അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ഇൻഷുറൻസ് വാങ്ങാതെ ഇരിക്കുന്നത് പോലെ തന്നെ അപകടകരമായ കാര്യമാണ് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇൻഷുറൻസ് പോളിസി വാങ്ങുന്നത്.

ഭൂരിഭാഗം ആൾക്കാരും ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കുഴച്ച് ക്യാഷ് ബാക്ക് പോളിസികളോ അല്ലെങ്കിൽ യൂലിപ്(ULIP) പോളിസികളോ ആണ് വാങ്ങുന്നത്. ഇവയിൽ നിന്നും ആവശ്യമുള്ള ഇൻഷുറൻസ് ലഭിക്കുകയില്ല എന്ന് മാത്രമല്ല നിക്ഷേപമായി കണക്കാക്കിയാൽ നല്ല വരുമാനം ലഭിക്കുകയും ഇല്ല. 

ഒരിക്കൽ തുടങ്ങി പോയാൽ പിന്നെ കനത്ത നഷ്ടം സഹിക്കാതെ നിർത്താനും സാധിക്കുകയില്ല. ഈ നഷ്ടം കാരണമാണ് ഭൂരിഭാഗം ആൾക്കാരും പോളിസി നിർത്താതെ തുടരുന്നത്. ഈ പോളിസിയുടെ അടവുകൾ നമ്മളെ ആവശ്യമുള്ള ഇൻഷുറൻസ് സുരക്ഷ വാങ്ങുന്നതിൽ നിന്നും ആവശ്യമുള്ള നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും തടയും.

ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസിക്ക് മാസം 5000  രൂപ ആണ് പൊതുവേയുള്ള അടവ്. ടേം(Term) ഇൻഷുറൻസ് പോളിസി ആണെങ്കിൽ ഇൻഷുറൻസ് പോളിസിയുടെ അടവ് മാസം വെറും 100 രൂപയും ശേഷം വരുന്ന 4900 രൂപ നിക്ഷേപിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും നിർത്തുകയും ചെയ്യാം. ഇനി നമുക്ക് ഒരു കോടിയുടെ ടേം ഇൻഷുറൻസ് വേണമെന്നുണ്ടെങ്കിൽ 1000 രൂപയുടെ മാസ അടവുള്ള ടേം ഇൻഷുറൻസ് വാങ്ങിയിട്ട് ബാക്കി 4000 രൂപ നിക്ഷേപിക്കുകയും ചെയ്യാം. 

പക്ഷേ ക്യാഷ് ബാക്ക് പോളിസി തുടങ്ങി പോയിട്ടുണ്ടെങ്കിൽ, പോളിസി നിർത്തുമ്പോൾ, അടച്ച കാശിൽ കുറച്ചു നഷ്ടം വരും എന്നുള്ളത് കാരണം നമ്മൾ നിർത്തുകയില്ല. അതു കാരണം നമ്മുടെ ആവശ്യത്തിനുള്ള ഇൻഷുറൻസ് വാങ്ങാനുള്ള തുക കയ്യിൽ ഉണ്ടാവുകയുമില്ല.

ഒരു പുതിയ ഇൻഷുറൻസ്  പോളിസി ആരംഭിക്കുമ്പോൾ എല്ലായ്പ്പോഴും വളരെ അധികം ശ്രദ്ധിക്കുക. ക്യാഷ് ബാക്ക് പോളിസികളും യൂലിപ് (ULIP) പോളിസികളും ഒഴിവാക്കുക.






അടുത്ത ലേഖനം: ഡെയ് ട്രേഡിങ്ങ് (Day Trading in Stocks)

ഓഹരികളിൽ നിക്ഷേപിക്കാൻ വായ്പ എടുക്കുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ഓഹരികൾ വളരെ പെട്ടെന്ന് വലിയ നേട്ടങ്ങളും അതേ വേഗത്തിൽ തന്നെ നഷ്ടങ്ങളും തരാൻ സാധ്യതയുള്ള ഒരു നിക്ഷേപ മാർഗമാണ്. വലിയ നേട്ടങ്ങൾ ആദ്യം ലഭിക്കുന്ന പുതിയ നിക്ഷേപകർക്ക് പറ്റുന്ന അബദ്ധമാണ് ലോണെടുത്തും കടം വാങ്ങിച്ചും നിക്ഷേപിക്കുക എന്നത്.

ഒറ്റ ദിവസം കൊണ്ട് 50 ശതമാനവും 100 ശതമാനവും നേട്ടം വരുന്ന സാഹചര്യം ഓഹരികളിൽ ഉണ്ടായിട്ടുണ്ട്. ഇത് കണ്ട് പലിശക്ക് പണമെടുത്തു ഓഹരിയിൽ നിക്ഷേപിച്ചാൽ അതേ പോലെ തന്നെ 50 ശതമാനവും 100 ശതമാനവും നഷ്ടം വരുന്ന ദിവസങ്ങളും ഉണ്ടാകും. മുതൽ നഷ്ടമാകും. പിന്നെ ലോണിൻ്റെ മുതലും പലിശയും തിരിച്ചു അടയ്‌ക്കേണ്ടി വരികയും ചെയ്യും.

ഇതേ പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ ബ്രോക്കർമാർ തരുന്ന മാർജിൻ(Margin) സംവിധാനവും. നമ്മുടെ അക്കൗണ്ടിലുള്ള തുകയുടെ അനവധി ഇരട്ടി തുകക്ക് ഓഹരി കച്ചവടം (ട്രേഡിങ്/trading) നടത്താൻ ബ്രോക്കർ സമ്മതിക്കും . ഉദാഹരണത്തിന് അക്കൗണ്ടിൽ 1 ലക്ഷം രൂപയുണ്ടെങ്കിൽ പത്തിരട്ടി രൂപയ്ക്ക് ട്രേഡിങ് നടത്താൻ സമ്മതിക്കും. എന്ന് വച്ചാൽ 10 ലക്ഷം രൂപയുടെ ട്രേഡിങ് നടത്താം. പക്ഷേ അവർ പറയുന്ന സമയത്തിനുള്ളിൽ കാശ് അടയ്ക്കണം അല്ലെങ്കിൽ ഓഹരി വിറ്റ് തിരിച്ചു രൂപ അക്കൗണ്ടിൽ എത്തിക്കണം. ഒരു ദിവസമാണ് കാലാവധി എന്ന് വിചാരിക്കു. രാവിലെ 10 ലക്ഷം രൂപയ്ക്ക് ഓഹരി വാങ്ങിച്ച് വൈകിട്ട് 11 ലക്ഷം രൂപയ്ക്ക് വിറ്റാൽ നമുക്ക് ഒരു ലക്ഷം രൂപ ലാഭം. ഒരു ലക്ഷത്തിന് വാങ്ങി 1.1 ലക്ഷത്തിന്  ആണ് വിറ്റിരുന്നത് എങ്കിൽ വെറും 10,000 രൂപയാണ് ലാഭം. ബ്രോക്കർക്ക് ഒരു ലക്ഷം രൂപയുടെ കമ്മീഷൻ ലഭിക്കുന്നതിന് പകരം പത്തു ലക്ഷം രൂപയുടെ കച്ചവടത്തിന് കമ്മീഷൻ ലഭിക്കും.

ഇനി വൈകിട്ട് വിൽക്കാൻ നേരത്തു 11 ലക്ഷത്തിന് പകരം വിലയിടിഞ്ഞു 5 ലക്ഷം രൂപയെ വിലയുള്ളു എന്ന് വിചാരിക്കൂ. അപ്പോൾ കാലാവധി കഴിഞ്ഞതു കൊണ്ട് നമുക്ക് മൊത്തം ഓഹരി വാങ്ങിയ തുക ആയ  10 ലക്ഷം അക്കൗണ്ടിൽ എത്തിക്കണം[10 -1 = 9 ലക്ഷം ]. ഇതിനു പുറമെ 10 ലക്ഷം രൂപയുടെ ട്രേഡിങ്ങ് കമ്മിൻഷൻ തുകയും. ഇതിനു പറ്റിയില്ലെങ്കിൽ വാങ്ങിയ ഓഹരികൾ വിൽക്കേണ്ടി വരും. 5 ലക്ഷം രൂപ മാത്രം കിട്ടിയ കാരണം ബാക്കി അഞ്ച് ലക്ഷം രൂപ കൂടി കൊടുക്കേണ്ടി വരും. അപ്പോഴും ബ്രോക്കർക്ക് 10 ലക്ഷം രൂപയുടെ കച്ചവടത്തിന് കമ്മീഷൻ ലഭിക്കും.

