സാമ്പത്തിക വിഷയങ്ങളിൽ താല്പര്യമുള്ളവർ കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പേരാണ് ബിറ്റ് കോയിൻ (Bit Coin). July 4th, 2020’ൽ ഒരു ബിറ്റ് കോയിൻ്റെ വില 6,80,703 രൂപയാണ്. 10 ലക്ഷത്തിന് തൊട്ടു താഴെ വരെ ഇതിനു വില വന്നിട്ടുണ്ട്. ബിറ്റ് കോയിൻ വഴി കുറെപ്പേർ കോടികളും ലക്ഷങ്ങളും ഉണ്ടാക്കിയ കഥകളും വില കൂടി നിൽക്കുന്ന സമയത്ത് എല്ലാം വിറ്റ് ബിറ്റ് കോയിൻ വാങ്ങി മുടിഞ്ഞു പോയ കഥകളും ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. ബിറ്റ് കോയിൻ എന്താണെന്നും അതിൽ നിക്ഷേപ്പിക്കണോ വേണ്ടയോ എന്നും വിശദീകരിക്കാൻ ഉള്ള ഒരു ശ്രമം ആണ് ഇത്.
മ്യൂച്ചൽ ഫണ്ടോ ഗവൺമെൻറ് ബോണ്ട് പോലെയോ ഉള്ള ഒരു നിക്ഷേപമാർഗം അല്ല ബിറ്റ് കോയിൻ. ഇന്ത്യൻ രൂപ, അമേരിക്കൻ ഡോളർ, സൗദി റിയാൽ അല്ലെങ്കിൽ യൂറോ പോലെ മറ്റു സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന ഒരു കറൻസി(currency) ആണ് ബിറ്റ് കോയിൻ. ആദ്യം മനസ്സിലാക്കാനുള്ള കാര്യം ബിറ്റ് കോയിൻ ഒരു ക്രിപ്റ്റോ കറൻസി(crypto currency) ആണ് എന്നുള്ളതാണ്.
ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ത്യൻ ഗവൺമെൻറ് തരുന്ന വാഗ്ദാനം ആണ്. അതേ പോലെ തന്നെ അമേരിക്കൻ ഡോളറിൻ്റെ മൂല്യം അമേരിക്കൻ ഗവൺമെൻറ് ഉറപ്പു തരുന്നു. എന്നു വെച്ചാൽ അതാത് രാജ്യത്തിൻ്റെ ഗവൺമെൻറ് നിലവിൽ ഉള്ളടത്തോളം കാലം ആ രൂപയുടെ മൂല്യം നിലനിർത്താൻ ഗവൺമെൻറ് ശ്രമിക്കും. എന്നാൽ ഇതിൻ്റെ ഒരു മോശം വശം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഗവൺമെൻറ് തീരുമാനിക്കുന്നത് ആയിരിക്കും പണത്തിൻ്റെ മൂല്യം. അപ്പോൾ ഗവൺമെൻറ് നല്ലതല്ലെങ്കിൽ കറൻസിയുടെ മൂല്യം കുറയും. ഉദാഹരണത്തിന് വെനിസ്വേലയുടെയും സിംബാബ്വെയുടെയും കറൻസികൾക്ക് ഇപ്പോൾ തീരെ മൂല്യം ഇല്ല. പിന്നെ ഒരു ഗവൺമെൻറ് പുറത്തിറക്കുന്ന കറൻസി ഗവൺമെന്റിൻ്റെ പരിധിയിൽ ആയിരിക്കും. എന്നു വെച്ചാൽ ഒരു ഇടപാട് നിർത്തുവാൻ അല്ലെങ്കിൽ ആര് ആർക്ക് എത്ര കൊടുത്തു എന്ന് കണ്ടു പിടിക്കാൻ സർക്കാർ സ്ഥാപങ്ങൾക്കു പൊതുവേ സാധിക്കും. എത്ര രൂപ രാജ്യത്തിൽ ഇറക്കണമെന്നും ആരുടെ അക്കൗണ്ടിൽ എത്ര പണം ഉണ്ടെന്നും എല്ലാം ബാങ്കുകൾ വഴി ഗവൺമെൻറ് നിയന്ത്രിക്കും.
