ഒരു പുതിയ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നഷ്ടസാധ്യതയും വരുമാനത്തിനുള്ള സാധ്യതയും

സാധാരണ ഗതിയിൽ നഷ്ടം വരാൻ സാധ്യത ഇല്ലാത്ത നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറവായിരിക്കും. ഉദാഹരണത്തിന് ബാങ്ക് ഡെപ്പോസിറ്റ്. എന്നാൽ നഷ്ടം വരാൻ സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും കൂടുതലായിരിക്കും. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും.

ഒരു നിക്ഷേപത്തിന് വേണ്ടി നമ്മൾ എടുക്കുന്ന റിസ്കിന്(risk) അനുസരിച്ചുള്ള വരുമാനം കിട്ടാനുള്ള സാധ്യത ഉണ്ടായിരിക്കണം. എന്നു വെച്ചാൽ നിക്ഷേപം പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അതിനു മാത്രം ഉണ്ടായിരിക്കണം. നിക്ഷേപം തുടങ്ങുന്നതിനു മുന്നേ ഈ നിക്ഷേപത്തിൽ എന്തു മാത്രം നഷ്ടം വരാൻ സാധ്യതയുണ്ട് എന്നുള്ളതും, ആ നഷ്ടം നമ്മൾ താങ്ങാൻ തയ്യാറുണ്ടോ എന്നും കൃത്യമായി ആലോചിച്ച് ഉറപ്പിക്കണം .

ലിക്വിഡിറ്റി (Liquidity) അല്ലെങ്കിൽ ദ്രവ്യത

നിക്ഷേപം എത്ര പെട്ടെന്ന് പിൻവലിക്കാം അല്ലെങ്കിൽ വിറ്റ് കാശാക്കി മാറ്റാം എന്നുള്ളതാണ് ലിക്വിഡിറ്റി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നിക്ഷേപം  ഇരുപത് കൊല്ലത്തെ ഒരു ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി ആണെങ്കിൽ കാലാവധി കഴിയുന്നതിനു മുന്നേ പിൻവലിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അടവ് തുടങ്ങി മൂന്നു കൊല്ലം ആയിട്ടില്ല എങ്കിൽ ചിലപ്പോൾ മുഴുവൻ കാശും പോയെന്നു വരാം. അതേ പോലെ തന്നെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും പെട്ടെന്ന് വിറ്റ് കാശാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ബാങ്ക് ഡെപ്പോസിറ്റ്കളും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളും പെട്ടെന്ന് പിൻവലിക്കാൻ സാധിക്കും. ബാങ്കിൽനിന്ന് ഫിക്സഡ് ഡിപ്പോസിറ്റ് പെട്ടെന്ന് പിൻവലിച്ചാൽ പലിശ നഷ്ടം വരും. അതേ പോലെ തന്നെ മ്യൂച്ചൽ ഫണ്ട് പെട്ടെന്ന് വിൽക്കേണ്ടി  വന്നാൽ ഓഹരി വിപണിയിലെ നിലവാരമനുസരിച്ച് ചിലപ്പോൾ കുറെ കാശ് നഷ്ടവും വരും. പക്ഷേ ഇവ രണ്ടും പെട്ടെന്ന് വിറ്റു നമുക്ക് കാശ് പുറത്തെടുക്കാൻ പറ്റും. നമ്മുടെ നിക്ഷേപങ്ങളുടെ നല്ലൊരു ഭാഗം പെട്ടെന്ന് പിൻവലിക്കാൻ പറ്റുന്ന നിക്ഷേപങ്ങളിൽ ആയിരിക്കണം. 

അതേ  പോലെ തന്നെ പ്രധാന്യം ഉള്ള കാര്യം ആണ്, നിക്ഷേപം നിർത്താനുള്ള നടപടികൾ എന്താണ് എന്ന് അറിയേണ്ടത്. മിക്ക നിക്ഷേപങ്ങളും അഞ്ചും പത്തും ഇരുപതും വർഷം കാലാവധി ഉള്ളതാണ്. ഈ കാലാവധിക്കുള്ളിൽ ചിലപ്പോൾ നമ്മുടെ സാമ്പത്തിക നിലവാരം മാറാം. അതു കൊണ്ട് നമുക്ക് ചിലപ്പോൾ നിർത്തേണ്ടി വരും. ഞാൻ പണ്ടു വാങ്ങിയ ഒരു പദ്ധതി തുടങ്ങാൻ നേരത്തു ഏജൻറ് എൻ്റെ അടുത്തു വന്ന് ഒപ്പിട്ട കടലാസുകൾ വാങ്ങി പോയെങ്കിലും നിർത്താൻ നേരത്ത് ചെന്നൈയിലേക്ക് രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ടി വന്നു. ചില നിക്ഷേപ പദ്ധതികൾ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല, നിർത്തി കഴിഞ്ഞാൽ അടച്ച തുക മൊത്തം പോകും. പദ്ധതി തുടങ്ങുമ്പോൾ തന്നെ ഇത് ചോദിച്ചു മനസ്സിലാക്കണം. അതേ പോലെ തന്നെ ഏജൻറ് പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് കമ്പനിയുടെ വെബ്സൈറ്റിലോ അല്ലെങ്കിൽ പോളിസിയുടെ അപേക്ഷാഫോമിലോ കാണിച്ചു തരാൻ പറയണം.

വൈവിധ്യവൽക്കരണം (Diversification)

എല്ലാ നിക്ഷേപങ്ങളും ഒരേ തരത്തിൽ ആവാതെ നോക്കേണ്ടതിൻ്റെ ആവശ്യകത ഞാൻ വേറൊരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ കൈയിലുള്ള എല്ലാ പണവും ഒരേ രീതിയിലുള്ള നിക്ഷേപത്തിൽ ആണെങ്കിൽ,  നഷ്ടം സംഭവിച്ചാൽ എല്ലാ പണവും ഒരുമിച്ചു നഷ്ടപ്പെട്ടു പോകുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. നിക്ഷേപം വിൽക്കുന്ന കമ്പനി മാറിയതു കൊണ്ട് നിക്ഷേപങ്ങൾക്ക് വൈവിധ്യവുമായി എന്ന് വിചാരിക്കരുത്. അതെ പോലെ, എല്ലാ സമ്പാദ്യവും എറണാകുളത്ത് സ്ഥലം വാങ്ങിച്ചു കിടക്കുകയാണ് എന്ന് വിചാരിച്ചു അടുത്ത നിക്ഷേപം തൃശ്ശൂരിൽ സ്ഥലം വാങ്ങിയാൽ നിക്ഷേപങ്ങളിൽ വൈവിധ്യം ആവുകയില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ നിന്ന് വൈവിധ്യം വേണമെങ്കിൽ ബാങ്ക് ഡെപ്പോസിറ്റ്കളിലോ പിപിഎഫ്(PPF)’ലോ  അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കണം.

നിക്ഷേപം തുടങ്ങണോ കടം തീർക്കണോ?

