലാകുമോ എന്നുള്ളത്.

നികുതി കണക്കാക്കിയതിന് ശേഷം:

സാധാരണഗതിയിൽ പോളിസി കാലാവധി കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക്  നികുതി കൊടുക്കേണ്ടി വരില്ല. ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഒരു വർഷം അടയ്ക്കുന്ന മൊത്തം പ്രീമിയം, പോളിസി തുകയുടെ 20 ശതമാനത്തിൽ താഴെ ആയിരിക്കണം എന്നൊക്കെ ഇതിന് നിബന്ധനയുണ്ട്.

പൊതുവേ എല്ലാ പോളിസികളും ഈ നിബന്ധനക്ക് താഴെയേ വരാറുള്ളൂ . അതുകൊണ്ട് കിട്ടുന്ന വരുമാനത്തിനു  നികുതി കൊടുക്കേണ്ട എന്ന് വിശ്വസിക്കാം.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

ഈ നിക്ഷേപത്തിന് ഫീസ് എന്ന് പറഞ്ഞ് വേറെ തുക നമ്മുടെ അടുത്തു നിന്ന് വാങ്ങുന്നില്ല. പക്ഷേ സത്യത്തിൽ വളരെ ഉയർന്ന ഫീസ് ആണ് ഈ പദ്ധതിക്ക് നമ്മൾ കൊടുക്കുന്നത്. കാരണം നിക്ഷേപിക്കുന്ന തുകയുടെ പുറമെ വെറും 4% അല്ലെങ്കിൽ  5% മാത്രമേ നമുക്ക് വരുമാനം കിട്ടുന്നുള്ളൂ. ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുക്കുന്ന തുകയുടെ നല്ലൊരു ശതമാനം ഓഹരി വിപണിയിൽ അല്ലെങ്കിൽ ഉയർന്ന വരുമാനം കിട്ടുന്ന മറ്റു മാർഗ്ഗങ്ങളിൽ സാധാരണ രീതിയിൽ നിക്ഷേപിക്കും. കമ്പനിക്ക് 15 ശതമാനവും 10 ശതമാനവും വളർച്ച കിട്ടുമ്പോഴാണ് അവർ നമുക്ക് 4 ശതമാനവും 5 ശതമാനവും ബോണസ് തരുന്നത്.

മറ്റു നേട്ടങ്ങൾ

പോളിസിയിൽ അടയ്ക്കുന്ന പ്രീമിയം തുകക്ക് നികുതി ഇളവ് ലഭിക്കും. ഇതല്ലാതെ എടുത്തു പറയത്തക്ക ഒരു നേട്ടവും ക്യാഷ് ബാക്ക് പോളിസികൾക്കു ഇല്ല.

നികുതി കുറയ്ക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് വാങ്ങരുത്. ഇൻഷുറൻസ് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക. വാങ്ങുമ്പോൾ ടേം(Term) ഇൻഷുറൻസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി  നിക്ഷേപം വേണമോ ??

ഒരിക്കലും വാങ്ങരുത്താത ഒന്നാണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി. അഥവാ എന്നെ പോലെ തലയിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ മൂന്ന് രീതിയിൽ കൈകാര്യം ചെയ്യാം.

  1. 3 വർഷം പോളിസി പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്തു കിട്ടുന്ന തുക പുറത്തേക്ക് എടുക്കാം. നല്ല നഷ്ടം സംഭവിക്കുമെങ്കിലും ഒരു പാമ്പ് കഴുത്തിൽ നിന്ന് ഒഴിഞ്ഞു പോയി എന്ന് വിചാരിച്ചാൽ മതി.
  2. 3 കൊല്ലം അടച്ചിട്ടുണ്ടെങ്കിൽ അടവ് നിർത്തി പോളിസി പെയ്ഡ് അപ്പ് (paid up) ആക്കാം. ഇങ്ങനെ ചെയ്താൽ പോളിസി കാലാവധി കഴിഞ്ഞ് നമ്മൾ അടച്ച തുകയ്ക്ക് അനുസരിച്ചുള്ള തുക നമുക്ക് കിട്ടും. പക്ഷെ ബോണസ് ഒന്നും കിട്ടുമെന്ന് ഉറപ്പില്ല.
  3. ഇനി മൂന്നു കൊല്ലം അടച്ചിട്ടില്ല എങ്കിൽ, തെറ്റ് പറ്റിപ്പോയി എന്ന് മനസ്സിലാക്കി, പോയ കാശ് പോട്ടെ എന്നു വിചാരിച്ച് ഇതിൽ നിന്ന് ഊരി പോരുന്നതാണ് നല്ലത്.

കുറിപ്പ്: ഞാൻ വാങ്ങിയ ജീവൻ ആനന്ദ് പോളിസി ഇപ്പോൾ പെയ്ഡ് അപ്പ് (paid up) ആക്കി അടവ് നിർത്തി വച്ചിരിക്കുകയാണ്.








അടുത്ത ലേഖനം: യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ് (ULIP)

Leave a Reply

Your email address will not be published. Required fields are marked *