ഓഹരി വിപണിയിൽ കളിച്ചു സ്വത്തുക്കൾ നശിച്ചു പോയ ആൾക്കാരുടെ ചരിത്രം വായിക്കുമ്പോൾ ലോണെടുത്ത് നിക്ഷേപിച്ചവരും മാർജിൻ ഉപയോഗിച്ച് ട്രേഡിങ് നടത്തിയവരും ആണ് ഏറ്റവും കൂടുതൽ.അതു കൊണ്ട് നിങ്ങളുടെ മുഴുവൻ സമയ ജോലി ഇത് അല്ലെങ്കിൽ ഓഹരി ട്രേഡിങ്ങ് ഒഴിവാക്കുന്നത് ആണ് നല്ലത്.

അടുത്ത ലേഖനം: വിൽപത്രം എഴുതാത്തത്






സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

എന്താണ് സുകന്യ സമൃദ്ധി യോജന?

പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ഇന്ത്യൻ ഗവൺമെൻറ് തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana or SSY) . 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി കുട്ടിയുടെ രക്ഷകർത്താവിന് മാത്രമാണ് ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുക.

21 വർഷമാണ് കാലാവധി. ആദ്യത്തെ 15 കൊല്ലം നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകക്ക് നികുതിയിളവ് കിട്ടും. പലിശയ്ക്ക് നികുതിയില്ല. അക്കൗണ്ട് 21 കൊല്ലം കഴിഞ്ഞു നിർത്തുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല. 21 വർഷത്തിനു മുൻപ് പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞാൽ അക്കൗണ്ട്  ക്ലോസ് ആകും.

ഇന്ത്യൻ ഗവൺമെൻറ് ഉറപ്പു തരുന്ന നികുതി ഇല്ലാത്ത നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ പലിശ ഉള്ള അക്കൗണ്ടാണ് സുകന്യ സമൃദ്ധി യോജന.

എന്താണ് സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ കാലാവധി?

21 കൊല്ലമാണ് കാലാവധി. ആദ്യത്തെ 15 കൊല്ലം നിക്ഷേപം നടത്താം. 21 വർഷത്തിനു മുൻപ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ് ആകും.

ചികിത്സാച്ചെലവിനോ വിദ്യാഭ്യാസ ചെലവിനോ വേണ്ടി 5 കൊല്ലത്തിനു ശേഷം അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ഉള്ള സൗകര്യം ഉണ്ട്. പെൺകുട്ടി അകാല മരണത്തിന് ഇരയായാലും അക്കൗണ്ട് ക്ലോസ് ചെയ്യാൻ പറ്റും.

ഇങ്ങനെ മുൻപേ ക്ലോസ് ചെയ്തില്ല എന്നുണ്ടെങ്കിൽ 21 കൊല്ലം കഴിയുമ്പോൾ അക്കൗണ്ട് ക്ലോസ് ആയി മുതലും പലിശയും ചേർത്ത് കിട്ടും.

എത്രയാണ് സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

നിലവിൽ 250 രൂപ ആണ് കുറഞ്ഞ/മിനിമം ഡിപ്പോസിറ്റ്. ഓരോ കൊല്ലവും 250 രൂപയെങ്കിലും നിക്ഷേപിക്കണം എന്ന് നിയമമുണ്ട്.

സുകന്യ സമൃദ്ധി യോജനയിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

ഒരു കൊല്ലം എത്ര നിക്ഷേപം വേണമെങ്കിലും നടത്താം.

സുകന്യ സമൃദ്ധി യോജനയിൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

ഏറ്റവും കുറഞ്ഞത് 250 രൂപയും ഏറ്റവും കൂടിയത് 1,50,000 രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങിയതിന് ശേഷം ആദ്യത്തെ 15 കൊല്ലം മാത്രമേ നിക്ഷേപിക്കാൻ പറ്റുകയുള്ളൂ.

സുകന്യ സമൃദ്ധി യോജന  എങ്ങനെ തുടങ്ങും?

പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്ക് ബ്രാഞ്ചുകളിലും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും അഡ്രസ്സ് പ്രൂഫും വേണ്ടി വരും.

ആർക്കാണ് സുകന്യ സമൃദ്ധി യോജന വാങ്ങാൻ കഴിയുക?

10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ രക്ഷകർത്താക്കൾക്ക് മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ. ഒരു പെൺകുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളൂ.  അതേ പോലെ തന്നെ ഒരു രക്ഷകർത്താവിന് രണ്ടു പെൺകുട്ടികൾക്ക് വേണ്ടി മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.

സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

ജൂലൈ 1 2019 പ്രഖ്യാപിച്ച നിരക്ക് 8.4 ശതമാനം ആണ്. എല്ലാ 3 മാസത്തിലും ഗവൺമെൻറ് ഈ നിരക്ക് പുതുക്കി പ്രഖ്യാപിച്ചു കൊണ്ടിരിക്കും.  പി പി എഫ് അക്കൗണ്ടിനേക്കാളും 0.5 ശതമാനം പലിശ കൂടുതൽ ആണ് ഈ അക്കൗണ്ടിൽ.

നികുതി കണക്കാക്കിയതിന് ശേഷം:

സുകന്യ സമൃദ്ധി യോജനയുടെ അക്കൗണ്ടുകൾക്ക് നികുതിയില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് 80 C പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുകയും ചെയ്യും.

സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

എടുത്തു പറയത്തക്ക ഫീസ് ഒന്നുമില്ല.

മറ്റു നേട്ടങ്ങൾ

നികുതിയിളവ് ലഭിക്കുന്ന, സർക്കാർ ഉറപ്പ് തരുന്ന, മുതലിനും പലിശക്കും നികുതി കൊടുക്കേണ്ടാത്ത ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് സുകന്യ സമൃദ്ധി യോജന. 

സുകന്യ സമൃദ്ധി യോജന നിക്ഷേപം വേണമോ ??

നികുതി ലാഭിക്കാനായി പി പി എഫ് (PPF) അക്കൗണ്ട് തുടങ്ങാനുദ്ദേശിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് പരിഗണിക്കേണ്ടതാണ്. നിങ്ങൾക്ക് 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടി ഉണ്ടെങ്കിൽ മാത്രമേ ഇത് തുടങ്ങാൻ സാധിക്കുകയുള്ളൂ. 21 കൊല്ലം കാലാവധിയുണ്ട് എന്നും ഓർക്കണം.

പക്ഷേ പി പി എഫ് അക്കൗണ്ടിനെക്കാളും 0.5 ശതമാനം പലിശ കൂടുതൽ കിട്ടും. ഉറപ്പുള്ള നിക്ഷേപങ്ങൾ മാത്രമേ നിങ്ങൾക്ക് താല്പര്യം ഉള്ളു എന്നുണ്ടെങ്കിൽ സുകന്യ സമൃദ്ധി യോജന ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്.

അടുത്ത ലേഖനം: കിസാൻ വികാസ് പത്ര






നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (National Savings Certificate)

എന്താണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ?

സർക്കാർ ഉറപ്പു നൽകുന്ന 5 വർഷം കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് അഥവാ NSC. നിക്ഷേപത്തിന് സർക്കാർ നിശ്ചയിക്കുന്ന പലിശ നിരക്ക് ലഭിക്കും. August 2019’ലെ പലിശ 7.9 ശതമാനമാണ്.

എന്താണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപത്തിൻ്റെ കാലാവധി?