 നിക്ഷേപിക്കുന്നതിന് മുന്നേ നമ്മൾ ഉയർന്ന പലിശ കൊടുക്കുന്ന കടങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ അടച്ചു തീർക്കണമോ വേണ്ടയോ എന്ന് ചിന്തിക്കണം. ക്രെഡിറ്റ് കാർഡ് കടമോ ബ്ലേഡ് പലിശക്കാരുടെ അടുത്തു നിന്ന് വാങ്ങിയ കടമോ ബാക്കിയുണ്ടെങ്കിൽ പുതിയ നിക്ഷേപങ്ങൾ തുടങ്ങുന്നതിനു മുന്നേ അവയാണ് അടച്ചു തീർക്കേണ്ടത്. അതേ പോലെ തന്നെ പെട്ടെന്ന് അടച്ചു തീർക്കേണ്ട ഒന്നാണ് വാഹന ലോണും. നമ്മൾ നിക്ഷേപിച്ചാൽ കടത്തിന് കൊടുക്കുന്ന പലിശയെകാൾ കൂടുതൽ തരുന്നെങ്കിൽ മാത്രമേ നിക്ഷേപത്തിൽ നിന്ന് നേട്ടമുള്ളൂ. ബ്ലേഡ് കമ്പനിയുടെ അടുത്തു നിന്ന് 30 ശതമാനം പലിശയ്ക്ക് പൈസ കടം വാങ്ങി ഇരിക്കുമ്പോൾ, 8 ശതമാനം  നേട്ടം തരുന്ന മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതിൽ യാതൊരു അർത്ഥമില്ല.

നിക്ഷേപ പദ്ധതി ഒരു തട്ടിപ്പാണോ?

നമ്മൾ നിക്ഷേപിക്കാൻ പോകുന്ന പദ്ധതി തട്ടിപ്പ് ആണോ അല്ലയോ എന്ന് ഉറപ്പു വരുത്താൻ എപ്പോഴും ശ്രദ്ധിക്കണം. പദ്ധതി തട്ടിപ്പ് അല്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ നിക്ഷേപിക്കേണ്ട കാര്യമുള്ളൂ. ഒരു ചെറിയ അംശം എങ്കിലും സംശയമുണ്ടെങ്കിൽ നിക്ഷേപിക്കരുത്. അതേ പോലെ ഏജൻറ്മാർ വിൽക്കുന്ന എന്ത് നിക്ഷേപ പദ്ധതി വാങ്ങുന്നതിനും മുൻപ് ആ കമ്പനിയുടെ വെബ്സൈറ്റിൽ കയറി ആ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് വായിച്ചു മനസ്സിലാകണം. അതേ പോലെ തന്നെ പദ്ധതിക്കു വേണ്ടിയുള്ള ഫോമും പദ്ധതിയിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ കിട്ടുന്ന രേഖയുടെ ഒരു പതിപ്പും നിക്ഷേപം നടത്തുന്നതിന് മുന്നേ വാങ്ങിച്ചു വായിക്കണം. ഇത് സ്വയം വായിച്ചു നോക്കാൻ സാധിക്കുന്നില്ലെങ്കിൽ ഏജന്റിനോട് വിവരിച്ചു തരാൻ പറയാതെ മറ്റാരുടെയെങ്കിലും അഭിപ്രായം ചോദിക്കണം. 

ഒരു കാര്യം ഒരിക്കലും മറക്കരുത് നിക്ഷേപിക്കുന്നതിന് മുൻപാണ് നമ്മൾ ചോദിക്കുന്ന വിവരങ്ങൾ കമ്പനിയിൽ നിന്നും ഏജൻസിയിൽ നിന്നും കിട്ടുകയുള്ളൂ. കാരണം നമ്മളെക്കൊണ്ട് നിക്ഷേപിപ്പിക്കുക എന്നത് അവരുടെ ആവശ്യമാണ്. നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കിട്ടാൻ സാധ്യതയില്ല. അതു കൊണ്ട് നിക്ഷേപിക്കുന്നതിന് മുന്നേ വിവരം കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയിൽ നിക്ഷേപിക്കാതെ ഇരിക്കുന്നതാണ് നല്ലത്. തുടങ്ങി കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന്  ഊരി പോകാൻ വളരെ അധികം ബുദ്ധിമുട്ടും. ഞാനെടുത്ത ഒരു ഇൻഷുറൻസ് പോളിസി മൂന്നു കൊല്ലം അടച്ചതിനുശേഷം അടവ് നിർത്തിയാൽ, കാലാവധി കഴിയുമ്പോൾ എനിക്ക് എത്ര രൂപ കിട്ടും എന്ന വിവരം ഞാൻ രണ്ടു മൂന്ന് കൊല്ലമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു . ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ നിന്ന് പോലും ആ വിവരം എനിക്ക് കിട്ടിയിട്ടില്ല. നമ്മളെ അടുത്തറിയുന്ന ഫാമിലി ഫ്രണ്ട് ആയ ഏജന്റും ആത്മാർത്ഥ സുഹൃത്തായ ഏജന്റും എല്ലാം നിക്ഷേപം നിർത്തി കഴിഞ്ഞാൽ പിന്നെ വിവരം പങ്കു വയ്ക്കുന്നത് വളരെ കുറവായിരിക്കും.

മാഞ്ചിയം പദ്ധതിയും ആട് പദ്ധതിയും എല്ലാം ആരും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ഇവ എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന ആൾക്കാരോട് ചോദിച്ചാൽ മതി.

ഒരു നിക്ഷേപം തട്ടിപ്പാണോ അല്ലയോ എന്ന് അറിയാൻ ഒരു എളുപ്പ വഴി ഉണ്ട്. ബാങ്ക് പലിശയുടെ ഒരുപാട് മുകളിലുള്ള പലിശ നിരക്ക് ഉറപ്പായും നൽകാമെന്ന് പറയുന്ന എല്ലാ പദ്ധതിയും തട്ടിപ്പ് ആയിരിക്കും. ഉദാഹരണത്തിന് ബാങ്ക് പലിശ 8 ശതമാനമാണെങ്കിൽ ഉറപ്പായും എല്ലാ കൊല്ലവും 15 ശതമാനം പലിശ തരാമെന്ന് ഒരു പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് കണ്ണും പൂട്ടി ഉറപ്പിക്കാം. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ബാങ്ക് പലിശയെക്കാൾ ഉയർന്ന വരുമാനം ലഭിക്കും എന്നു പറയുന്നതോ? മ്യൂച്ചൽ ഫണ്ടുകൾ തട്ടിപ്പ് അല്ലല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മ്യൂച്ചൽ ഫണ്ട് വരുമാനം ഉറപ്പു തരുന്നില്ല എന്നതാണ്. ഉയർന്ന വരുമാനം കിട്ടാൻ സാധ്യതയുണ്ട് എന്നേ പറയുന്നുള്ളൂ. മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്ക് റിസ്ക് കൂടുതലാണ്. അതു കൊണ്ടാണ് വരുമാനം കൂടുന്നത്. ഒരു വിപണിയിൽ ഉറപ്പ് തരാൻ പറ്റുന്ന പരമാവധി പലിശ നിരക്ക് ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റ് വഴി തരും. അതിനു മുകളിലുള്ള എല്ലാ വരുമാനത്തിനും അപകടസാധ്യത ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.

പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിക്ഷേപം തുടങ്ങരുത്

ഒരു നിക്ഷേപ പദ്ധതി നിങ്ങളുടെ പണം ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കണം. നിക്ഷേപിക്കുന്ന കമ്പനിയുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയണം എന്നല്ല ഉദ്ദേശിച്ചത്.  പൊതുവായി നമ്മുടെ പണം എങ്ങനെ നിക്ഷേപിച്ചാണ് കമ്പനി വരുമാനം ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാൻ പറ്റണം. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഫണ്ട് മാനേജർ ഓഹരി വിപണിയിലെ ഓഹരികളും ബോണ്ടുകളും വാങ്ങിയാണ് വരുമാനം ഉണ്ടാക്കുന്നത്. മൊത്തം തുകയുടെ എത്ര ശതമാനം ഓഹരിയിൽ നിക്ഷേപിക്കാം എന്നുള്ളത്  കൃത്യമായി പറഞ്ഞിട്ടുണ്ടാകും.

എന്നാൽ ഇപ്പോൾ മാർക്കറ്റിൽ ഉള്ള ചില ഉപകരണങ്ങളുടെ പിന്നാമ്പുറത്തു എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാൽ പോലും മനസ്സിലാക്കാൻ പറ്റില്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ നിക്ഷേപങ്ങളിൽ പണം ഇടാതിരിക്കുന്നതാണ് നല്ലത്. അതേ പോലെ ബിറ്റ് കോയിൻ (Bit coin) പോലെയുള്ള പുതിയ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതിന് മുന്നേ ആ പണം മൊത്തം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിൽ കണക്കു കൂട്ടണം. കാരണം എന്താണ് ബിറ്റ് കോയിൻ എന്നോ എന്തു കൊണ്ടാണ് അതിന് ഇത്ര വില വരാൻ കാരണമെന്നോ അധികമാർക്കും അറിയില്ല.

അടുത്ത ലേഖനം: സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) എങ്ങനെ തിരഞ്ഞെടുക്കണം?








ഹെൽത്ത് ഇൻഷുറൻസ് (Health Insurance)

നമുക്ക് എന്തെങ്കിലും അസുഖമോ അപകടമോ പറ്റി ആശുപത്രി ചെലവുകൾ വന്നാൽ അത് കൊടുക്കാൻ നമ്മളെ സഹായിക്കുന്ന ഇൻഷുറൻസ് ആണ് ഹെൽത്ത് ഇൻഷുറൻസ്.

ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറയുമ്പോൾ പൊതുവേ ആരും സമ്മതിക്കാറില്ല. നല്ല ആരോഗ്യത്തിൽ ഇരിക്കുമ്പോൾ എനിക്ക് എന്തിനാണ് ഹെൽത്ത് ഇൻഷുറൻസ് എന്നാണ് എല്ലാവരും എന്നോട്  പതിവായി ചോദിക്കുന്നത്. അല്ലെങ്കിൽ എനിക്ക് ജോലിയിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് പിന്നെ എന്തിന് ഞാൻ പുറത്തു നിന്ന് എടുക്കണമെന്നും ചോദിക്കാറുണ്ട്.

ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം അല്ല ഹെൽത്ത് ഇൻഷുറൻസ്. നമ്മൾ ഉണ്ടാക്കിയ സമ്പാദ്യം നശിച്ചു പോകാതിരിക്കാനുള്ള ഒരു മുൻകരുതലാണ് ഹെൽത്ത് ഇൻഷുറൻസ്. ഒന്നോർത്തു നോക്കൂ, മുൻപ് നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്ന ഒരു കുടുംബം ഇപ്പോൾ പണത്തിന് ബുദ്ധിമുട്ടുന്ന കാര്യം നിങ്ങളുടെ പരിചയത്തിൽ ഉണ്ടോ എന്ന്.അങ്ങനെ ഉള്ള കഥകളിൽ അഞ്ചിൽ നാലു കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ആയതു ഒരു ആശുപത്രി വാസത്തിനു ശേഷം ആയിരിക്കും. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും മൂന്നോ നാലോ ആഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ആളുകൾ കുറവായിരിക്കും . ചെറിയ അസുഖങ്ങൾ ആണെങ്കിൽ വലിയ കുഴപ്പം ഉണ്ടാകില്ല പക്ഷേ ICU’ലോ അല്ലെങ്കിൽ  വിലകൂടിയ ശസ്ത്രക്രിയ വേണ്ടി വന്നാലോ ഒരുപാട് പണം ചിലവാകും. ഒരു സാധാരണ കുടുംബത്തിനും ഒരു അംഗത്തിൻ്റെ നീണ്ട ആശുപത്രി വാസം ഇൻഷുറൻസ് ഇല്ലാതെ താങ്ങാൻ കഴിയില്ല.

 ജോലിയിൽ ഇരിക്കുമ്പോൾ ഉള്ള ഹെൽത്ത് ഇൻഷുറൻസ് പോരെ എന്നു തോന്നാം. പോരാ എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ജോലി മാറുമ്പോൾ ആണ് ആശുപത്രി വാസം വേണ്ടി വരിക എന്ന് വിചാരിക്കുക അപ്പോൾ നമ്മുടെ കയ്യിൽ നിന്നും തന്നെ പണം എടുത്ത് അടയ്ക്കേണ്ടി വരും. പുതിയ ജോലിയിൽ ചേരാനും പറ്റില്ല. അല്ലെങ്കിൽ ഒരിക്കലും ജോലി മാറില്ല എന്നും കമ്പനി നമ്മളെ പറഞ്ഞു വിടില്ല എന്നും നിങ്ങൾക്ക് ഉറപ്പു വേണം. കഷ്ടകാലം വരുമ്പോൾ ഒരുമിച്ചു വരും എന്ന് പഴമക്കാർ പറയാറില്ലേ. എൻ്റെ അനുഭവത്തിൽ അത് ഏറെക്കുറെ ശരിയാണ്. നമ്മൾ ജീവിതകാലം മൊത്തം ജോലി ചെയ്ത് സമ്പാദിക്കുന്നത് എല്ലാം ഒന്നോ രണ്ടോ മാസത്തെ ആശുപത്രി വാസം കൊണ്ട് നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യമാണ് എന്ന് പറയുന്നത്.

എന്നാൽ പിന്നെ അസുഖം വന്നു കിടപ്പിലായാൽ മാത്രം എടുത്താൽ പോരേ എന്ന്  ചോദിക്കുന്നവരും ഉണ്ട്. ഇൻഷുറൻസ് കമ്പനികൾ മണ്ടന്മാരല്ലല്ലോ. ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, നിലവിൽ ഉള്ള അസുഖങ്ങൾ , പോളിസി എടുത്തു കുറച്ചു കാലത്തിനു (സാധാരണ ഒന്നോ രണ്ടോ കൊല്ലം) ശേഷം മാത്രമേ കവർ ചെയ്യുകയുള്ളൂ. അതു കൊണ്ടു എന്ന് ആവശ്യം വരും എന്ന് ഗണിച്ചു നോക്കാതെ ഇപ്പോഴേ എടുത്തു വെയ്ക്കുന്നതാണ് നല്ലത്. അതേ പോലെ തന്നെ വലിയ അസുഖങ്ങൾ വരുന്നതിനു മുന്നേ എടുത്താൽ പോളിസി പ്രീമിയം കുറഞ്ഞിരിക്കും എന്ന ഗുണവുമുണ്ട്.

പോളിസി എടുക്കുമ്പോൾ തന്നെ ആശുപത്രിയിൽ പോകേണ്ടി വന്നാൽ എങ്ങനെ പണം ക്ലെയിം (claim ) ചെയ്യും എന്നുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതിനോട് കൂടെ ഡിസ്ചാർജ് സമ്മറി(discharge summary) പോലെയുള്ള ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ആവശ്യമുള്ള ഡോക്യൂമെന്റുകൾ(documents) കൃത്യമായി വാങ്ങിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാകും.

