രണ്ട് ഓഹരികളുടെ കഥ

രണ്ട് ഓഹരികളുടെ കഥ

2009 മെയ് മാസം ഞാൻ വാങ്ങാൻ ശ്രമിച്ച രണ്ടു ഓഹരികളുടെ കഥയാണിത്.

ആദ്യത്തേത് മോസർ ബെയർ ഇന്ത്യ (Moser Baer (India) Ltd).  കോമ്പാക്ട് ഡിസ്ക്(Compact Disc) അഥവാ CD ഉപയോഗിച്ചിട്ടുള്ള എല്ലാവരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പേരാണ് ഇത്. മോസർ ബെയർ CD ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഞാൻ സ്ഥിരമായി CD’കൾ വാങ്ങാറുള്ളത് കൊണ്ട് ഈ കമ്പനിയുടെ പേര് എനിക്ക് നല്ല പരിചിതമായിരുന്നു. അപ്പോഴാണ് മോസർ ബെയർ മലയാളം സിനിമകൾ CD’യിൽ റെക്കോർഡ് ചെയ്തു 10-15 രൂപക്ക്  വിൽക്കാൻ തുടങ്ങുന്നത്. ഇവ വളരെയധികം ജനപ്രിയമായിരുന്നു. ഇതിനും പുറമേ മോസർ ബെയർ കമ്പനി സോളാർ പാനൽ ബിസിനസ് തുടങ്ങാൻ പോകുന്നു എന്നും ഞാൻ വായിച്ചു. സോളാർ പാനൽ ഭാവിയുടെ ഊർജ്ജ ഉറവിടം ആണല്ലോ. പിന്നെ ഒന്നും നോക്കിയില്ല. എടുത്തു ചാടി 10,000 രൂപയ്ക്ക് ഓഹരി വാങ്ങാൻ ഓർഡർ ഇട്ടു. ഏകദേശം 90 രൂപയ്ക്കാണ് ഒരു ഓഹരി കിട്ടിയത്. 110 ഓഹരി കിട്ടി. കമ്പനിക്ക് കടം ഉണ്ടോ, നിലവിൽ കമ്പനി ലാഭത്തിൽ ആണോ എന്നൊന്നും  നോക്കാതെ ആണ് വാങ്ങിയത് എന്നു കൂടി ഓർക്കണം.

അടുത്ത കമ്പനി ശ്രദ്ധയിൽ പെട്ടത് പേജ് ഇൻഡസ്ട്രീസ്(Page Industries Ltd.) ആണ്. ICICI ബാങ്കിൻ്റെ ഡീമാറ്റ് അക്കൗണ്ട് ശാഖ ആയ ICICI Direct’ൽ നിന്നു വരുന്ന ഒരു ഇമെയിൽ വഴിയാണ് ഞാൻ ഈ കമ്പനിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഈ കമ്പനിയാണ് ഇന്ത്യയിൽ ജോക്കി(Jockey) ബ്രാൻഡ് തുണി ഉൽപന്നങ്ങൾ വിൽക്കുന്നത്.  ഞാൻ ജോക്കിയുടെ ഒരു സ്ഥിരം ഉപഭോക്താവ് ആയിരുന്നു. ICICI Direct’ൻ്റെ അഭിപ്രായം പ്രകാരം ഈ കമ്പനി നല്ല സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഇനി ഒരുപാട് വളർച്ചയ്ക്കും സാധ്യതയുണ്ട്. ഇവരുടെ ഉൽപന്നങ്ങളുടെ ഗുണമേന്മ നേരിട്ട് അറിയാവുന്നതു കൊണ്ട് ഇതിൻ്റെ ഓഹരി വാങ്ങാനും ഞാൻ 10,000 രൂപയ്ക്ക് ഓർഡർ കൊടുത്തു. പക്ഷേ ഒരു മണ്ടത്തരം കാണിച്ചു. 401 രൂപയായിരുന്നു അപ്പോൾ ഓഹരിയുടെ വില. 25 എണ്ണം 400 രൂപയ്ക്ക് വാങ്ങാനാണ് ഞാൻ ഓർഡർ ഇട്ടത്. ഒരു ദിവസം മുകളിലേക്കും താഴേക്കും രണ്ടു മൂന്ന് രൂപ വില മാറുന്നത് സർവ്വ സാധാരണമാണ്. വിലകുറഞ്ഞ 400 ലെത്തുമ്പോൾ വാങ്ങാം അല്ലെങ്കിൽ അടുത്ത ദിവസം വാങ്ങാം എന്നു വിചാരിച്ചു. അന്ന് വില കുറഞ്ഞും ഇല്ല, പിന്നെ കുറെ ദിവസത്തേക്ക് എനിക്ക് അക്കൗണ്ടിൽ കയറാൻ സാധിച്ചുമില്ല. അതുകൊണ്ട് പേജ് ഇൻഡസ്ട്രീസ് ഇന്ത്യയുടെ ഓഹരി എൻ്റെ കയ്യിൽ ഇല്ല.