5 വർഷമാണ് കാലാവധി. കാലാവധി തീരുന്നതിന് മുൻപ് പിൻവലിക്കുവാൻ സാധിക്കുകയില്ല. 

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ലോൺ എടുക്കുന്നതിന് ഈടായി (ജാമ്യം/collateral) കൊടുക്കാൻ പറ്റും. അതു കൊണ്ട് അഞ്ചു കൊല്ലത്തിനു മുന്നേ ആവശ്യം വന്നാൽ സർട്ടിഫിക്കറ്റിന്  എതിരെ ലോൺ എടുക്കാം.

എത്രയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

100 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി മാത്രമേ നിക്ഷേപിക്കാൻ പറ്റുകയുള്ളൂ.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

ഒരു തവണ വാങ്ങിയാൽ പിന്നെ നിക്ഷേപം നടത്തേണ്ട കാര്യമില്ല. പിന്നെയും നിക്ഷേപിക്കണം എന്ന് ഉണ്ടെങ്കിൽ അടുത്ത സർട്ടിഫിക്കറ്റ് വാങ്ങണം.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  എങ്ങനെ തുടങ്ങും?

പോസ്റ്റ് ഓഫീസുകളിൽ നിന്നാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് വാങ്ങുക. അക്കൗണ്ട് ക്ലോസ് ചെയ്യാൻ വാങ്ങിയ പോസ്റ്റ് ഓഫീസിൽ തന്നെ പോകണം എന്ന് നിബന്ധനയുണ്ട്. പോസ്റ്റോഫീസ് ഒരിക്കൽ മാറ്റം(ട്രാൻസ്ഫർ/tranfer) ചെയ്യാൻ ഉള്ള സൗകര്യവും ഉണ്ട്.

ആർക്കാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  വാങ്ങാൻ കഴിയുക?

 ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും ഇതു വാങ്ങാൻ പറ്റും.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

നിലവിൽ 7.9 ശതമാനമാണ് പലിശ. എല്ലാ വർഷവും ഓട്ടോമാറ്റിയ്ക്കായി പലിശ തിരിച്ചു നിക്ഷേപിക്കും.

 ഓരോ പാദത്തിലും അഥവാ 3 മാസത്തിലും സർക്കാർ പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. നമ്മൾ സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ നിലവിലുള്ള പലിശ നമ്മുടെ നിക്ഷേപ കാലാവധി ആയ 5 വർഷവും നമുക്ക് ലഭിക്കും. വാങ്ങിയ ശേഷം പലിശ കുറഞ്ഞാലും നമ്മൾ വാങ്ങിയ പലിശ കുറയില്ല.

നികുതി കണക്കാക്കിയതിന് ശേഷം:

നിക്ഷേപിക്കുന്ന തുകക്ക് 80 C വകുപ്പ് പ്രകാരം 1.5 ലക്ഷം വരെ നികുതിയിളവ് ലഭിക്കും. ഓരോ കൊല്ലവും സർട്ടിഫിക്കറ്റിൽ നിന്നും ലഭിക്കുന്ന പലിശ 80C പ്രകാരം നികുതി ഇളവിനായി ഉപയോഗിക്കാവുന്നതാണ്.

പലിശ ഇങ്ങനെ നികുതി ഇളവിനായി ഉപയോഗിച്ചില്ലെങ്കിൽ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൻ്റെ പലിശയും വരുമാനമായി കണക്കാക്കി അതിനു നികുതി കൊടുക്കേണ്ടി വരും.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

 എടുത്തു പറയത്തക്ക ഫീസുകൾ ഒന്നുമില്ല.

മറ്റു നേട്ടങ്ങൾ

വായ്പക്ക്   ഈടായി നൽകാം എന്ന ഒരു നേട്ടം ഈ സർട്ടിഫിക്കറ്റിന്  ഉണ്ട്.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപം വേണമോ ??

വിലക്കയറ്റം പണത്തിൻ്റെ മൂല്യം കളയാതെ 5 കൊല്ലം പണം സൂക്ഷിക്കണം എന്നുണ്ടെങ്കിൽ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ഒരു നല്ല മാർഗ്ഗമാണ്. 5 കൊല്ലത്തിനു ശേഷം പണം അത്യാവശ്യം ഇല്ലെങ്കിൽ നികുതി ലഭിക്കാനായി പിപിഎഫ്(PPF) ആണ് മികച്ച മാർഗ്ഗം. കാരണം പിപിഎഫ് പലിശയ്ക്കു നികുതി കൊടുക്കേണ്ട എന്നതു തന്നെ.

അടുത്ത ലേഖനം: NPS (നാഷണൽ പെൻഷൻ സിസ്റ്റം)






കിസാൻ വികാസ് പത്ര (Kisan Vikas Patra)

എന്താണ്  കിസാൻ വികാസ് പത്ര?

ഇന്ത്യൻ ഗവൺമെൻറ് നിക്ഷേപകർക്ക് വേണ്ടി നടത്തുന്ന ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക 113 മാസം അല്ലെങ്കിൽ 9 വർഷവും 5 മാസവും കഴിഞ്ഞാൽ ഇരട്ടിയാകുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. 

ഓരോ പാദത്തിലും [3 മാസത്തിലും] പലിശ നിരക്ക് പുതുക്കി പ്രഖ്യാപിക്കുന്നതാണ്. പക്ഷേ നിക്ഷേപിക്കുന്ന സമയത്തെ പലിശ നിക്ഷേപത്തിൻ്റെ കാലാവധി മൊത്തം നിശ്ചിതമായി തുടരുന്നതാണ് . പുതിയ നിക്ഷേപം നടത്തുകയാണെങ്കിൽ ആ പാദത്തിലെ പലിശ ആണ് ലഭിക്കുക എന്ന് മാത്രം.

ഇന്ത്യൻ ഗവൺമെൻറ്  ഉറപ്പു നൽകുന്ന പദ്ധതി ആയതിനാൽ നിക്ഷേപത്തിന് ഒരിക്കലും നഷ്ടം സംഭവിക്കുകയില്ല.

എന്താണ്  കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ കാലാവധി?

ജൂലൈ 1, 2019’ൽ 9 വർഷവും 5 മാസവും അഥവാ 113 മാസം.

30 മാസം കഴിഞ്ഞാൽ കിസാൻ വികാസ് പത്ര കാലാവധിക്ക് മുൻപേ വിൽക്കാൻ സാധിക്കും. പിഴ കൊടുക്കേണ്ടി വരും എന്നു മാത്രം. നിലവിലെ കണക്കനുസരിച്ച് 30 മാസം കഴിഞ്ഞ് വിൽക്കുകയാണെങ്കിൽ 1000 രൂപയ്ക്ക് 1173 രൂപ ലഭിക്കും. മൂന്ന് കൊല്ലം കഴിഞ്ഞ് ആണെങ്കിൽ 1211 രൂപയും മൂന്നരക്കൊല്ലം കഴിഞ്ഞു ആണെങ്കിൽ 1251 രൂപയും ലഭിക്കും. എങ്ങനെ കാലാവധി കൂടുന്നതനുസരിച്ച് തുക കൂടി കൊണ്ടിരിക്കും 9 കൊല്ലം 5 മാസം കഴിയുമ്പോൾ ഇരട്ടി ലഭിക്കും.

എത്രയാണ്  കിസാൻ വികാസ് പത്ര നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഏറ്റവും കുറഞ്ഞത് ആയിരം രൂപ . പരമാവധി നിക്ഷേപിക്കാവുന്ന തുകക്ക് പരിധിയില്ല. എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം.

 കിസാൻ വികാസ് പത്ര’യിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

ഒരിക്കൽ നിക്ഷേപം നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയാൽ പിന്നെ മാസാമാസം നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. അടുത്തമാസം നിക്ഷേപിച്ചാൽ അന്നത്തെ പലിശ അനുസരിച്ച്  അടുത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

 കിസാൻ വികാസ് പത്ര’ൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം.