അതേ പോലെ തന്നെ ഏതെല്ലാം അസുഖങ്ങൾക്ക് കവറേജ് കിട്ടും, ഏതെല്ലാം അസുഖങ്ങൾ കവേറെഡ്(covered) അല്ല എന്നുള്ളതും ചോദിച്ചു മനസ്സിലാക്കണം.

അതു പോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇൻഷുറൻസ് തരുന്ന കമ്പനിയുടെ വിശ്വാസ്യതയും. നമ്മൾക്ക് പരിചയമുള്ള ആരെങ്കിലും ഇൻഷുറൻസ് എടുത്ത് ആശുപത്രിയിൽ ചെലവായ കാശു ക്ലെയിം(claim) ചെയ്തിട്ടുള്ള ചരിത്രം അറിയാമെങ്കിൽ ആ കമ്പനിയിൽ നിന്ന് ഇൻഷുറൻസ് എടുക്കുന്നതായിരിക്കും നല്ലത്.

ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ അത്ര വില കുറവല്ല. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ കുറെ കാശ് ലാഭിക്കാം. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം.






അടുത്ത ലേഖനം: ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ?

റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട്

ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട്(Mutual Fund) നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് എന്ന് ഞാൻ പറഞ്ഞല്ലോ. ഒരു ഉദാഹരണം എടുത്തു വിശിദീകരിക്കാം.

എൻ്റെ വീടിനോട് ചേർന്നു കിടക്കുന്ന ഒരു ഭൂമി 2000’ൽ കച്ചവടം ആയ്യിരുന്നു. അന്ന് ഒരു സെൻറ് ₹20,000 രൂപയ്ക്കാണ് കച്ചവടം ആയത്. ഇപ്പോൾ 2019’ൽ അവിടെ ഒരു സെന്റിന് ഏകദേശം ₹3,00,000 (മൂന്ന്) ലക്ഷം രൂപ ആണ് വില. ഈ സ്ഥലം ഒരു നല്ല ഉദാഹരണം ആയി എനിക്കു തോന്നി. വലിയ വികസനം ഒന്നും തൊട്ടടുത്തു വരാത്തത് കാരണം ഭയങ്കര വില കൂടുതൽ ഉണ്ടായിട്ടില്ല. അതേ പോലെ തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വില കുറഞ്ഞിട്ടുമില്ല. ഈ സ്ഥലം ഉദാഹരണമായി എടുത്തു ഞാൻ കണക്കുകൾ വിശിദീകരിക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഇപ്പോൾ നികുതി ഉള്ള കാരണം ഞാൻ ഈ കണക്കുകളിൽ നിന്ന് നികുതി ഒഴിവാക്കുന്നു.ബ്രോക്കർ കമ്മീഷനും ഞാൻ ഈ കണക്കിൽ നിന്നും ഒഴിവാക്കുന്നു.

മുഴുവൻ തുകയും ഒരുമിച്ചു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:

2000’ൽ ഭൂമിയുടെ വില₹20,000
രജിസ്ട്രേഷൻ ഫീസ് [2%]₹400
സ്റ്റാമ്പ് ഡ്യൂട്ടി [8%]₹1,600
മൊത്തം നിക്ഷേപം₹22,000
നിലവിലെ [2019’ലെ] വില₹3,00,000
മൊത്തം ലാഭം₹2,78,000

ഇനി ഈ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള നേട്ടം നോക്കാം.

HDFC Equity Fund (G) ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിൽ ഒന്നാണ്. 2000’ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ നമ്മൾ തിരഞ്ഞെടുക്കാൻ സാധ്യത ഉള്ള ഫണ്ടാണ് ഇത്. ഈ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഉള്ള കാര്യം നോക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം:

മൊത്തം നിക്ഷേപം₹22,000
January 01, 2000’ൽ HDFC Equity Fund (G)
ഒരു യൂണിറ്റിൻ്റെ വില*
₹ 24.91
അപ്പോൾ മൊത്തം വാങ്ങിയ മ്യൂച്വൽ
ഫണ്ട് യൂണിറ്റുകൾ [22,000/24.91]
883.1794
September 21 2019’ൽ HDFC Equity Fund (G) ഒരു
യൂണിറ്റിൻ്റെ വില*
₹ 639.261
നിക്ഷേപത്തിൻ്റെ നിലവിലെ (2019’ലെ) വില
[883.1794 * 639.261 ]
₹ 5,64,582.2
മൊത്തം ലാഭം₹ 5,42,582.2

 *മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.

ഈ കണക്കിൽ ഒരു രണ്ടു ചെറിയ പ്രശ്നങ്ങൾ ഉണ്ട്.

  1. January 01, 2000’ൽ മ്യൂച്വൽ ഫണ്ട് വാങ്ങുമ്പോൾ ഓഹരി വിപണി വില കുറഞ്ഞിരിക്കുന്ന സമയമാണോ എന്ന് നമുക്കറിയില്ല. ആണെങ്കിൽ ഈ കണക്കിലെ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ലാഭം വളരെ അധികം കൂടും.
  2. അതു പോലെ തന്നെ ഭൂരിഭാഗം ആൾക്കാരും ലോൺ എടുത്താണ് സ്ഥലം വാങ്ങുന്നത്. അപ്പോൾ January 01, 2000’ൽ ഒറ്റയടിക്ക് ₹22,000 നിക്ഷേപിക്കാൻ ഉണ്ടായെന്നു വരില്ല. അപ്പോൾ ലോൺ എടുത്ത് സ്ഥലം വാങ്ങിയ പോലെ ഒന്ന് കണക്കു കൂട്ടി നോക്കാം.

ലോൺ എടുത്തു നിക്ഷേപിക്കുമ്പോൾ ഉള്ള താരതമ്യം

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം – ലോൺ വഴി നിക്ഷേപിക്കുമ്പോൾ:

2000’ൽ ഭൂമിയുടെ വില₹20,000
രജിസ്ട്രേഷൻ ഫീസ് [2%]₹400
സ്റ്റാമ്പ് ഡ്യൂട്ടി [8%]₹1,600
മൊത്തം തുക₹22,000
₹22,000 9% പലിശക്ക് 20 വർഷത്തെ ലോൺ എടുത്താൽ വരുന്ന മാസ അടവ്**₹ 198
2019  വരെ അടച്ച തുക (20 വർഷം കൊണ്ട് അടച്ച തുക)
[ 198 * 20 *12 ]
₹ 47,520
നിലവിലെ [2019’ലെ] വില₹3,00,000
മൊത്തം ലാഭം₹2,52,480

**ഇന്റർനെറ്റിലെ ഹോം ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കു കൂട്ടിയതാണ്.

ഇനി ഇതേ നിക്ഷേപം, അതായതു മാസാമാസം ₹ 198 ,  HDFC Equity Fund (G) മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഉള്ള വരുമാനം:

September 20, 2019 വരെ ഉള്ള കണക്കു മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ.