ഇതിനു ബദലായി ഒരു കേന്ദ്ര ശക്തിയുടെയും അടിയിൽ വരാത്ത ഒരു കറൻസിയായി തുടങ്ങിയ ഒന്നാണ് ബിറ്റ് കോയിൻ. പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരാൾ 2009’ൽ സതോഷി നാകമോട്ടോ എന്ന അപരനാമത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ച് ആണ് ബിറ്റ് കോയിൻ തുടങ്ങിയത്. 14 വർഷമായി കമ്പ്യൂട്ടർ മേഖലയിൽ ജോലി ചെയ്യുന്ന എനിക്കു പോലും ഇതിൻ്റെ പ്രവർത്തനരീതികൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും എനിക്ക് അറിയാവുന്ന രീതിയിൽ താഴെ വിശദീകരിക്കാം.
കമ്പ്യൂട്ടർ പ്രോഗ്രാമിലും കണക്കിലും അധിഷ്ഠിതമായ ചില നിയമങ്ങൾ വഴി ആണ് ബിറ്റ് കോയിൻ പൊതുജനത്തിന് വിതരണം ചെയ്യപ്പെടുന്നത്. ഒരു അക്കൗണ്ടിൽ എത്ര ബിറ്റ് കോയിൻ ഉണ്ട് എന്നുള്ളത് അല്ലെങ്കിൽ ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് എത്ര ബിറ്റ് കോയിൻ കൈമാറി എന്നുള്ള രേഖ മറ്റ് കറൻസികളിലെ പോലെ ഒരു ബാങ്കിൽ സൂക്ഷിക്കുന്നതിനു പകരം ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ ഉള്ള എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ സമയം ഒരേ പോലെ സൂക്ഷിക്കും. ഈ രേഖകളുടെ കൃത്യത ഉറപ്പാക്കുവാനും അവ സൂക്ഷിക്കുവാനുള്ള ഫോർമാറ്റിൽ എത്തിക്കുവാനും ഒരുപാട് കമ്പ്യൂട്ടിംഗ് പവർ(computing power) ആവശ്യമാണ്. അതു കൊണ്ട് ഈ കമ്പ്യൂട്ടിംഗ് പവർ കൊടുക്കുവാൻ തയ്യാറായിട്ടുള്ള ആൾക്കാർക്ക് പ്രതിഫലം ആയിട്ടാണ് ബിറ്റ് കോയിൻ വിതരണം ചെയ്യപ്പെടുന്നത്. എന്നു വെച്ച് ഒരു കമ്പ്യൂട്ടർ ബിറ്റ് കോയിൻ നെറ്റ് വർക്കിൽ ചേർത്താൽ ഉടനെ ബിറ്റ് കോയിൻ ലഭിക്കില്ല. അങ്ങനെ ചെയ്താൽ കറൻസിയുടെ വില പെട്ടെന്ന് ഇടിയും. അതു കൊണ്ട് വളരെ സങ്കീർണമായ ചില കണക്കുകൾക്ക് ഉത്തരം കണ്ടു പിടിച്ചാൽ മാത്രമേ ബിറ്റ് കോയിൻ ലഭിക്കുകയുള്ളൂ. ഇതിനു നല്ല വിലയുള്ള കമ്പ്യൂട്ടർ വേണം. ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ ഉള്ള കമ്പ്യൂട്ടറുകളുടെ എണ്ണം കൂടുമ്പോൾ കണക്കുകളുടെ സങ്കീർണതയും കൂടും. അപ്പോൾ അവ ചെയ്യുവാൻ കഴിവുള്ള കമ്പ്യൂട്ടറുകളുടെ എണ്ണവും കുറയും. അങ്ങനെ ഒറ്റയടിക്ക് ഒരുപാട് ബിറ്റ് കോയിൻ മാർക്കറ്റിൽ വരാതിരിക്കുവാനുള്ള ഒരു മാർഗ്ഗം ആയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ബിറ്റ് കോയിൻ അക്കൗണ്ടിൽ എത്ര ഉണ്ട് എന്നുള്ളത് എല്ലാവർക്കും കാണാൻ പറ്റുമെങ്കിലും അക്കൗണ്ട് ആരുടെ ആണെന്നോ ആരാണ് പൈസ കൈമാറിയതെന്നോ ഇടപാടുകാർ അല്ലാത്ത ആർക്കും മനസ്സിലാകില്ല.