 കിസാൻ വികാസ് പത്ര എങ്ങനെ തുടങ്ങും?

പോസ്റ്റ് ഓഫീസുകളിലോ SBI പോലെയുള്ള നാഷണലൈസ്ഡ് ബാങ്കുകളിലോ കിസാന് വികാസ് പത്ര വാങ്ങുവാൻ പറ്റും.

ആർക്കാണ്  കിസാൻ വികാസ് പത്ര വാങ്ങാൻ കഴിയുക?

ഇന്ത്യയിൽ സ്ഥിരം താമസിക്കുന്ന ആർക്കുവേണമെങ്കിലും കിസാൻ വികാസ് പത്ര വാങ്ങാവുന്നതാണ്.

 കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

നിലവിലെ വാർഷിക പലിശ നിരക്ക് 7.6 ശതമാനം ആണ്. 9 കൊല്ലം 5 മാസം കൊണ്ട് ഇടുന്ന തുകയുടെ ഇരട്ടി ആയി തിരിച്ചു കിട്ടും. ഇത് ജൂലൈ 1 2019 ൽ ഉള്ള നിരക്കാണ്.

നികുതി കണക്കാക്കിയതിന് ശേഷം:
കിസാൻ വികാസ് പത്ര നിക്ഷേപത്തിന് നികുതി നേട്ടങ്ങൾ ഒന്നുമില്ല. പലിശയ്ക്ക് നികുതി കൊടുക്കുകയും വേണം.

നിങ്ങൾ 5 % നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 7.22 ശതമാനമായി മാറും.

നിങ്ങൾ 20% നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6  ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 6.08 ശതമാനമായി മാറും.

നിങ്ങൾ 30% നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 7.6 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 5.32 ശതമാനമായി മാറും.

 കിസാൻ വികാസ് പത്ര നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

വേറെ ഫീസ് ഒന്നുമില്ല.

മറ്റു നേട്ടങ്ങൾ

വളരെ ഉറപ്പുള്ള നിക്ഷേപം എന്നുള്ളത് കഴിഞ്ഞാൽ പലിശയിനത്തിലോ നികുതിയിനത്തിലോ വലിയ നേട്ടങ്ങൾ ഒന്നുമില്ല. 

 കിസാൻ വികാസ് പത്ര നിക്ഷേപം വേണമോ ??

നികുതി കണക്കാക്കുമ്പോൾ കിസാൻ വികാസ് പത്ര  നിക്ഷേപത്തിനേക്കാൾ നല്ലത് പബ്ലിക് പ്രൊവിഡൻസ് ഫണ്ട് (PPF) നിക്ഷേപമാണ്.

നിക്ഷേപിക്കാവുന്ന തുകക്ക് ഉയർന്ന പരിധി ഇല്ലാത്തതിനാൽ ഉറപ്പുള്ള നിക്ഷേപം മാത്രം ആവശ്യമുള്ളവർക്ക് കിസാൻ വികാസ് പത്ര ഒരു മാർഗ്ഗം ആണ്. വിലക്കയറ്റം നിക്ഷേപത്തിൻ്റെ വളർച്ചയെക്കാൾ കൂടുവാൻ സാധ്യത ഉണ്ട് എന്നത് മറക്കരുത് എന്ന് മാത്രം.

അടുത്ത ലേഖനം: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്

നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും നൈജീരിയയിൽ തന്നെ

ഇമെയിൽ ഉപയോഗിക്കുന്ന ഒരു വിധപ്പെട്ട എല്ലാവർക്കും പരിചയമുള്ള ആളാണ് നൈജീരിയയിലെ രാജകുമാരൻ. ലോകത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പു മാർഗ്ഗമാണ് നൈജീരിയയിലെ പാവം രാജകുമാരൻ.

ഏകദേശം ഇങ്ങനെയാണ് തട്ടിപ്പിൻ്റെ പ്രവർത്തന രീതി. ഒരു ഇമെയിൽ അഡ്രസ്സ്ലേക്ക് ഞാൻ നൈജീരിയയിലെ രാജകുമാരനാണ്, ശത്രുക്കളുടെ ആക്രമണം കാരണം സ്വത്ത് ഒന്നും എടുക്കാൻ പറ്റാതെ ഓടി രക്ഷപ്പെട്ടതാണ് എന്ന് സന്ദേശം അയയ്ക്കും. ഇനി സ്വത്തു പുറത്തെത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ശത്രുക്കൾ അറിയാത്ത ആളുടെ അക്കൗണ്ട് ആയാൽ മാത്രമേ പണം പുറത്തെത്തിക്കാൻ പറ്റുകയുള്ളൂ. ഇതിനു വേണ്ടി നിങ്ങൾ സഹായിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒന്നോ രണ്ടോ കോടി രൂപ ഇടും. ഇതിൽ പകുതി നിങ്ങൾക്കും പകുതി രാജകുമാരനും. പണം ഇടാനായി ഒന്നുകിൽ അക്കൗണ്ട് ഡീറ്റെയിൽസ് ചോദിക്കും അല്ലെങ്കിൽ ഫീസ് അടക്കാൻ ആയി ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ ചോദിക്കും. രണ്ടായാലും പണം നഷ്ടം. പിന്നെ രാജകുമാരൻ്റെ പൊടി പോലും ഉണ്ടാവുകയുമില്ല.

കാലാകാലങ്ങളായി ഈ തട്ടിപ്പിന് നൈജീരിയയിലെ രാജകുമാരൻ തന്നെയാണ് ഈമെയിൽ അയക്കുന്നത്. കഴിഞ്ഞ ദിവസം രാജകുമാരൻ്റെ ഈമെയിൽ കിട്ടിയപ്പോൾ ഞാൻ ആലോചിച്ചു, നൈജീരിയയിലെ രാജകുമാരനു പകരം വിജയ് മല്യയോ നീരവ് മോദിയോ ആണെന്ന് പറഞ്ഞയച്ചാൽ കുറേ കൂടി വിശ്വാസ്യത ഉണ്ടല്ലോ എന്ന്. അങ്ങനെ ഇതിനെ കുറിച്ച് സംശയം കയറി ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് ഒരു വലിയ പഠനം തന്നെ നടന്നിട്ടുണ്ട് എന്ന് അറിഞ്ഞത്. നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും രാജ്യം വിടാതെ നൈജീരിയയിൽ തന്നെ പിടിച്ചു നിൽക്കാൻ കൃത്യമായ കാരണം ഉണ്ട്.

പണം സമ്പാദിക്കാനുള്ള മറ്റെല്ലാ പരിപാടികളേയും പോലെ തന്നെ തട്ടിപ്പിനും നല്ല കാശ് ചിലവ് ഉണ്ട്. ഇമെയിൽ അഡ്രസ്സുകൾ കാശു കൊടുത്തു വാങ്ങണം. ഇമെയിൽ അയക്കാനും കാശ് ചിലവാകും. ഇനി അതിനു മറുപടി തരുന്ന ആളുകളുടെ അടുത്ത് ഭാവി കാര്യങ്ങൾ സംസാരിച്ചു ഉറപ്പിക്കാനും ആളും സമയവും ആവശ്യമാണ്. അപ്പോൾ തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ള ആൾക്കാരെ കണ്ടു പിടിച്ചു അവരുടെ അടുത്ത് മാത്രമേ മുന്നോട്ടു സംസാരിക്കേണ്ട കാര്യമുള്ളൂ.

അപ്പോൾ ചോദ്യം ഇതാണ് –  തട്ടിപ്പിൽ വീഴാൻ സാധ്യതയുള്ളവരെ എങ്ങനെ കണ്ടുപിടിക്കും?