മാസം നിക്ഷേപിക്കുന്ന തുക₹ 198
നിക്ഷേപ കാലാവധിJan 01, 2000 – Sep 20, 2019
അടവുകളുടെ എണ്ണം [19 *12 + 9]237
നിക്ഷേപിച്ച തുക₹ 46,926
മൊത്തം വാങ്ങിയ മ്യൂച്വൽ ഫണ്ട്
യൂണിറ്റുകൾ***
650.30
September 21 2019’ൽ HDFC Equity Fund (G)
ഒരു യൂണിറ്റിൻ്റെ വില*
₹ 639.261
September 20, 2019’ൽ നമ്മുടെ
നിക്ഷേപത്തിൻ്റെ വില***
₹ 4,15,711.4
മൊത്തം ലാഭം₹ 3,68,785.4

***മ്യൂച്വൽ ഫണ്ടിൻ്റെ വില വിവരങ്ങൾ www.moneycontrol.com’ൽ നിന്നും എടുത്തതാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കിട്ടിയ കൂടുതൽ ലാഭം = ₹ 3,68,785.4 – ₹2,52,480 = ₹ 1,16,305.4 (ഏകദേശം 46% കൂടുതൽ )

സ്ഥലത്തിൻ്റെ വിലയും മ്യൂച്വൽ ഫണ്ട് നിക്ഷേപവും ഇങ്ങനെ തന്നെ ഭാവിയിൽ പോകണം എന്നില്ല. പക്ഷേ ഭൂമിക്കു വില കൂടണമെങ്കിൽ രാജ്യം വികസിക്കണം, രാജ്യം വികസിച്ചാൽ ഓഹരി വിപണിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും നല്ല നേട്ടം തരും.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പെട്ടെന്ന് വിൽക്കാൻ സാധിക്കും. അതേ  പോലെ തന്നെ ആവശ്യത്തിന് അനുസരിച്ചു ചെറിയ തുകകൾ ആയി മുറിച്ചു വിൽക്കാനും സാധിക്കും.

താമസിക്കുവാനുള്ള വീട് വാങ്ങിയതിന് ശേഷം പിന്നെയും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനു മുൻപേ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും പരിഗണിക്കുക.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.








അടുത്ത ലേഖനം: ഹോം ലോൺ എടുക്കുമ്പോൾ കൂടെ എടുക്കേണ്ടി വരുന്ന ലൈഫ് ഇൻഷുറൻസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും

വിൽക്കാനായി വാങ്ങുമ്പോൾ കെട്ടിടങ്ങളോ വീടോ ഉള്ള സ്ഥലം വാങ്ങുന്നതും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ വിൽക്കാൻ പദ്ധതി ഇല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നത് വലിയ ബുദ്ധിയല്ല. സ്ഥലം വാങ്ങി അതിൽ വീടോ മറ്റു കെട്ടിടങ്ങളോ പണിതു വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്ഥലം കൃഷിക്ക് പാട്ടത്തിന് കൊടുക്കാനോ സ്വയം കൃഷി ചെയ്യാനോ ഉദ്ദേശിക്കുന്നവർക്കും ഇത് ബാധകമല്ല. ഇങ്ങനെ പറയാൻ കാരണം ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിൽ നിന്ന് നമുക്ക് വരുമാനം ഒന്നും ലഭിക്കില്ല എന്നുള്ളതാണ്. നികുതി ഇനത്തിൽ ചെറിയ ചെലവുകൾ ഉണ്ടാവുകയും ചെയ്യും. ഏറ്റവും വലിയ മണ്ടത്തരം വീട് വാങ്ങിയതിനു ശേഷമോ പണിതതിനു ശേഷമോ അത് വെറുതെ അടച്ചിടുന്നതാണ്. വീടിന് അറ്റകുറ്റ പണികൾ വരികയും ചെയ്യും വീടിൻ്റെ പഴക്കം കൂടുകയും ചെയ്യും. അതിൽ നിന്നും വരുമാനം കിട്ടുകയും ഇല്ല. ഇതിലും നല്ലതു പണിയാതിരിക്കുന്നതാണ്.

ഭാവിയിലെ ആവശ്യങ്ങൾക്കുള്ള നിക്ഷേപമായി റിയൽ എസ്റ്റേറ്റ് വാങ്ങുമ്പോൾ വാടക കിട്ടുവാൻ അല്ലെങ്കിൽ പാട്ടം കിട്ടുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആണ് നല്ലത്.

ആധാർ കാർഡും പാൻ കാർഡും എല്ലാം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന ഈ കാലത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ നികുതിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതേ പോലെ തന്നെ റിയൽഎസ്റ്റേറ്റ് ഇടപാടുകളിൽ പണമായി കൊടുക്കാവുന്ന തുകയ്ക്ക് ഇപ്പോൾ നിബന്ധനകളുണ്ട്. ഇവ തെറ്റിച്ചാൽ 100% പിഴ ഈടാക്കും. നമ്മുടെ മാതാപിതാക്കളുടെ കാലത്ത് ഭൂമി കച്ചവടം ചെയ്ത പോലെ ആകില്ല ഭാവിയിലെ ഭൂമി കച്ചവടങ്ങൾ. വാങ്ങിയ സ്ഥലത്ത് താമസിക്കുന്നില്ല എങ്കിൽ ആ സ്ഥലം വാങ്ങുവാനായി എടുത്ത ലോണിന് നികുതിയിളവുകൾ ലഭിക്കുകയില്ല. നികുതി കൊടുക്കേണ്ടി വരും എന്ന് കണക്കാക്കി മാത്രമേ ഭൂമി ഇടപാടുകൾ നടത്താവൂ.

ഓരോ സ്ഥലത്തിനും ലഭിക്കാവുന്ന വാടകയ്ക്കും പാട്ടത്തിനും ആ സ്ഥലത്തിന് ഉണ്ടാകുന്ന വിലവർധനയ്ക്കും, സ്ഥലത്തിൻ്റെ ചുറ്റുപാടുകളുമായി വളരെയധികം ബന്ധമുണ്ട്. എറണാകുളത്തോ തിരുവനന്തപുരത്തോ നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനം ആയിരിക്കില്ല കാസർഗോഡോ വയനാടോ നിക്ഷേപം നടത്തിയാൽ. ഇതു കൊണ്ട് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്ന് ഇത്ര രൂപ കൃത്യമായി വരുമാനം ലഭിക്കും എന്നു പറയുവാൻ ബുദ്ധിമുട്ടാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുവാൻ ഇറങ്ങുമ്പോൾ അതിനെക്കുറിച്ച് വിശദമായി നിങ്ങൾ തന്നെ പഠിക്കണം. അതേ പോലെ തന്നെ നിയമങ്ങളും ശ്രദ്ധിക്കണം. പാടത്ത് കെട്ടിടം പണിയാൻ പാടില്ല പോലുള്ള നിയമങ്ങൾ വിൽപ്പനക്ക് ശ്രമിക്കുമ്പോൾ വലിയ കെണിയായി മാറും.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തി ഒരുപാട് കാശുണ്ടാക്കിയ ഒരാളെയെങ്കിലും നമുക്കെല്ലാവർക്കും അറിയാം. ഇതിൻ്റെ പ്രധാന കാരണം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വലിയ തുകയാണ് എന്നുള്ളത് തന്നെ. വലിയ തുകയുടെ കാര്യങ്ങൾ ചെയ്യുമ്പോൾ റിസ്ക് കൂടും. അതേ പോലെ തന്നെ കിട്ടാവുന്ന ലാഭത്തിൻ്റെ വലിപ്പവും കൂടും. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ( മധ്യവർഗ്ഗ കുടുംബത്തിന്) റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നാൽ മൊത്ത സമ്പാദ്യത്തിൻ്റെ വലിയ ഒരു ശതമാനം ആയിരിക്കും. അപ്പോൾ അതിൽ നിന്ന് നേട്ടം കിട്ടിയാൽ അവരുടെ മൊത്തം സമ്പാദ്യം വളരെയധികം കൂടുകയും ചെയ്യും. ഇതിൻ്റെ മറു വശം കൂടി ചിന്തിക്കണം. നമ്മുടെ മൊത്ത സമ്പാദ്യത്തിൻ്റെ സിംഹഭാഗവും ഒരു നിക്ഷേപത്തിൽ കേന്ദ്രീകരിച്ചാൽ നിക്ഷേപത്തിന് എന്തെങ്കിലും പറ്റിയാൽ നമ്മൾ തകർന്നു പോകും. ഉദാഹരണത്തിന് സർക്കാർ സ്ഥലം ഏറ്റെടുത്താൽ ചിലപ്പോൾ ഉദ്ദേശിച്ച വില കിട്ടിയെന്നു വരില്ല. താമസിക്കുവാനുള്ള വീട് വാങ്ങുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് നമുക്ക് ഒരു നിക്ഷേപമായി. അപ്പോൾ നിക്ഷേപങ്ങൾക്ക് വൈവിധ്യം ലഭിക്കുവാൻ വേണ്ടി മറ്റു മാർഗങ്ങളിൽ നിക്ഷേപിച്ചതിന് ശേഷം മാത്രമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നോക്കേണ്ട കാര്യമുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം.