അതിനു ശേഷം എനിക്ക് വിദേശത്ത് പോയി ജോലി ചെയ്യാൻ അവസരം കിട്ടിയ കാരണം മൂന്നാല് വർഷങ്ങൾക്കു ശേഷമാണ് ഞാൻ പിന്നെ ഓഹരി വിപണി ശ്രദ്ധിക്കുന്നത്.

ഇന്ന് ജനുവരി 31 2019’ൽ മോസർ ബെയർ ഒരു ഓഹരിക്ക് 1 രൂപ 38 പൈസ. എൻ്റെ കയ്യിലുള്ള 110 ഓഹരിക്ക് വില 151 രൂപ 80 പൈസ.

ഇന്ന് ജനുവരി 31 2019’ൽ പേജ് ഇൻഡസ്ട്രീസ് ഒരു ഓഹരിക്ക് 25,195 രൂപയാണ് വില. 25 ഓഹരി ഉണ്ടായിരുന്നെങ്കിൽ 6,29,875 രൂപ.

പാഠം 1: ഓഹരി വിപണിയിൽ വൻ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. നഷ്ടപ്പെട്ടാൽ വിഷമമില്ലാത്ത പണമേ ഓഹരികളിൽ നിക്ഷേപിക്കാവൂ.

പാഠം 2: ഓഹരി വിപണിയിൽ വൻ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

പാഠം 3: ഒരു നിക്ഷേപം തിരഞ്ഞെടുത്താൽ പിന്നെ ഒന്നു രണ്ട് രൂപ ലാഭിക്കാൻ വേണ്ടി പിശുക്ക് കാണിക്കരുത്.

എല്ലാ വശങ്ങളും ശ്രദ്ധിച്ചു ഓഹരി വാങ്ങാൻ എല്ലാവർക്കും സാധിക്കില്ല. അതു കൊണ്ടാണ് മ്യൂച്ചൽ ഫണ്ടുകൾ സാധാരണക്കാരന് ഏറ്റവും യോജിച്ച ഓഹരി വിപണി നിക്ഷേപ മാർഗ്ഗം ആയി മാറുന്നത്. കുറച്ചു തുക വെച്ച് മാസാ മാസം നിക്ഷേപിച്ചാൽ ഫണ്ട് മാനേജർ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തു കൊള്ളും. നമുക്ക് തലവേദന കുറവാണ്.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.

അടുത്ത ലേഖനം: മ്യൂച്വൽ ഫണ്ട് (Mutual Funds)

ഒരു ULIP വാങ്ങിയ കഥ

ഈ കഥയ്ക്ക് വേണ്ടി എന്നെ പഠിപ്പിച്ച ടീച്ചറുടെ പേര് മാറ്റി റോസി മിസ് എന്ന് വിളിക്കാം.

