“ഒഴിവാക്കേണ്ട കാര്യങ്ങൾ”
ബ്ളെയ്ഡ് പലിശക്ക് കാശ് എടുക്കരുതെന്ന് എല്ലാവർക്കും അറിയാം.
ഒരിക്കൽ എൻ്റെ അച്ചാച്ചന് ഒരു ആവശ്യത്തിന് ₹900 രൂപ വേണ്ടി വന്നു. പുള്ളി ഒരു ലോക്കൽ ബ്ളെയ്ഡ് പലിശക്കാരൻ്റെ അടുത്ത് നിന്നാണ് വാങ്ങിയത്. ഇവയാണ് വ്യവസ്ഥകൾ. ₹900 വേണമെങ്കിൽ ₹1000 എടുക്കണം. 10 ദിവസത്തിനുള്ളിൽ അടച്ചു തീർക്കണം. ഓരോ ദിവസവും ₹100 വച്ച്. ആദ്യത്തെ അടവ് ₹100 പിടിച്ചിട്ടേ ബാക്കി ₹900 തരൂ. അപ്പോൾ 10 ദിവസത്തിന് ₹1000 ത്തിനു ₹100 പലിശ. ഒരു ദിവസത്തിന് ₹10 . ഒരു കൊല്ലത്തിൽ ₹3650 പലിശ (365 ദിവസം എടുത്താൽ). അപ്പോൾ പലിശ നിരക്ക് 365%.
ബാങ്കിൽ നിന്ന് ലോൺ എടുത്താൽ, കൂടി പോയാൽ 20% മാത്രം പലിശ ഉള്ളപ്പോഴാണ് ഇത്.
പണ്ട് വീട്ടിൽ മീൻ വിൽക്കാൻ വരുന്ന ചേട്ടൻ പറഞ്ഞത് രാവിലെ ചന്തയിൽ നിന്ന് 1000 രൂപയുടെ മീൻ വാങ്ങിയാൽ വൈകിട്ട് 1100 രൂപ കൊടുക്കണം. ശരിയാണോ എന്ന് അറിയില്ല. ശരിയാണെങ്കിൽ ഒരു ദിവസം 1000ത്തിന് 100 രൂപ പലിശ.ഈ പലിശ അപ്പോൾ വാർഷിക നിരക്ക് അവിശ്വസനീയമായ 3650 % ആണ്.
അവസാന മാർഗ്ഗം ആയി പോലും ബ്ളെയ്ഡ് പലിശക്ക് പണം എടുക്കരുത്. എടുത്താൽ മിക്കവാറും അത് അവസാനത്തെ എടുപ്പായി പോകും.
എന്നാൽ പിന്നെ നമുക്ക് ഈ പലിശക്ക് പണം കൊടുക്കുന്ന പരിപാടി തുടങ്ങിയാൽ എന്താണെന്നു ചിലപ്പോൾ തോന്നാം. പാവങ്ങളെ ചൂഷണം ചെയ്യുന്നു എന്ന ധാർമികമായ വശത്തെ അവഗണിച്ചാൽ പോലും ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ്. ഈ ഉയർന്ന പലിശ നിരക്കിന് ഉള്ള പ്രധാന കാരണം പണം തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ് എന്നതാണ്. പണം വാങ്ങുന്ന പലരും തിരിച്ചു തരാൻ സാധിക്കാത്തവർ ആണ്. അതുകൊണ്ടു കുറച്ചു ഗുണ്ടയിസവും മറ്റും ഉള്ളവർക്കേ ഈ പണി പറ്റൂ.
അടുത്ത ലേഖനം: പാർട്ണർഷിപ്പോ പ്രോപ്രിയേറ്റർഷിപ്പോ ആയി ബിസിനസ്സ് തുടങ്ങുന്നത്
Yes