സ്ഥലങ്ങളോടുള്ള വൈകാരിക ബന്ധങ്ങൾ മാറ്റി വച്ചാൽ പൊതുവെ ഭൂമി ഇടപാടിൽ നിന്നുള്ള നേട്ടങ്ങൾ ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കാൾ കുറവാണ്. ഇതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം. 








അടുത്ത ലേഖനം: വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ?

താമസിക്കുവാനുള്ള വീട്

ബഹു ഭൂരിപക്ഷം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാട് ആയിരിക്കും താമസിക്കുവാനുള്ള വീട് വാങ്ങുന്നത്. നിങ്ങളുടെ ജോലി സ്ഥലവും നിങ്ങൾക്ക് താമസിക്കുവാൻ താല്പര്യമുള്ള സ്ഥലവും ഏതാണ്ട് ഉറപ്പായാൽ താമസിക്കുവാൻ വേണ്ടി ഒരു വീട് വാങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം വിരമിക്കൽ ആവുമ്പോഴേക്കും ലോൺ അടവുകൾ തീർന്നാൽ പിന്നെ മാസ ചെലവുകൾ ഒരുപാട് കുറയും. അതേ പോലെ തന്നെ വീട് പണിയാൻ എടുക്കുന്ന ലോണിൻ്റെ അടവുകൾക്ക് നികുതിയിളവും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ താമസിക്കുവാനായി ഒരു വീട് സ്വന്തമായി വാങ്ങുന്നത് വളരെ നല്ലതാണ്.

പക്ഷേ, താമസിക്കുവാനുള്ള വീട് ഭാവിയിലെ ചിലവുകൾക്കായുള്ള ഒരു നിക്ഷേപമായി കാണുന്നത് അത്ര ബുദ്ധിയല്ല. കാരണം മക്കളെ പഠിപ്പിക്കുവാൻ വേണ്ടിയോ കല്യാണം നടത്തുവാൻ വേണ്ടിയോ ആശുപത്രി ചെലവുകൾക്ക് വേണ്ടിയോ വീട് വിൽക്കാൻ  ആർക്കും താല്പര്യം ഉണ്ടാവില്ല. അതേ പോലെ തന്നെ വാർദ്ധക്യത്തിൽ വാടക കൊടുക്കാതെ സ്വന്തം വീട്ടിൽ താമസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. വിരമിക്കലിനു ശേഷം സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറുന്ന ആൾക്കാർ വളരെ വളരെ ചുരുക്കമേ ഉള്ളൂ. അതു കൊണ്ട് നമ്മുടെ വീടിന് എന്തു മാത്രം വില കൂടിയാലും അത് നമുക്ക് അനുഭവിക്കാൻ ലഭിക്കുവാനുള്ള സാധ്യത കുറവാണ്. നമ്മുടെ മരണ ശേഷം അവകാശികൾക്ക് ഉപകാരപ്പെടും.

കാശിനു പെട്ടെന്നൊരു ആവശ്യം വന്നാൽ ഉപയോഗിക്കുവാനായി നമ്മുടെ കയ്യിൽ വേറെ നിക്ഷേപങ്ങൾ വേണം. അതു കൊണ്ട് നമ്മുടെ സമ്പാദ്യമെല്ലാം താമസിക്കുവാനുള്ള വീടിന് വേണ്ടി ചെലവഴിക്കരുത്. നമ്മുടെ മാസ വരുമാനത്തിൻ്റെ 30 ശതമാനത്തിൽ കൂടുതൽ വീടിനായി ചെലവഴിക്കുന്നത് മണ്ടത്തരമാണ്. ലോണെടുത്താണ് വീട് പണിയുന്നത് എങ്കിൽ, നമ്മുടെ വരുമാനത്തിൻ്റെ 30 ശതമാനത്തിനു ഉള്ളിൽ മാസം തിരിച്ചടവ് വരാവുന്ന രീതിയിൽ മാത്രമേ വീട് പണിയാകൂ.

കേരളത്തിൽ പൊതുവായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് വീടിനായി ആവശ്യത്തിൽ കൂടുതൽ പണം ചെലവഴിക്കുക എന്നത്. ഒരു കാര്യം പ്രത്യേകം ഓർക്കുക എത്ര ഭംഗിയായി വീട് പണിതാലും 20 വർഷം കഴിയുമ്പോഴേക്കും ഇപ്പോഴത്തെ സാധനങ്ങളെല്ലാം പഴയതായി മാറിയിട്ടുണ്ടാകും. പുതിയ നിർമ്മാണ വസ്തുക്കളും സാങ്കേതിക വിദ്യയും വരുമ്പോൾ നമ്മുടെ വീട് പഴയത് ആകും. ഓരോ 20-25 കൊല്ലത്തിനു ശേഷം ഒരു പുതുക്കിപ്പണിയൽ ആവശ്യമായി വരും. അതു കൊണ്ട് തേക്കിൻ്റെ തടിക്കും ഈട്ടി തടിക്കും വാതിൽ പണിതു കയ്യിലുള്ള കാശ് തീർക്കാതെ അത്യാവശ്യത്തിനു മാത്രം ഉള്ള വീട് പണിയുക. കുറച്ചു തുക അടിയന്തര ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കുവാനും ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപങ്ങൾ തുടങ്ങാനും മറക്കരുത്.