ജോലി കിട്ടി ഒരു കൊല്ലത്തോളം കഴിഞ്ഞപ്പോഴാണ് എന്നെ പഠിപ്പിച്ച റോസി മിസ്സ് വീട്ടിൽ വരുന്നത്. മിസ്സ് ഇപ്പോൾ പഠിപ്പിക്കൽ ഒക്കെ നിർത്തി എൽഐസി(LIC) ഏജൻറ് ആണ് .

“ജോലി കിട്ടി ഒരു കൊല്ലമായില്ലേ? ഇനി കുറച്ച് പോളിസി എടുക്കണം സേവിങ്  തുടങ്ങണം” എന്ന് ഉപദേശിച്ചു. മിസ്സിൻ്റെ നിർദ്ദേശമനുസരിച്ച് ഒരു ULIP (Unit Linked Insurance Policy) പോളിസിയിൽ ഞാൻ ചേർന്നു .

ഇതാണ് മിസ്സ് പറഞ്ഞ കാര്യങ്ങൾ.

  • കഴിഞ്ഞ മൂന്നു കൊല്ലമായി 15 ശതമാനത്തോളമാണ് പോളിസി ഫണ്ടിൻ്റെ വളർച്ച.
  • ULIP എടുത്താൽ ഓഹരിവിപണി നിക്ഷേപവും നടക്കും ഇൻഷുറൻസ് കവറേജും കിട്ടും.
  • ചെറുപ്പക്കാർക്ക് പറ്റിയ ഏറ്റവും നല്ല പോളിസിയാണിത്.
  • ഈ പോളിസിയിൽ ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടും വേറെ ഓഹരി അല്ലാത്ത നിക്ഷേപങ്ങൾ ചെയ്യുന്ന ഫണ്ടും ഉണ്ട്. നമുക്ക് എപ്പോൾ വേണമെങ്കിലും ഏതു ഫണ്ടിലേക്കും മാറാം.

മാസം രണ്ടായിരം രൂപ വെച്ച് വർഷം 24,000 രൂപ അടവുള്ള പോളിസിയാണ് ഞാൻ എടുത്തത്.

അന്ന് എനിക്ക് നിക്ഷേപങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു . പോളിസി എടുത്ത പേപ്പറൊക്കെ കയ്യിൽ കിട്ടി ഒന്ന് രണ്ട് കൊല്ലം കഴിയുമ്പോൾ ആണ് എനിക്ക് ഓഹരി വിപണിയെയും നിക്ഷേപത്തെയും കുറിച്ച് വിവരം വയ്ക്കുന്നത്. അങ്ങനെ 2010 തുടക്കത്തിൽ ഓഹരി വിപണി ഇടിഞ്ഞു നിൽക്കുകയല്ലേ എല്ലാ നിക്ഷേപങ്ങളും ഓഹരിയിലേക്ക് മാറ്റണമെന്ന് വിചാരിച്ച് ഞാൻ റോസി മിസ്സിനെ വിളിച്ചു . അപ്പോഴാണ് ആദ്യത്തെ ഷോക്ക് കിട്ടിയത് . “ഇതൊന്നും നീ ഞങ്ങളോട് പറയേണ്ട , എന്താ ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കറിയാം. നീ പൈസ ഇട്ടാൽ മാത്രം മതി” എന്നാണ് മിസ്സ് അന്ന് എന്നോട് പറഞ്ഞത്. ഞാൻ അന്തിച്ചു പോയി . എൻ്റെ പൈസ എന്ത് ചെയ്യണമെന്ന് ഞാൻ പറയേണ്ടെന്ന്!!! എന്ത് ചെയ്യാൻ പറ്റും. പഠിപ്പിച്ച ടീച്ചർ അല്ലെ, ഒന്നും പറയാൻ പറ്റില്ലല്ലോ.