അതിനുള്ള എളുപ്പ വഴിയാണ് നൈജീരിയയിലെ രാജകുമാരൻ. രാജകുമാരനെ കുറിച്ച് കേട്ടിട്ടുള്ളവർ ആരും ഈ സന്ദേശത്തിനു മറുപടി അയക്കുകയില്ല. നൈജീരിയയിലെ രാജകുമാരനെ കുറിച്ച് കേൾക്കാത്തവർ ഇൻറർനെറ്റ് ഉപയോഗിച്ച് അധികം പരിചയമില്ലാത്ത ആൾക്കാർ ആയിരിക്കും എന്ന് ഉറപ്പാണ്. ഇവരെ പറ്റിക്കാനും സുഖമായിരിക്കും. അപ്പോൾ വളരെ സുതാര്യമായ ഒരു തട്ടിപ്പ് തന്ത്രം ഉപയോഗിച്ച് സന്ദേശം അയച്ചാൽ അതിനു മറുപടി കൊടുക്കുന്നവർ തട്ടിപ്പിനെക്കുറിച്ച് അറിയാത്തവർ ആയിരിക്കും. 

ഇതാണ് നൈജീരിയയിലെ രാജകുമാരൻ നൈജീരിയയിൽ തന്നെ തുടരാനുള്ള കാരണം.






ലാഭം മാത്രം ലക്ഷ്യം ആകുമ്പോൾ…

ഈയടുത്ത് വായിച്ച ഒരു ലേഖനം എന്നെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ആ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും അതിനെക്കുറിച്ചുള്ള എൻ്റെ അഭിപ്രായങ്ങളും ആണ് ഇവിടെ പറയുന്നത്.

അമേരിക്കയിലെ ഒരു തോക്ക് നിർമ്മിക്കുന്ന കമ്പനിയുടെ കഥയാണിത്. നൂറു കൊല്ലത്തോളം പഴക്കമുള്ള കമ്പനിയാണിത്. വളരെയധികം പ്രശസ്തമായ ഒരു തോക്ക് നിർമ്മാതാവാണ് ഈ കമ്പനി. അമേരിക്കയിൽ തോക്ക് കച്ചവടം എന്നുള്ളത് നാട്ടുകാർ അരിയും വെള്ളവും വാങ്ങും എന്ന് പറയുന്നതു പോലെ ഉറപ്പുള്ള കാര്യമാണ്. ഏത് ബിസിനസ്സ് പൊളിഞ്ഞാലും തോക്ക് ഉണ്ടാക്കുന്ന കമ്പനിയും തോക്ക് വിൽക്കുന്ന കമ്പനിയും അമേരിക്കയിൽ വാങ്ങാൻ ആളില്ലാതെ പൊളിയുന്ന സംഭവം ഇല്ല. ഇങ്ങനെ നല്ല രീതിയിൽ നല്ല ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ കമ്പനി. കമ്പനിയുടെ ഓഹരികൾ മാർക്കറ്റിൽ ലഭ്യവുമാണ്.

ഇങ്ങനെയിരിക്കെ ഈ കമ്പനി ഒരു സംഘം സമ്പന്നന്മാർ ചേർന്ന് ഒരു പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ട് ഉണ്ടാക്കി, ആ ഫണ്ട് വഴി വാങ്ങി. ഇവരുടെ ലക്ഷ്യം കമ്പനിയുടെ ഓഹരിയുടെ വില കഴിവതും കൂട്ടി ഇവർ നിക്ഷേപിച്ച തുക എത്രയും വലുതാക്കി വിറ്റ് ലാഭം നേടുക എന്നത് മാത്രമാണ്.

ഇതിനായി ഇവർ ആദ്യം ചെയ്തത് കമ്പനി പുതിയ ഒരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്നതാണ്. ഒരു വലിയ കമ്പനി ഒരു നഗരത്തിൽ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൽ വരുമ്പോൾ ഒരുപാട് ആളുകൾക്ക് ജോലി കിട്ടും. അതേ പോലെ തന്നെ ആ നഗരത്തിന് ഭാവിയിൽ നികുതി വരുമാനം കൂടുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മിക്ക നഗരങ്ങളും പുതുതായി വരുന്ന കമ്പനികൾക്ക് ഒരുപാട് നികുതിയിളവുകളും പിന്നെ വേറെ ഒരുപാട് ഇളവുകളും നൽകും. ഉദാഹരണത്തിന് ചില സംസ്ഥാനങ്ങൾ കമ്പനി തുടങ്ങാനായി സ്ഥലം വെറുതെ കൊടുക്കും. അതുപോലെ വെള്ളം ഉപയോഗിക്കുവാനും പെർമിറ്റ് വെറുതെ കൊടുക്കും. ഇതിനു പകരമായി കമ്പനി ഒരു നിശ്ചിത എണ്ണം ആൾക്കാർക്ക് നിശ്ചിത ശമ്പളത്തിൽ ജോലി കൊടുത്തോളാം എന്ന് കരാറിലേർപ്പെടും. ഈ കരാർ പൊതുവേ അഞ്ചോ പത്തോ വർഷത്തിനു ശേഷം ആണ് നഗരങ്ങൾ പുനഃപരിശോധിക്കുക. അപ്പോഴായിരിക്കും ഇളവുകൾ അവസാനിക്കുക. കമ്പനി കരാർ പാലിച്ചില്ലെങ്കിൽ ഈ കൊടുത്ത ഇളവുകൾക്ക് തുല്യമായ തുകയും പിന്നെ ഒരു പിഴയും ചേർത്ത് കമ്പനി തിരിച്ചു അടയ്ക്കേണ്ടി വരും.

മുതലാളിമാർ നോക്കുമ്പോൾ കമ്പനി മാറ്റി സ്ഥാപിക്കുന്നതിന് വേറൊരു ഗുണവും ഉണ്ട്. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുതിർന്ന തൊഴിലാളികൾ മിക്കവാറും പുതിയ നഗരത്തിലേക്ക് മാറാൻ തയ്യാറാവില്ല. അപ്പോൾ കമ്പനിക്ക് പുതിയ നഗരത്തിൽ പുതിയ ആൾക്കാരെ നിയമിക്കാം. പഴയ തൊഴിലാളികളെ അപേക്ഷിച്ച് കുറച്ച് ശമ്പളം കൊടുത്താലും മതിയാകും.

അങ്ങനെ നോക്കുമ്പോൾ കമ്പനിയുടെ ലാഭം കൂടും, നികുതി കൊടുക്കേണ്ട ശമ്പളം ചെലവും കുറഞ്ഞു. ഇങ്ങനെ കമ്പനിയുടെ ഓഹരി വില കുതിച്ചുയരും.

ഇപ്പോഴാണ് ഏറ്റവും വലിയ കളി. കമ്പനിയെ കൊണ്ട് ഒരു വലിയ ലോൺ എടുപ്പിച്ച്  പ്രൈവറ്റ് ഇക്വിറ്റി(Private Equity) ഫണ്ടിൻ്റെ കൈയിലുള്ള കമ്പനിയുടെ ഓഹരി മൊത്തം ഇവർ കമ്പനിയെ കൊണ്ട് തന്നെ തിരിച്ചു വാങ്ങിക്കും. കമ്പനി ഇവരുടെ നിയന്ത്രണത്തിലായതു കൊണ്ട് കമ്പനിയുടെ നടത്തിപ്പുകാരും മുതിർന്ന മാനേജർമാരും എല്ലാം ഇവർ നിയമിക്കുന്ന ആൾക്കാർ ആയിരിക്കും. അതു കൊണ്ട് ഈ ലോൺ എടുക്കുന്ന കാര്യങ്ങൾ എളുപ്പം നടക്കും. അങ്ങനെ ഉയർന്ന വിലയ്ക്ക് ഓഹരി തിരിച്ചു വാങ്ങുമ്പോൾ ഇവരുടെ നിക്ഷേപം ഇരട്ടിയോ അതിലേറെയോ വർദ്ധിച്ചു കിട്ടും. വെറും മൂന്നോ നാലോ കൊല്ലത്തെ കാലാവധിക്കുള്ളിൽ.

