- നിങ്ങൾക്ക് ആവശ്യമായ തുകയുടെ ഇൻഷുറൻസ് കവറേജ് നിങ്ങൾ എടുത്തിട്ടുണ്ടോ എന്നാണ് ആദ്യം കണക്കുകൂട്ടേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി എത്ര തുകയുടെ ഇൻഷുറൻസ് കവറേജ് വേണം എന്ന ലേഖനം വായിക്കുക. എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം
- പോളിസി നിർത്തുവാൻ എളുപ്പമാണോ എന്നുള്ളത് ശ്രദ്ധിക്കണം. ചിലപ്പോൾ നമുക്ക് ലൈഫ് ഇൻഷുറൻസ് ആവശ്യമില്ലാത്ത സാഹചര്യം വരും. ഉദാഹരണത്തിന്, കുട്ടികൾക്ക് ജോലി കിട്ടി നിങ്ങളുടെ സഹായം ആവശ്യമില്ലാത്ത സമയം വരുമ്പോൾ അവർക്കു വേണ്ടി എടുത്ത ഇൻഷുറൻസ് നിർത്താം. അന്ന് പോളിസി നിർത്തിയാൽ നമ്മൾക്ക് നഷ്ടം വരരുത്. ടേം ഇൻഷുറൻസ് പോളിസിയാണ് വാങ്ങുന്നതെങ്കിൽ ഇത് ഒരു പ്രശ്നമല്ല.
- എല്ലാ കൊല്ലവും പ്രീമിയം കൂടുമോ അതോ തുടങ്ങുന്ന പ്രീമിയം തന്നെ തുടർന്നു പോവുമോ എന്നുള്ളത് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.
- ഇൻഷുറൻസ് കമ്പനി നോമിനിക്ക് പണം കൊടുക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്നുള്ള കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. ഇതിന് ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ(claim settlement ratio) എന്നാണ് പറയുന്നത്. ഇൻറർനെറ്റിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഒരാളുടെ മരണശേഷം അയാളുടെ ഇൻഷുറൻസ് തുക അയാളുടെ നോമിനിക്ക് കിട്ടുവാൻ വേണ്ടി കൊടുക്കുന്ന അപേക്ഷക്കാണ് ക്ലെയിം(claim) എന്നു പറയുന്നത്. ഒരു കമ്പനിയും 100% ക്ലെയിംസ് സെറ്റിൽ ചെയ്യില്ല, കാരണം കമ്പനിയെ പറ്റിക്കാൻ ശ്രമിക്കുന്നവർ എപ്പോഴുമുണ്ടാകും. അതുകൊണ്ട് ഒരു 90% അല്ലെങ്കിൽ 95% മുകളിൽ ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ഉള്ള കമ്പനികളിൽ നിന്ന് ഇൻഷുറൻസ് വാങ്ങുന്നതാണ് നല്ലത്.
- പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഒരു പ്രീമിയം മുടങ്ങിയാൽ പിഴ എത്ര രൂപ വരും എന്നതാണ്. എത്ര കാലത്തിനുള്ളിൽ പിഴ ഉൾപ്പെടെ പ്രീമിയം അടച്ചാൽ ആണ് ആ പോളിസി നിന്ന് പോകാതെ തുടരാൻ സാധിക്കുക എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.
- നമുക്ക് ഇൻഷുറൻസ് ഉള്ള കാര്യം നമ്മുടെ നോമിനിയും വേണ്ടപ്പെട്ടവരും എല്ലാം അറിഞ്ഞിരിക്കണം. നമ്മുടെ മരണശേഷം നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരം ഉണ്ടാവാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ അവർക്ക് അതിനെക്കുറിച്ച് അറിയില്ലെങ്കിൽ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാകും. കോടിക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനികളുടെ അടുത്ത് ആരും ക്ലെയിം ചെയ്യാതെ കിടക്കുന്നത്. ആ തുകയുടെ കൂടെ നിങ്ങളുടെ ഇൻഷുറൻസ് തുകയും കൂടി ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- പ്രത്യേകം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ഇൻഷുറൻസ് കമ്പനിയുടെ അടുത്തു നുണ പറയരുത് എന്നുള്ളതാണ്. നിങ്ങൾക്ക് പ്രമേഹമോ ബ്ലഡ് പ്രഷറോ പോലെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയം കുറച്ചു കൂടും. അല്ലെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഇൻഷുറൻസ് തരാൻ പറ്റില്ല എന്നു പറയും. സിഗരറ്റ് വലി എല്ലാ ഇൻഷുറൻസ് കമ്പനികളും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ശീലമാണ്. സിഗരറ്റു വലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം പൊതുവേ വളരെ കൂടുതലായിരിക്കും. എന്നു വെച്ച് കമ്പനിയുടെ അടുത്തു നിന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ മറച്ചു വെക്കരുത്. മറച്ചു വെച്ചാൽ നിങ്ങളുടെ മരണശേഷം നോമിനിക്ക് ചിലപ്പോൾ ഇൻഷുറൻസ് തുക കിട്ടാതെ വരും. കാരണം കമ്പനിയുടെ അടുത്തു നുണ പറഞ്ഞിട്ടുണ്ടെങ്കിൽ കമ്പനിക്ക് പിന്നെ പോളിസി ക്ലെയിം (claim ) കൊടുക്കേണ്ട കാര്യമില്ല.
അടുത്ത ലേഖനം: ഒരു ULIP വാങ്ങിയ കഥ