ഏറ്റവും കൂടുതൽ വളർച്ച സാധ്യത ഉള്ള നിക്ഷേപ മാർഗ്ഗം ആണ് ഓഹരികൾ. പക്ഷേ ഒറ്റപ്പെട്ട കമ്പനികളുടെ ഓഹരി വാങ്ങുന്നത് വളരെ അധികം നഷ്ട സാധ്യത ഉള്ളതാണ്. കാരണം ഒരു കമ്പനിയുടെ ഓഹരി വില ആ കമ്പനിയുടെ മൂല്യത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു സാധാരണക്കാരന് ബുദ്ധിമുട്ടാണ്. അത് പോലെ എത്ര വലിയ കമ്പനി ആയാലും പെട്ടെന്ന് വിലയിടിയാൻ സാധ്യത ഉണ്ട്. നമ്മൾക്ക് പ്രതീക്ഷിക്കാൻ പറ്റാത്ത പല കാരണങ്ങളും ഉണ്ടാകും. ചിലതു താഴെ കൊടുക്കുന്നു.
- കമ്പനിയുടെ ഒരു ഫാക്ടറിയിൽ തീപിടുത്തം ഉണ്ടാകുന്നു.
- കമ്പനിയുടെ സിഇഒ (CEO) ഒരു അഴിമതി ആരോപണത്തിൽ പെടുന്നു.
- കമ്പനി അസംസ്കൃത വസ്തുക്കൾ വാങ്ങുന്ന രാജ്യത്തു യുദ്ധം തുടങ്ങുന്നു.
- കമ്പനി വാർഷിക റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണ് എന്ന് വാർത്ത വരുന്നു.
ഇങ്ങനെ എന്തും ആ കമ്പനിയെ താഴെ കൊണ്ട് വരാം. ഓഹരിയിൽ നേരിട്ട് നിക്ഷേപിച്ചാൽ ഇതു പോലെ ഉള്ള എല്ലാ വാർത്തകളും എപ്പോഴും ശ്രദ്ധിക്കണം. അതുപോലെ കമ്പനികളുടെ വാർഷിക റിപ്പോർട്ട് വായിച്ചു മനസ്സിലാക്കാൻ ഉള്ള കഴിവ് വേണം. പിന്നെ കമ്പനി നേതൃത്വം കഴിവുള്ളവർ ആണോ എന്നും അവർ എന്താണ് ലക്ഷ്യം വെയ്ക്കുന്നത് എന്നും എല്ലാം ശ്രദ്ധിക്കണം.
ഇതെല്ലാം തുടർച്ച ആയി ചെയ്യുകയും വേണം. എല്ലാവർക്കും ഇതു പറ്റില്ലല്ലോ. അതുകൊണ്ടു ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നത് ഒഴിവാക്കണം. പകരം മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപം നടത്തുക
ഇനി ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഒരു ചെറിയ തുക (Ex: ₹ 10,000) ഇട്ടു മൂന്നോ നാലോ വർഷം പഠിച്ചതിനും വാർത്തകൾ പിന്തുടർന്നതിനും ശേഷം മാത്രം വലിയ തുകയിലേക്ക് മാറുക.
മുന്നറിയിപ്പ്: ഓഹരി വിപണി നിക്ഷേപം അപകടസാധ്യതയ്ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനിയുടെ വിവരങ്ങളും അനുബന്ധ രേഖകളും വായിക്കുക. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: ഓഹരി വിപണിയിലെ നിക്ഷേപകരും ചൂതാട്ടക്കാരും