അടുത്ത ലേഖനം: വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും

റിയൽ എസ്റ്റേറ്റ്(Real Estate)

കേരളത്തിൽ ഒരുപാട് കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ് റിയൽ എസ്റ്റേറ്റ് അഥവാ സ്ഥല കച്ചവടം. വിജയിച്ചാൽ വൻ ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ആണ് ഇത്. 10% ടോക്കൺ (token) കൊടുത്തു കരാർ എഴുതി ദിവസങ്ങൾക്കുള്ളിൽ അത് ലക്ഷങ്ങളും കോടികളും ലാഭത്തിൽ മറിച്ചു വിൽക്കുന്നവരും, 20  കൊല്ലത്തെ ലോൺ എടുത്തു സ്ഥലം വാങ്ങുന്ന ആളുകളും എല്ലാം കേരളത്തിൽ ഉണ്ട്.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ എനിക്ക് വലിയ പ്രവൃത്തി പരിചയം ഇല്ല. എൻ്റെ മാതാപിതാക്കൾ പണിത വീട് പുതുക്കി പണിതതാണ് എൻ്റെ  ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്. സ്ഥലങ്ങളും ഫ്ലാറ്റുകളും ഒന്നും വാങ്ങി മറിച്ചു വിറ്റുള്ള പരിചയം എനിക്കില്ല. അത് കൊണ്ട് സ്ഥലമിടപാടുകളിലെ ആശാന്മാർക്കും വിദഗ്ധർക്കും വേണ്ടി അല്ല ഈ ലേഖനം. 10 സെൻ്റ്  സ്ഥലം വാങ്ങുന്നതിനു 10 മാസം ടെൻഷൻ അടിച്ചു ഉറക്കം കളയുന്ന എന്നെ പോലെ ഉള്ള സാധാരണക്കാർക്കു വേണ്ടി ആണ് താഴെ എഴുതുന്നത്.

ഞാൻ സ്ഥലങ്ങൾ വാങ്ങാത്തതും, വാങ്ങി വിൽക്കാൻ ശ്രമിക്കാത്തതും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

  1. ഒരു സ്ഥലം കണ്ട് അതിൻ്റെ വില നിശ്ചയിക്കാൻ എനിക്ക് ഒരു കഴിവുമില്ല. ഇത് പറഞ്ഞു തരാൻ സ്ഥലമിടപാടുകളിൽ പരിചയമുള്ള ആരും ഇല്ലായിരുന്നു താനും. സ്വയം ചെയ്തു പഠിക്കാൻ ഉള്ള സമ്പാദ്യം ആയപ്പോഴേക്കും ഞാൻ കൂടുതൽ നേട്ടങ്ങൾ  തരുന്ന നിക്ഷേപങ്ങളിലേക്കു തിരിഞ്ഞു.
  2. കച്ചവടത്തിൽ ഞാൻ പുറകോട്ടാണ്. ഒരു സാധനം വില പേശി വാങ്ങാൻ എനിക്കു ഒരു കഴിവുമില്ല. വിൽക്കാൻ അതിലും മോശം ആണ്. അങ്ങനെയുള്ളപ്പോൾ, ഞാൻ ഉറച്ച വില നിലവാരം ഒന്നും ഇല്ലാത്ത സ്ഥല കച്ചവടത്തിൽ ഇറങ്ങിയാൽ ഏറ്റവും കൂടിയ വിലയ്ക്ക് വാങ്ങി ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കും. അല്ലെങ്കിൽ ഭയങ്കര ഭാഗ്യം വേണം. എൻ്റെ അനുഭവത്തിൽ പണമിടപാടുകളിൽ കഴിവ് കുറഞ്ഞവർക്കു ഭാഗ്യം ഇല്ല.
  3. ഒരു സ്ഥലം കിട്ടിയാൽ അതിൽ കൃഷി ചെയ്തു വരുമാനമുണ്ടാക്കാൻ ഉള്ള കൃഷി പരിചയം എനിക്കില്ല. അപ്പോൾ വാടക കിട്ടുന്ന കെട്ടിടം അല്ലെങ്കിൽ എൻ്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപം എനിക്ക് പലിശ തരികയില്ല. നേട്ടങ്ങൾ സ്ഥലത്തിൻ്റെ വിലയിൽ ഉണ്ടാകുന്ന വർധനവിൽ മാത്രമായി ഒതുങ്ങും. ശരാശരി ഭൂമി വിലകൾ പണപ്പെരുപ്പ നിരക്കിന് ഒരുപാട് മുകളിൽ പോകാറില്ല. ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് താനും[അടുത്ത ലേഖനത്തിൽ ഞാൻ വിശദീകരിക്കാം].

അതിനാൽ, എൻ്റെ കാഴ്ചപ്പാട് ഒരു സാധാരണ മലയാളിയുടെ കാഴ്ചപ്പാടുകൾക്ക് പോതുവേ എതിരാണ്. വായിച്ചു നോക്കിയിട്ടു സ്വയം വിലയിരുത്തുക.

എല്ലാ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കും മറ്റു നിക്ഷേപ മാർഗ്ഗങ്ങളെ അപേക്ഷിച്ച് കുറച്ച് സവിശേഷതകളുണ്ട്. ഇവയെക്കുറിച്ച് താഴെ പറയാം.

  1. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് ലിക്വിഡിറ്റി (liquidity) കുറവാണ്. ഒരു ആവശ്യം വന്നാൽ ബാങ്ക് നിക്ഷേപങ്ങളോ മ്യൂച്ചൽ ഫണ്ടുകളോ പോലെ പെട്ടെന്ന് വിൽക്കാൻ പറ്റില്ല. അതേ പോലെ തന്നെ മുറിച്ചു വിൽക്കാനും പ്രയാസമാണ്. ഉദാഹരണത്തിന്, രണ്ടു മക്കളുടെ പഠനം ആവശ്യങ്ങൾക്കു വേണ്ടി 5 സെൻ്റ്  സ്ഥലം വാങ്ങി ഇട്ടാൽ ആദ്യത്തെ കുട്ടിയുടെ പഠന ആവശ്യം വരുമ്പോൾ 2.5 സെൻ്റ് സ്ഥലവും രണ്ടാമത്തെ കുട്ടിയുടെ ആവശ്യത്തിന് അടുത്ത 2.5 സെൻ്റ് സ്ഥലവും എന്നിങ്ങനെ മുറിച്ചു വിൽക്കാൻ പ്രയാസമാണ്.
  2. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നമ്മുടെ കയ്യിൽ വയ്ക്കുന്നതിന് ചെലവ് കൂടുതലാണ്. ഉദാഹരണത്തിന്, ഒരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് ആണെങ്കിൽ അതിൻ്റെ അറ്റകുറ്റപ്പണികളും പെയിന്റിംഗും, സ്ഥലമാണെങ്കിൽ പറമ്പ് വൃത്തിയായി സൂക്ഷിക്കുന്നതിലും എല്ലാം കാശ് കയ്യിൽ നിന്ന് ഇറങ്ങും.
  3. കേരളത്തിലെ വീടുകളിൽ നിന്നുള്ള വാടക വരുമാനം വളരെ കുറവാണ്. സ്ഥലം വാങ്ങിയ തുക ലോൺ എടുക്കുകയാണെങ്കിൽ അതിൻ്റെ മാസ അടവ് തീർത്ത് അടക്കാനുള്ള തുക വാടകയിൽ നിന്ന് ലഭിക്കണം. എങ്കിൽ മാത്രമേ വാടകക്ക് കൊടുക്കുവാൻ വേണ്ടിയുള്ള നിക്ഷേപത്തിൽ നിന്നും ലാഭമുള്ളു.
  4. മറ്റു നിക്ഷേപങ്ങൾക്ക് പൊതുവേ ഇല്ലാത്ത ബ്രോക്കർ ഫീസും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് ബാധകമാണ്. നാട്ടു നടപ്പനുസരിച്ച് വാങ്ങുന്നവൻ വിലയുടെ 1 ശതമാനവും, വിൽക്കുന്നവൻ വിലയുടെ 2 ശതമാനവുമാണ് ബ്രോക്കർ ഫീസ് കൊടുക്കേണ്ടത്. അപ്പോൾ വാങ്ങി വിറ്റ് കഴിയുമ്പോൾ 3% നമ്മുടെ കയ്യിൽ നിന്ന് പോകും.അതേ പോലെ തന്നെ 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്ട്രേഷൻ ഫീസും ഉണ്ട്. ഇതെല്ലാം വെച്ച് കണക്കു കൂട്ടുമ്പോൾ വില 13% കൂടിയാൽ മാത്രമേ ബ്രോക്കർ ഫീസും രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും മുതൽ ആവുകയുള്ളൂ. സെന്റിന് ₹10,00,000 [പത്തു ലക്ഷം] ഉള്ള സ്ഥലം വാങ്ങിയാൽ വില കൂടി ₹ 11,30,000 [പതിനൊന്നു ലക്ഷത്തി മുപ്പതിനായിരം] ആയാൽ മാത്രമേ നമ്മൾക്കു മുടക്കു മുതൽ തിരിച്ചു കിട്ടൂ. 