നിയന്ത്രിക്കാനും പരിശോധിക്കാനും ബാങ്കുകൾ ഒന്നുമില്ലാത്ത ബിറ്റ് കോയിൻ എങ്ങനെ വിശ്വാസയോഗ്യം ആകും എന്ന ഒരു സംശയം തോന്നാം. ഇവിടെ ആണ് ബിറ്റ് കോയിൻ്റെ അടിയിൽ പ്രവൃത്തിക്കുന്ന ബ്ലോക്ക് ചെയിൻ (Block Chain) എന്ന സാങ്കേതിക വിദ്യ പ്രസക്തമാകുന്നത്. ബിറ്റ് കോയിൻ സംബന്ധിച്ച എല്ലാ രേഖകളും ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ ഉള്ള എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ സമയം സൂക്ഷിക്കുമെന്നു പറഞ്ഞല്ലോ. അത് കൊണ്ട് ഒരു രേഖ തിരുത്തണമെങ്കിൽ എല്ലാ കമ്പ്യൂട്ടറുകളിലും തിരുത്തണം. അല്ലെങ്കിൽ കള്ളത്തരം പിടിക്കപ്പെടും. ലക്ഷകണക്കിന് കംപ്യൂട്ടറുകൾ ഉള്ള നെറ്റ്‌വർക്കിൽ ഇത് സാധ്യമല്ല. എന്നാൽ ഒരു ബാങ്കിൻ്റെ കമ്പ്യൂട്ടറിൽ പ്രവേശനം കിട്ടിയാൽ അക്കൗണ്ടുകളിൽ തിരിമറി നടത്താൻ സാധിക്കും. ബിറ്റ് കോയിനിൽ കള്ള കണക്കെഴുതാൻ ബുദ്ധിമുട്ടാണ്. മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതു ബിറ്റ് കോയിൻ്റെ ഒരു ഗുണമാണ്.
വെറുമൊരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയും കുറച്ച് സങ്കീർണമായ കണക്കുകളുടെയും അടിസ്ഥാനത്തിൽ ഉണ്ടായ ഒരു സാങ്കല്പിക കറൻസിക്ക് എങ്ങനെ ഇത്ര മൂല്യം വന്നു എന്ന് നിങ്ങൾക്ക് സംശയിക്കാം. ഒരു കറൻസിയുടെ മൂല്യം, അതിനു മൂല്യമുണ്ട് എന്ന് എത്ര പേർ വിശ്വസിക്കുന്നു എന്നുള്ളതാണ്. യുഎസ് (US) ഗവൺമെൻറിൻ്റെ മേലുള്ള വിശ്വാസ്യതയാണ് അമേരിക്കൻ ഡോളറിന് ലോകമെങ്ങുമുള്ള സ്വീകാര്യതക്കു കാരണം. അതേ പോലെ തന്നെ കുറെയധികം പേർ ബിറ്റ് കോയിനിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇതിന് ഇത്ര വില വരാൻ കാരണം. എന്നാൽ അമേരിക്കൻ ഗവൺമെൻറിൻ്റെ പോലെ കോടാനു കോടികളുടെ ആസ്തിയോ അല്ലെങ്കിൽ ലോകം അതിശയിക്കുന്ന സൈനിക ശക്തിയോ ഒന്നും ബിറ്റ്കോയിൻ്റെ പുറകിൽ ഇല്ല. പണ്ട് നാട്ടിൽ പ്രസിദ്ധമായ മാഞ്ചിയം കൃഷിയും ആട് കൃഷിയും പോലെയാണ് എനിക്ക് ബിറ്റ് കോയിനെ കുറിച്ച് വായിക്കുമ്പോൾ തോന്നാറുള്ളത്. എന്ന് ആൾക്കാരുടെ വിശ്വാസം നിലക്കുന്നുവോ അന്ന് ഇതെല്ലാം ഇടിഞ്ഞു താഴെ വീഴും. ഇന്ത്യ ഗവണ്മെൻറ് പോലും ഇന്ത്യൻ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ വേണ്ടി യുഎസ് ഡോളറും യൂറോയും സ്വർണവും വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇവയൊന്നും ഇല്ലാത്ത ബിറ്റ് കോയിൻ ഇന്നും വളരെ വിലപിടിപ്പുള്ള ഒന്നായി നില നിൽക്കുന്നു.