കാശ് തിരിച്ചു കിട്ടി കഴിഞ്ഞാൽ  പഴയ മുതലാളിമാർ കൈയും കഴുകി പോകും . പാവം കമ്പനിക്ക് ലോണും തിരിച്ചടയ്ക്കണം നഗരസഭ ചുമത്തുന്ന പിഴയും അടയ്ക്കണം. അതേ പോലെ തന്നെ കമ്പനിയുടെ മുതിർന്ന തൊഴിലാളികളും കമ്പനിയുടെ ഏറ്റവും നല്ല തൊഴിലാളികളും ഈ സമയത്തിനുള്ളിൽ കമ്പനി വിട്ടു പോയിട്ടുണ്ടാകും. എടുത്ത ലോൺ കമ്പനിക്ക് പുതിയ ഫാക്ടറി പണിയാനോ അല്ലെങ്കിൽ പുതിയ തൊഴിലാളികളെ നിയമിക്കാനൊ ഉപയോഗിക്കാതെ വെറുതെ ഓഹരി തിരിച്ചു വാങ്ങിയതിനാൽ കമ്പനിക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ ഒരു മാർഗ്ഗവുമില്ല താനും. ഇങ്ങനെ വരുമ്പോൾ കമ്പനി നഷ്ടം കൂടി അടച്ചു പൂട്ടേണ്ടി വരും.

വളരെ നന്നായി ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനി കുറച്ചുപേരുടെ അത്യാർത്തി മൂലം അടച്ചുപൂട്ടിയ ഒരു കഥയാണ് മുകളിൽ പറഞ്ഞത്. ഇതുകൊണ്ട് സാധാരണക്കാരായ നമുക്ക് എന്ത് ഗുണം എന്നല്ലേ ചിന്തിക്കുന്നത്. ഇതിൽ നിന്ന് പഠിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ട്. ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന ഒരു സാധാരണക്കാരന് വെറും മൂന്നോ നാലോ കൊല്ലം കൊണ്ട് എല്ലാ പണവും നഷ്ടമായേക്കാം. എപ്പോൾ വിൽക്കണം എന്നുള്ള വിവരം നമ്മൾക്ക് വലിയ മുതലാളിമാരെ പോലെ കിട്ടില്ലല്ലോ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന തുക മൊത്തത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളത്തിനു ഒരു ഉദാഹരണമായി ഈ കഥ കണക്കാക്കണം.

ഇങ്ങനെയൊരു കള്ളക്കളി നടക്കുന്നുണ്ടെന്ന് ഒരു സാധാരണ നിക്ഷേപകന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.  ഇതു കൊണ്ടാണ് ഓഹരികളിൽ നിക്ഷേപിക്കാൻ മ്യൂച്ചൽ ഫണ്ട് ആണ് നല്ല മാർഗ്ഗം എന്ന് പറയപ്പെടുന്നത്. മ്യൂച്ചൽ ഫണ്ട് മാനേജർമാർക്ക് ഈ കളികൾ കണ്ടു പരിചയം ഉണ്ടാക്കും.

നിലവിലെ സാമ്പത്തിക രീതികളിൽ മുകളിൽ പറഞ്ഞത് നിയമത്തിന് അനുസൃതമായി ചെയ്യാവുന്ന കാര്യം ആണ്. ഇത് തടയാനായി നിയമ നിർമ്മാണം നടത്തണം എന്നുണ്ടെങ്കിൽ അതിനു പറ്റിയ നേതാവിനെ വേണം നമ്മൾ വോട്ട്  ചെയ്ത് ജയിപ്പിക്കാൻ.

കുറച്ചു പേരുടെ ലാഭത്തിനു വേണ്ടി നൂറുകണക്കിന് ആൾക്കാരുടെ ഉപജീവനമാർഗം ആയ ഒരു കമ്പനി അടച്ചു പൂട്ടിയ ഒരു ഉദാഹരണം ആണ് ഇത്. ലാഭം മാത്രം ലക്ഷ്യം വച്ചാൽ ഇങ്ങനെ ഉള്ള വലിയ തെറ്റുകൾ നടക്കും.

0% പലിശ ഉള്ള ലോൺ [വായ്പ ]

ഈയടുത്ത് ഒരു ടിവി വാങ്ങാൻ വേണ്ടി കടയിൽ പോയി വില അന്വേഷിച്ചപ്പോൾ പലിശ ഇല്ലാതെ 12 മാസത്തേക്ക് തവണകളായി വാങ്ങാൻ ഉള്ള ഒരു ഓഫർ ലഭിക്കുകയുണ്ടായി. പണ്ടൊരു കാർ വാങ്ങാൻ ചെന്നപ്പോഴും ഇതേ പോലെ ഒരു ഓഫർ കിട്ടിയിരുന്നു. 0% പലിശയ്ക്ക് ലോൺ തരാമെന്ന്. പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് 0% പലിശ എന്ന് കേൾക്കുമ്പോൾ അതിൽ എന്തോ വലിയ ലാഭം ഒളിച്ചിരിക്കുന്നു എന്ന് വിചാരിച്ച് സാധനങ്ങൾ വാങ്ങുന്നത്.

ഒരു കാര്യം ആദ്യമേ പറയാം, 0% പലിശ എന്ന ഒരു നിരക്കിൽ ലോൺ ലഭിക്കുന്നുണ്ടെങ്കിൽ അതിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന ഒരു ചാർജ് (fees) ഉണ്ട്. ഒരു ഉദാഹരണം പറയാം. എൻ്റെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ നിന്ന് ഒരു ബൈക്ക് വാങ്ങി. 60,000 രൂപയായിരുന്നു ബൈക്കിൻ്റെ വില. 30,000 രൂപയായിരുന്നു അദ്ദേഹം ലോൺ എടുത്തത്. അദ്ദേഹത്തിന് 0% നിരക്കിൽ കമ്പനി തന്നെ ലോൺ കൊടുത്തു. അദ്ദേഹം പേപ്പർ സൈൻ ചെയ്യാൻ പോയപ്പോൾ എന്നേയും കൂട്ടിയിരുന്നു. അപ്പോഴാണ് ലോൺ പ്രോസസിങ് ചാർജ് (processing charge) എന്ന് പറഞ്ഞു 5,000 രൂപ ഒറ്റയടിക്ക് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും വാങ്ങുന്നത്. ഇതിനു പുറമേ ലോണിൽ വാങ്ങുന്നത് കാരണം കമ്പനി കൊടുക്കുന്ന 3,000 രൂപ ഡിസ്കൗണ്ട് കിട്ടുകയുമില്ല. ഡിസ്കൗണ്ട് തുകയും പ്രോസസിങ് ചാർജും ചേർത്തു വെച്ചാൽ ഏകദേശം 8 % പലിശ ലോണിന് കൊടുക്കുന്നതിനു തുല്യമാണ് . ഇവിടെ വ്യത്യാസം പലിശ ആദ്യമേ വാങ്ങുന്നു എന്നത്  മാത്രം.

ഒരു കമ്പനിക്കും പൂജ്യം ശതമാനം നിരക്കിൽ ഉപഭോക്താക്കൾക്ക് ലോൺ കൊടുക്കാൻ സാധിക്കുകയില്ല. കാരണം ഒരു കമ്പനിക്കും ഒരു ബാങ്കിൽ നിന്നും 0% ലോൺ ലഭിക്കുകയില്ല.

വിപണിയിലെ നിരക്ക് 8 % ആണ് എന്ന് വിചാരിക്കുക. അങ്ങനെയുള്ളപ്പോൾ ഒരു കമ്പനി നിങ്ങൾക്ക് 10,000 രൂപയുടെ സാധനം 12 മാസത്തേക്ക് പൂജ്യം ശതമാനം നിരക്കിൽ തരുകയാണെങ്കിൽ അതിനർത്ഥം ആ സാധനത്തിന് 9200 രൂപ വില ഉള്ളു എന്നാണ്. 800 രൂപ ഒരു കൊല്ലത്തേക്കുള്ള പലിശയാണ്.

അടുത്ത തവണ പൂജ്യം ശതമാനം പലിശ നിരക്കിൽ സാധനം വാങ്ങുന്നതിനു മുൻപ് അതേ സാധനം റൊക്കം കാശു കൊടുത്ത് വാങ്ങിയാൽ എത്ര രൂപ ആകും എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.