ഇതിനു പുറമേ സ്ഥല കച്ചവടങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗൈൻസ് നികുതി അഥവാ മൂലധന നേട്ടത്തിന് നികുതി കൊടുക്കേണ്ടി വരും.

ഇവയെല്ലാം കണക്കു കൂട്ടിയിട്ടു മാത്രമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താവൂ.

പൊതുവായി രണ്ടു തരത്തിൽ ആണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടക്കുക.

  1. താമസിക്കാനുള്ള വീട്.
  2. മറിച്ചു വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും.

ഈ രണ്ടു വിഭാഗത്തെ കുറിച്ചും വിശദമായി അടുത്ത ലേഖനങ്ങളിൽ പറയാം.






അടുത്ത ലേഖനം: താമസിക്കുവാനുള്ള വീട്

സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്

ഈ അക്കൗണ്ടുകളെ ചിലപ്പോൾ മൾട്ടിപ്ലൈയർ (Multiplier) അക്കൗണ്ട് എന്നും വിളിക്കും. ഈ അക്കൗണ്ടുകൾ ഒരു സേവിങ്സ് അക്കൗണ്ടിൻ്റെ  ദ്രവ്യതയും (liquidity) ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപത്തിൻ്റെ (Fixed Deposit) ഉയർന്ന പലിശ വരുമാനവും നൽകുന്നു.

ഇതിനു വേണ്ടി ഒരു  ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് നമ്മൾ നിശ്ചയിക്കുന്ന പരിധിക്കു കൂടുതൽ ആയാൽ കൂടുതൽ ഉള്ള തുക ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കു മാറ്റും.

പണം പിൻവലിക്കുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിലേക്ക്  മാറ്റിയ തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ സാധിക്കും. അവസാനം ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റിയ  തുകയായിരിക്കും ആദ്യം പിൻവലിക്കുക. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ആദ്യം നിക്ഷേപിച്ച തുകയ്ക്ക് കൂടുതൽ കാലം പലിശ കിട്ടും.

ഉദാഹരണത്തിന്, 5,000 രൂപയാണ് അക്കൗണ്ട് ബാലൻസ് പരിധി എന്ന് വിചാരിക്കുക. നമ്മൾ ഒരു 10,000 രൂപ കൂടി നിക്ഷേപിച്ച് അക്കൗണ്ടിൽ ബാലൻസ് 15,000 ആക്കിയാൽ 5,000 രൂപയ്ക്ക് മുകളിലുള്ള തുക അതായത് 10,000 രൂപ ഫിക്സഡ് ടെപോസിറ്റ് അക്കൗണ്ടിലേക്ക് മാറ്റും. ഇങ്ങനെ 5,000 രൂപയ്ക്ക് മുകളിൽ വരുന്ന എല്ലാ തുകയും ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റി കൊണ്ടിരിക്കും.

ഇനി പണം പിൻവലിക്കുമ്പോൾ, 5000 രൂപയിൽ കൂടുതൽ വേണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ കിടക്കുന്ന തുകയിൽ നിന്ന് നമുക്ക് പിൻവലിക്കാൻ പറ്റും.  ഇതിന് പിഴ ഉണ്ടാവുകയില്ല.

എമർജൻസി ഫണ്ട്(Emergency Fund) സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല അക്കൗണ്ടാണിത്.






അടുത്ത ലേഖനം: ബാങ്ക് സ്ഥിര നിക്ഷേപം

നോ ഫ്രില്സ് അക്കൗണ്ട് (No Frills Account)

കുറച്ചു പണം മാത്രം കൈകാര്യം ചെയ്യുന്നവർക്കാണ് ഈ അക്കൗണ്ട് ഉപകാരപ്പെടുന്നത്. നോ ഫ്രില്സ് അക്കൗണ്ട് പൂജ്യം ബാലൻസ്(zero balance) അനുവദിക്കും. അത് കൊണ്ട് മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഉണ്ടാകില്ല.

നോ ഫ്രില്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കാവുന്ന പണത്തിനും അക്കൗണ്ടിൽ നിന്നും ഒരു കൊല്ലം ചെയ്യാവുന്ന സാമ്പത്തിക ഇടപാടുകൾക്കും മേൽ നിബന്ധന ഉണ്ടാകും. 2019’ലെ നിബന്ധനകൾ അനുസരിച്ചു ₹50,000’യിൽ കൂടുതൽ ബാലൻസ് വരികയോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഒരു കൊല്ലം നടത്തുകയോ ചെയ്താൽ പിന്നെ അക്കൗണ്ട് ‘നോ ഫ്രില്സ്’ ആയി പരിഗണിക്കുകയില്ല.






അടുത്ത ലേഖനം: സാലറി അക്കൗണ്ട്

സാലറി അക്കൗണ്ട് (Salary Account)

സാലറി അക്കൗണ്ട് അല്ലെങ്കിൽ ശമ്പള അക്കൗണ്ട് മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന ആൾക്കാർക്കു മാത്രമേ ലഭിക്കുകയുള്ളു. ഈ അക്കൗണ്ടിലേക്കായിരിക്കും ശമ്പളം നേരിട്ട് വരുന്നത്.

ഈ അക്കൗണ്ടുകൾക്കു മറ്റുള്ളവയെ അപേക്ഷിച്ചു മിനിമം ബാലൻസ് സൂക്ഷിക്കുന്ന കാര്യത്തിലും എത്ര തവണ ATM ഉപയോഗിക്കാം എന്നതിലും മറ്റും ഇളവുകൾ ഉണ്ടാകും. നിങ്ങൾക്ക് ഒരു സാലറി അക്കൗണ്ടിന് അർഹതയുണ്ടെങ്കിൽ അത് തീർച്ചയായും തുറക്കണം. ഇത് ഭാവിയിൽ ഉപകാരത്തിൽ വരും.






അടുത്ത ലേഖനം: സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്