ബിറ്റ് കോയിൻ വാങ്ങുവാനും വിൽക്കുവാനും അംഗീകൃത മാർഗ്ഗങ്ങൾ കുറവാണ്. ബിറ്റ് കോയിൻ എക്സ്ചേഞ്ച്(Bit Coin Exchange) എന്നറിയപ്പെടുന്ന കമ്പനികൾ മറ്റു കറൻസികൾ കൊടുത്തു ബിറ്റ് കോയിൻ വാങ്ങാനും ബിറ്റ് കോയിൻ വിറ്റു മറ്റ് കറൻസികൾ ആക്കാനും സഹായിക്കും. ചില വാണിജ്യ സ്ഥാപങ്ങളും ബിറ്റ് കോയിൻ ഒരു കറൻസി ആയ്യി സ്വീകരിക്കുന്നുണ്ട്. എന്ന് വച്ചാൽ ബിറ്റ് കോയിൻ കൊടുത്തു പലചരക്കു സാധങ്ങൾ വാങ്ങാൻ പറ്റുന്ന കടകൾ ലോകത്തിൽ പല ഇടത്തും ഇപ്പോൾ ഉണ്ട്.
ഗവൺമെൻറ് മേൽനോട്ടം ഇല്ലാത്തതു കൊണ്ടും ആരുടെ പേരിലാണ് അക്കൗണ്ട് എന്ന് പുറത്തുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ടും ബിറ്റ് കോയിൻ ഇപ്പോൾ നികുതി വെട്ടിപ്പ്ക്കാരുടെയും കള്ളപ്പണക്കാരുടെയും കുറ്റവാളികളുടെയും എല്ലാം പ്രിയപ്പെട്ട കറൻസിയായി മാറുന്നുണ്ട്. ഇതു കൊണ്ട് പല രാജ്യങ്ങളും ബിറ്റ് കോയിൻ ഇടപാടുകൾ മൊത്തത്തിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഗവൺമെൻറിന് വലിയ ഉറപ്പൊന്നുമില്ലാത്ത കലാപ മേഖലയായ രാജ്യങ്ങളിൽ ബിറ്റ് കോയിൻ ആൾക്കാർക്ക് ഉപകാരപ്പെടുന്നുണ്ട്. ഉറപ്പുള്ള ഗവൺമെൻറ് ഉള്ള ഇന്ത്യയിൽ താമസിക്കുന്നവർക്ക് ബിറ്റ്കോയിൻ്റെ ആവശ്യം വരാനുള്ള സാധ്യത വളരെ കുറവാണ്.
ബിറ്റ് കോയിൻ കിട്ടുവാൻ വേണ്ടി വലിയ കമ്പ്യൂട്ടിങ് പവർ വേണമെന്നു പറഞ്ഞല്ലോ. ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ലക്ഷകണക്കിന് കംപ്യൂട്ടറുകൾ ഉപയോഗിക്കുന്ന വൈദ്യുതി ഊർജം ചില ചെറിയ രാജ്യങ്ങളെക്കാൾ കൂടുതൽ ആണ്. ഇതും ബിറ്റ് കോയിൻ്റെ ഒരു ചീത്ത വശം ആണ്. പുതിയ കോയിൻ കിട്ടുവാൻ വേണ്ടി ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനെ ബിറ്റ് കോയിൻ മൈനിങ് (Bit Coin Mining) എന്നാണ് വിളിക്കുന്നത്.
ബിറ്റ് കോയിൻ്റെ പ്രവർത്തനരീതിയും അതിൻ്റെ പുറകിൽ ഉള്ള കണക്കുകളും എല്ലാം സതോഷി നാകമോട്ടോ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദമായി പറഞ്ഞത് കാരണം ബിറ്റ് കോയിൻ പോലെ ഒരുപാട് കറൻസികൾ പിന്നെയും ഇറങ്ങിയിട്ടുണ്ട്. ലൈറ്റ് കോയിൻ(Lite coin), ഇതെറം(Ethereum) എന്നിങ്ങനെ പലതും.