എന്നാൽ പിന്നെ ഈ പോളിസിയെ കുറിച്ച് കൂടുതൽ അറിയാം എന്നു വിചാരിച്ച് ഞാൻ പോളിസി രേഖകൾ എടുത്തു  വായിച്ചു . അപ്പോഴാണ് രണ്ടാമത്തെ ഷോക്ക്. ആദ്യത്തെ കൊല്ലം അടച്ച തുകയുടെ 40 ശതമാനത്തോളം, ഏകദേശം 24,000 രൂപയിൽ നിന്നും 10,000 രൂപ, ഫീസായി കമ്പനി എടുത്തു. ഇൻഷ്വറൻസ് കവറേജ് തരാനുള്ള ഫീസ് ആണിത് എന്നാണ് വെപ്പ്. ഇൻഷുറൻസ് കവറേജ് എത്രയായിരുന്നു എന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല. എന്തായാലും 2 ലക്ഷമോ 5 ലക്ഷമോ ആയിരുന്നു. അതിൽ കൂടുതൽ ഉണ്ടാവാൻ സാധ്യതയില്ല. രണ്ടാമത്തെ കൊല്ലം ഏകദേശം 6,000 രൂപയും മൂന്നാമത്തെ കൊല്ലം ഏകദേശം 4,000 രൂപയും ഈ രീതിയിൽ ഫീസായി പോയി. അപ്പോൾ മൂന്നു കൊല്ലം കൊണ്ട് നിക്ഷേപിച്ച 72,000 രൂപയിൽ നിന്നും 20,000 രൂപ ഫീസായി LIC പിടിച്ചു. ദൈവം തമ്പുരാൻ സഹായിച്ചു മൂന്നു കൊല്ലം അടച്ചാൽ പിന്നെ നിർത്താൻ പിഴ ഇല്ല. അതുകൊണ്ട് അപ്പോൾ തന്നെ അടവ് നിർത്തി. ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞ് പോളിസി ക്ലോസ് ചെയ്ത് പൈസ എടുക്കുകയും ചെയ്തു.

മൂന്നുകൊല്ലം കൊണ്ട് 72,000 രൂപ നിക്ഷേപിച്ചിട്ട് രണ്ടു കൊല്ലം കൂടി കാത്തിരുന്നതിനു ശേഷം എടുത്തപ്പോൾ കിട്ടിയത് 82,000 രൂപ. ഇതേ കാലയളവിൽ മ്യൂച്ചൽ ഫണ്ടുകൾ ഇരട്ടിയിലേറെ വളർന്നു. ഞാൻ അടച്ച അടവുകൾ ഒരെണ്ണം 2009ലും ഒരെണ്ണം 2010ലും ആയിരുന്നു. ഈ രണ്ടു കൊല്ലങ്ങളും ഓഹരി വിപണി ഇടിഞ്ഞു തള്ളി നിന്ന കാരണം കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ പറ്റി  എന്നതുകൊണ്ടു മാത്രമാണ് ഇട്ട പണമെങ്കിലും തിരിച്ചു കിട്ടിയത്. 5 ലക്ഷം രൂപയ്ക്ക് ടേം(Term) ഇൻഷുറൻസ് പോളിസി വാങ്ങണമെങ്കിൽ ഒരു കൊല്ലം 500 രൂപയെ ഉള്ളൂ. 2,500 രൂപയ്ക്ക് അഞ്ചു കൊല്ലത്തേക്ക് ഇൻഷുറൻസും ബാക്കി തുകക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപവും നടത്തിയിരുന്നെങ്കിൽ 5 കൊല്ലം കഴിയുമ്പോൾ ഒരു ഒന്നേകാൽ ലക്ഷം രൂപ എങ്കിലും കിട്ടിയേനെ. ഏകദേശം 50,000 രൂപ നഷ്ടം. എൻ്റെ മൊത്ത സമ്പാദ്യം ഒരു ലക്ഷം രൂപയിൽ താഴെയുള്ളപ്പോഴാണ് ഇത് എന്ന് ഓർക്കണം.