അടുത്ത ലേഖനം : ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme)

എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം?

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme)  അഥവാ Revamped Gold Deposit Scheme (R- GDS) നമ്മുടെ കൈയിലുള്ള സ്വർണ്ണത്തിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്. ഈ പദ്ധതി പ്രകാരം നമുക്ക് ചില അംഗീകൃത ബാങ്ക് ശാഖകളിൽ ഗോൾഡ് ഡെപ്പോസിറ്റ് (Gold Deposit) അക്കൗണ്ട് തുടങ്ങാൻ പറ്റും.

ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ പണത്തിനു പകരം 995 പരിശുദ്ധിയുള്ള (995 fineness) സ്വർണ്ണത്തിൻ്റെ ഗ്രാം തൂക്കത്തിൽ ആണ് അക്കൗണ്ട് ബാലൻസ് കണക്കു കൂട്ടുക. എന്നു വെച്ചാൽ അക്കൗണ്ടിൽ ഇത്ര രൂപ ഉണ്ട് എന്ന് പറയുന്നതിന് പകരം 995  പരിശുദ്ധിയുള്ള ഇത്ര ഗ്രാം സ്വർണ്ണം ഉണ്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്, 30,000 രൂപ ഉണ്ട് എന്നതിന് പകരം 9.40 ഗ്രാം സ്വർണ്ണം ഉണ്ട് എന്ന് പറയും (1 ഗ്രാം 995 പരിശുദ്ധി ഉള്ള സ്വർണ്ണത്തിനു 3193 രൂപ ആണ് വില എന്ന് ഊഹിക്കുമ്പോൾ). 995 പരിശുദ്ധി സ്വർണ്ണം എന്നത് 24 ക്യാരറ്റ് സ്വർണത്തിന് തുല്യമാണ്.

സ്വർണ്ണം നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഈ അക്കൗണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളെ പോലെ പ്രവർത്തിക്കും.

ഇതിൽ മനസ്സിലാക്കാനുള്ള ഒരു പ്രധാന കാര്യം നമ്മൾ കൊടുക്കുന്ന സ്വർണ്ണം ബാങ്ക് ഉരുക്കി വിൽക്കും എന്നതാണ്. പകരം അക്കൗണ്ടിൻ്റെ മെച്യൂരിറ്റി ഡേറ്റ് എത്തുമ്പോൾ നമുക്ക് 995 പരിശുദ്ധിയുള്ള സ്വർണ്ണ നാണയങ്ങൾ ആയിട്ടോ അല്ലെങ്കിൽ അന്നത്തെ സ്വർണ്ണത്തിൻ്റെ വില രൂപയായോ കിട്ടും.

എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ കാലാവധി?

മൂന്നു കാലാവധിയിൽ ഉള്ള ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുടങ്ങാൻ പറ്റും.

  1. ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് – 1 മുതൽ 3 വർഷം വരെ  [STBD]
  2. മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 5 മുതൽ 7 വർഷം വരെ [MTGD]
  3. ലോങ്ങ്  ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് – 12 മുതൽ 15 വർഷം വരെ [LTGD]

കാലാവധി അനുസരിച്ച് പലിശ നിരക്ക് കൂടും.

എത്രയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഈ പദ്ധതിയിൽ നിക്ഷേപിക്കണം എങ്കിൽ കുറഞ്ഞത് 30 ഗ്രാം സ്വർണ്ണം എങ്കിലും വേണം.

എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല. തുടക്കത്തിൽ ഒരു നിക്ഷേപം നടത്തിയാൽ മതി.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

എല്ലാ വർഷവും നിക്ഷേപിക്കേണ്ട കാര്യമില്ല.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം’ൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

എത്ര ഗ്രാം സ്വർണ്ണം വേണമെങ്കിലും നിക്ഷേപിക്കാം. ഇന്ത്യയിൽ വിവാഹിത ആയ സ്ത്രീക്ക് 500 ഗ്രാം സ്വർണ്ണം വരെ കയ്യിൽ വെയ്ക്കാം എന്നാണ് എൻ്റെ അറിവ്. ഇതിൽ ഒരുപാടു കൂടിയാൽ ചിലപ്പോൾ ആദായ നികുതി വകുപ്പ് ഉറവിടം (source) ചോദിക്കും. പാരമ്പര്യമായി കിട്ടിയ സ്വർണ്ണമാണെങ്കിൽ കുഴപ്പമില്ല എന്നാണ് എൻ്റെ അറിവ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ്റിൻ്റെ(CA) അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ(Financial  Advisor) അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം എങ്ങനെ തുടങ്ങും?

ഈ അക്കൗണ്ട് തുറക്കാൻ കുറച്ചു മെനക്കെടണം. നമ്മൾ അംഗീകൃത ബാങ്ക് ശാഖകളിൽ ചെന്ന് കഴിയുമ്പോൾ അവർ നമ്മളെ കളക്ഷന്‍ & പ്യൂരിറ്റി ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക്  (collection and purity testing center) വിടും. ഈ കേന്ദ്രത്തിൽ നിന്ന് നമ്മുടെ കൈയിലുള്ള സ്വർണം എത്ര ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ് എന്ന സർട്ടിഫിക്കറ്റ് കിട്ടും. ഈ സർട്ടിഫിക്കറ്റിലുള്ള തൂക്കമാണ്  ബാങ്കിൽ ഡെപ്പോസിറ്റ് ആയി അക്കൗണ്ടിൽ കയറുന്നത്. 22 കാരറ്റ് സ്വർണ്ണം 916 പരിശുദ്ധി ഉള്ളതാണ്. അപ്പോൾ 995 പരിശുദ്ധിയിലേക്ക് തൂക്കം മാറ്റുമ്പോൾ അതിനനുസരിച്ചുള്ള വ്യത്യാസം വരും. പിന്നെ നമ്മൾ സ്വർണം വാങ്ങിയപ്പോൾ ജ്വല്ലറി 22 കാരറ്റിന് പകരം 20 കാരറ്റ് ആണ് തന്നത് എങ്കിൽ അതിനുള്ള വ്യത്യാസവും വരും.

ആർക്കാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം തുടങ്ങാൻ കഴിയുക?

ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ആർക്കു വേണമെങ്കിലും ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങാൻ പറ്റും. അംഗീകൃത ബാങ്ക് ശാഖകളിൽ മാത്രമേ തുടങ്ങാൻ പറ്റൂ. നിങ്ങളുടെ ബാങ്കിൻ്റെ കസ്റ്റമർ കെയർ (Customer Care) നമ്പറിൽ വിളിച്ചാൽ അറിയാൻ പറ്റും.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?

April, 2019’ൽ SBI യുടെ നിലവിലുള്ള നിരക്കുകൾ ഇവയാണ്. Link

ഷോർട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ്  [STBD]

1 വർഷം വരെ: 0.5%

1 മുതൽ 2 വർഷം വരെ: 0.55%

2 മുതൽ 3 വർഷം വരെ: 0.60%

മീഡിയം ടേം ഗവൺമെൻറ് ഡെപ്പോസിറ്റ്[MTGD] : 2.25%

ലോങ്ങ്  ടേം ഗവൺമെൻറ് ഡെപ്പോസിറ്റ് 12 മുതൽ 15 കൊല്ലം വരെ [LTGD]: 2.50%

നികുതി കണക്കാക്കിയതിന് ശേഷം:

ഈ പദ്ധതിയുടെ പലിശയ്ക്കോ സ്വർണ്ണത്തിൻ്റെ വിലയിലുണ്ടാകുന്ന നേട്ടത്തിനോ നികുതി കൊടുക്കേണ്ടതില്ല.

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?

അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അന്നത്തെ സ്വർണ്ണത്തിൻ്റെ വില അനുസരിച്ച് നമ്മുടെ അക്കൗണ്ടിലുള്ള സ്വർണ്ണത്തിൻ്റെ  തൂക്കത്തിന് അനുപാതമായ തുക അല്ലെങ്കിൽ സ്വർണ്ണം കിട്ടും. അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ സ്വർണ്ണം വേണമോ അല്ലെങ്കിൽ പൈസ വേണമോ എന്നുള്ളത് അക്കൗണ്ടിൽ ഡെപ്പോസിറ്റ് നടത്തുമ്പോൾ തന്നെ നമ്മൾ പറയേണ്ടതാണ്. സ്വർണ്ണമായി വാങ്ങുന്നതിനു ചിലപ്പോൾ ബാങ്ക് സർവീസ് ചാർജ് എടുക്കും. ഇതു എത്രയാണെന്ന് അക്കൗണ്ട് തുറക്കുമ്പോൾ ചോദിക്കണം.

മറ്റു നേട്ടങ്ങൾ

സ്വർണ്ണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നിക്ഷേപം വേണമോ ??

ഒരു ഉദാഹരണം നോക്കാം :
400 ഗ്രാം( 50 പവൻ ) 22 കാരറ്റ് സ്വർണ്ണം ലോക്കറിൽ ഉണ്ട് എന്ന് കരുതൂ. ഇത് ഏകദേശം 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് തുല്യം ആണ്. സ്വർണ്ണത്തിൻ്റെ വില 3193 രൂപ ആയി കണക്കു കൂട്ടിയാൽ ഈ സ്വർണത്തിന് മൊത്തം വില 11,69,915 രൂപ. 2.25% ശതമാനം പലിശ കിട്ടിയാൽ വർഷത്തിൽ 26,323 രൂപ കിട്ടും. അഞ്ചു കൊല്ലം കഴിയുമ്പോൾ സ്വർണ്ണത്തിൻ്റെ അന്നത്തെ വില കിട്ടും അല്ലെങ്കിൽ 366.4 ഗ്രാം 995 പരിശുദ്ധിയുള്ള സ്വർണ്ണം നാണയമായോ ബിസ്കറ്റ് ആയോ കിട്ടും. . അഞ്ചു കൊല്ലം കൊണ്ട് ഏകദേശം 1,31,615 രൂപ പലിശയും കിട്ടും.
ഇതൊരു ഏകദേശ കണക്ക് ആണെന്ന്  മറക്കല്ലേ. സ്വർണ്ണത്തിൻ്റെ വില എല്ലാ ദിവസവും മാറും. അതേ പോലെ തന്നെ നമ്മുടെ കയ്യിലുള്ള ആഭരണങ്ങൾ 995 പരിശുദ്ധിയിലേക്ക് മാറ്റുമ്പോൾ സ്വർണ്ണത്തിൻ്റെ പരിശുദ്ധി അനുസരിച്ച് ഞാൻ പറഞ്ഞ അളവിൽ നിന്ന് വ്യത്യാസം വരാം.

സ്വർണ്ണത്തിനോടും ആഭരണങ്ങളോടും ഉള്ള വൈകാരികമായ ബന്ധങ്ങൾ ഒഴിവാക്കി ചിന്തിച്ചാൽ ഈ പദ്ധതി എന്തു കൊണ്ടും നേട്ടമാണ്. സ്വർണം സൂക്ഷിക്കാൻ ലോക്കർ കാശ് കൊടുക്കേണ്ട. പലിശയും കിട്ടും. സ്വർണ്ണത്തിൻ്റെ  വിലയും കൂടും. ഡെപ്പോസിറ്റ് കാലാവധി കഴിയുമ്പോൾ വിൽക്കാൻ ആളെ അന്വേഷിക്കേണ്ട. നേരെ പണമായി തുക സ്വീകരിക്കാം.

നിങ്ങളുടെ മൊത്തം ആസ്തിയുടെ 10 ശതമാനത്തിൽ കൂടുതൽ സ്വർണ്ണത്തിൽ സൂക്ഷിക്കുന്നത് നല്ലതല്ല. അങ്ങിനെ കൂടുതലുള്ള സ്വർണം പണമാക്കി, മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ പദ്ധതി.

അടുത്ത ലേഖനം: ഓഹരി (Stocks)

ആദായ നികുതി ആസൂത്രണം(Income Tax Planning) തുടങ്ങാനുള്ള സമയം ആയി

ഭൂരിഭാഗം ആൾക്കാരും ആദായ നികുതി (Income Tax) കുറക്കാൻ വേണ്ടി നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിലാണ്. എന്നാൽ ഇതിന് ഏറ്റവും മികച്ച സമയം സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ്.

നിങ്ങൾക്ക് എത്ര രൂപയുടെ നികുതി ലാഭിക്കാൻ ഉള്ള അവസരം ഉണ്ട് എന്ന് കണക്ക് കൂട്ടിയതിനു ശേഷം ഏതൊക്കെ പദ്ധതിയിൽ നിക്ഷേപിക്കണം എന്ന് ഇപ്പോൾ തീരുമാനിച്ചാൽ അടുത്ത കൊല്ലം നികുതി അടയ്ക്കേണ്ട സമയമാകുമ്പോൾ നെട്ടോട്ടമോടേണ്ടി വരില്ല. പലരും ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസികളും അല്ലെങ്കിൽ വലിയ നേട്ടം ഇല്ലാത്ത പല പദ്ധതികളും എടുക്കുന്നത് നികുതി കുറക്കാൻ വേണ്ടി അവസാന നിമിഷം എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ച് ചെയ്യുമ്പോഴാണ്. ഇത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

80C, 80D, 80CCD തുടങ്ങി സർക്കാർ നികുതി ലാഭിക്കാൻ വേണ്ടി അനുവദിച്ചു തന്നിട്ടുള്ള ഇളവുകൾ എല്ലാം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് സംശയങ്ങൾ ഉണ്ടെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്ത് പോകുന്നതാണ് നല്ലത്.

ഉദാഹരണത്തിന് 80C സെക്ഷൻ്റെ അടിയിൽ 1,50,000 രൂപയാണ് 2019ലെ ഉയർന്ന പരിധി. പ്രോവിഡന്റ് ഫ്രണ്ട് (PF) അടയ്ക്കുന്ന ആളാണെങ്കിൽ അതു കഴിഞ്ഞ് എത്ര രൂപ വേണം ഈ ഉയർന്ന പരിധിയിൽ എത്താൻ എന്ന് കണക്കു കൂട്ടുക. ഇൻഷ്വറൻസ് അടവുകളും ഭവന വായ്പ മുതൽ അടച്ചതും(Home Loan Principal Payment) പബ്ലിക് പ്രോവിഡന്റ് ഫണ്ട്(PPF) ഇ എൽ എസ് എസ്(ELSS) മ്യൂച്ചൽ ഫണ്ടുകൾ എന്നിങ്ങനെ 80Cയുടെ അടിയിൽ വരുന്ന മറ്റു നിക്ഷേപ പദ്ധതികളിലും ആയി ഈ തുക നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. നാഷണൽ പെൻഷൻ സ്കീമിൽ 50,000 രൂപ ഇട്ടു 80CCD വഴിയുള്ള ഇളവ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇനി ഇതൊന്നും കണക്കു കൂട്ടാൻ താല്പര്യം ഇല്ലാത്ത ആളാണ് എന്നാൽ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ അടുത്തു പോകാനും മടിയാണ് പക്ഷേ നികുതി ലാഭിക്കുകയും വേണമെന്നാണെങ്കിൽ ഒരു പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) അക്കൗണ്ട് തുടങ്ങി 1,50,000 രൂപ അതിലും ഒരു നാഷണൽ പെൻഷൻ സ്കീം (NPS) അക്കൗണ്ട് തുടങ്ങി 50,000 രൂപ അതിലും  ഡെപ്പോസിറ്റ് ചെയ്താൽ ഏറെക്കുറെ നികുതി ലാഭിക്കാൻ കഴിയും. എന്തു ചെയ്യാൻ തീരുമാനിച്ചാലും ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം നീട്ടി വെയ്ക്കാതെ ഇപ്പോഴേ ആസൂത്രണം തുടങ്ങുക എന്നുള്ളതാണ്.