ഒരു നിക്ഷേപ പദ്ധതി ആയി ബിറ്റ് കോയിനെ കാണേണ്ടതുണ്ടോ എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ഞാൻ മുൻപുള്ള ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട് ഒരു നിക്ഷേപത്തിൻ്റെ വരുമാനം അതിൻ്റെ റിസ്കിനെ(risk) അഥവാ നഷ്ടം വരാനുള്ള സാധ്യതയെ അനുസരിച്ചിരിക്കും എന്ന്. നിക്ഷേപിച്ച തുക മുഴുവൻ നഷ്ടപ്പെടാനുള്ള സാധ്യത ബിറ്റ് കോയിനിൽ വളരെ കൂടുതലാണ്. അതു കൊണ്ടു തന്നെ നേട്ടത്തിനുള്ള സാധ്യതയും കുറച്ചു കൂടുതലാണ്. ആദ്യം നഷ്ടം വരാനുള്ള സാധ്യത നോക്കാം. ബിറ്റ് കോയിനിൽ ആളുകൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ മൂല്യം പൂജ്യമാണ്. ഒറ്റ രൂപ പോലും തിരിച്ചു കിട്ടില്ല.
എന്നാൽ ബിറ്റ് കോയിൻ എങ്ങാനും ലോക കറൻസിയായി മാറിയാൽ, എന്നു വച്ചാൽ ലോകത്തിൽ ആർക്കും എവിടേക്കും പണം കൈമാറാൻ ബിറ്റ് കോയിൻ ഉപയോഗിക്കാമെന്ന സാഹചര്യം വന്നാൽ, പ്രമുഖ ബാങ്കുകളിൽ ഇടപാടുകൾ നടത്താനും കടയിൽ സാധനം വാങ്ങാനും എല്ലാം ബിറ്റ് കോയിൻ മതി എന്ന സാഹചര്യം വന്നാൽ ഒരു ബിറ്റ് കോയിൻ്റെ വില കോടികളോളം വരും. കാരണം മാർക്കറ്റിൽ എത്ര ബിറ്റ് കോയിൻ ലഭ്യമാണ് എന്നുള്ളത് ഒരു കണക്കു പ്രകാരം മുൻപേ നിശ്ചയിക്കപ്പെട്ടതാണ്. നിലവിൽ 2.1 കോടി (210 ലക്ഷം) ബിറ്റ് കോയിൻ മാത്രമേ ബിറ്റ് കോയിൻ മൈനിങ് വഴി വിതരണം ചെയ്യുകയുള്ളൂ. ഏകദേശം 2140’ൽ ആയിരിക്കും അവസാനത്തെ ബിറ്റ് കോയിൻ വിതരണം ചെയ്യുന്നത്. അതു കൊണ്ട് ലോകത്തെ നിലവിലുള്ള മുഴുവൻ സാധനങ്ങളുടെയും വിലയും ബിറ്റ് കോയിൻ പ്രതിനിധാനം ചെയ്യണമെങ്കിൽ ബിറ്റ്കോയിൻ്റെ വില കൂടിയേ തീരൂ.
ഒരു കാര്യം കൂടി പറയട്ടെ ഒരു ബിറ്റ് കോയിൻ മുഴുവനായി വാങ്ങണം എന്ന് നിർബന്ധമൊന്നുമില്ല. 0.01, 0.2 പോലുള്ള ചെറിയ അളവുകളിൽ വാങ്ങാൻ പറ്റും. ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്ന പോലെ മാത്രമേ നിലവിൽ ബിറ്റ് കോയിൻ വാങ്ങുന്നത് കാണാവൂ. ഒരു നിക്ഷേപമാർഗം ആയി കണ്ടു നിങ്ങളുടെ സമ്പാദ്യത്തിൻ്റെ ഒരു നല്ല ശതമാനം ബിറ്റ് കോയിനിൽ നിക്ഷേപിക്കുക ആണെങ്കിൽ ചിലപ്പോൾ അതിഭീകരമായ നഷ്ടം സഹിക്കേണ്ടി വരും.