അന്ന് നിർത്തിയതാണ് പരിചയക്കാരിൽ നിന്ന് പോളിസി വാങ്ങുന്ന പരിപാടി. മൂന്നാലു കൊല്ലം മുന്നേ ആൻറിയും വന്നിരുന്നു ഒരു ULIP പോളിസിയുമായി. ഒരു 20,000 രൂപയുടെ പോളിസി എടുത്തിരുന്നെങ്കിൽ എനിക്ക് സഹായം ആയേനെ എന്ന് പറഞ്ഞു.  ഞാൻ പറഞ്ഞു ആൻറിക്ക് ഞാൻ 20,000 രൂപ തരാം എന്നാലും ഞാൻ പോളിസി എടുക്കില്ല.

ഒരു കാര്യം കൂടി, റോസി മിസ് എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ടീച്ചർക്ക് ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന പോളിസി ടീച്ചർ വിറ്റു എന്നേയുള്ളൂ. ടീച്ചർക്ക്, ഞാൻ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം കിട്ടുമെന്നോ 23 വയസ്സിൽ എനിക്ക് ഇൻഷ്വറൻസ് ആവശ്യമില്ല എന്നുള്ളതോ അറിയണമെന്നില്ല. പഠിപ്പിച്ച ടീച്ചർക്ക് നമ്മൾ ഒരു സംശയത്തിൻ്റെ ആനുകൂല്യം കൊടുക്കണമല്ലോ.

ഹെൽത്ത് ഇൻഷുറൻസ് (Health Insurance)

ആമുഖം

എൻ്റെ പേര് സിബിൻ ജോസഫ്. ഞാൻ ഇവിടെ എഴുതുന്നതെല്ലാം എൻ്റെ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളാണ്. ചിലതു വായിച്ചു കിട്ടിയ അറിവുകളും. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീഷിക്കുന്നു.

ഞാൻ 2002’ൽ +2  പാസ് ആയി എൻട്രൻസ് എക്സാം എഴുതി കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. 2006’ൽ പഠിച്ചു കഴിഞ്ഞപ്പോൾ കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി കിട്ടി.

2019 ആകുമ്പോൾ ജോലിയിൽ കയറിയിട്ടു 12 വർഷം തികയും. 6.5  കൊല്ലം ഇന്ത്യയിലും 5.5 കൊല്ലം വിദേശത്തും. എൻ്റെ സാമ്പത്തിക നിലവാരം ശരാശരി ആണ്.  ഈ കാലയളവില്‍  ഒരു ടു വീലർ ലോൺ, ഒരു കാർ ലോൺ, ഒരു ഹോം ലോൺ, രണ്ടു പേഴ്‌സണൽ ലോൺ എന്നിവ എടുക്കുകയും അടച്ചു തീർക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴും രണ്ടു ക്രെഡിറ്റ് കാർഡ് അക്കൗണ്ട് എങ്കിലും ഞാൻ ഉപയോഗിക്കാറുണ്ട്.

എനിക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Term Insurance) ഉണ്ട്. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയും എൻ്റെ കുടുംബത്തിനുണ്ട്.

എൻ്റെ ഇന്ത്യൻ സമ്പാദ്യം PPF നിക്ഷേപവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഓഹരിയിലും  ആണ്.

മുകളിൽ പറഞ്ഞ പോലെ ഈ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളും പിന്നെ വായിച്ചറിഞ്ഞ കാര്യങ്ങളും ആണ് ഇവിടെ എഴുതുന്നത്. പെട്ടെന്നു പണക്കാരൻ ആകാൻ ഉള്ള കുറുക്കു വഴികൾ ഒന്നും എനിക്കറിയില്ല. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണ് എൻ്റെ സാമ്പത്തിക നയം.

അത് പോലെ, എനിക്ക് ബ്ലാക്ക് മണി (black money) കൈകാര്യം ചെയ്‌ത്‌ പരിചയം ഇല്ല. ഞാൻ നികുതി വെട്ടിപ്പിൽ വിശ്വസിക്കുന്നുമില്ല. അത് കൊണ്ട് ഈ വെബ്‌സൈറ്റിൽ പറയുന്നതെല്ലാം നികുതി വെട്ടിക്കാതെ പണം ഉണ്ടാക്കാനുള്ള കാര്യങ്ങൾ ആണ്.