വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്. 

ഞാൻ നിലവിൽ വിദേശത്ത് താമസിക്കുന്ന ആൾ ആയതു കൊണ്ടും എൻ്റെ ഭാര്യ വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി(Masters Degree) എടുത്തതു കൊണ്ടും എൻ്റെ അനിയത്തി വിദേശത്ത് ഒരു കോളേജിൽ ഇപ്പോൾ പഠിക്കുന്നത് കൊണ്ടും ഈ വിഷയത്തെകുറിച്ചു അഭിപ്രായം പറയുവാനുള്ള വിവരം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു.

ഈ ലേഖനം വിദേശത്ത് പഠിക്കാൻ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളതിനെ കുറിച്ചുള്ള എൻ്റെ അഭിപ്രായമാണ്.

എന്തിനാണ് വിദേശത്തേക്ക് പോകുന്നത്?

വിദേശ രാജ്യങ്ങളിൽ ഉള്ള കോളേജുകളിൽ പഠിക്കാൻ നല്ല ചെലവാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് പഠിച്ചിറങ്ങുന്ന കോഴ്സുകൾ വിദേശത്ത് പഠിച്ചിറങ്ങുമ്പോൾ ചിലപ്പോൾ 20 ലക്ഷമാകും. പഠിച്ചതിനു ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരുവാൻ ആണെങ്കിൽ ഫുൾ സ്കോളർഷിപ്പിൽ(full scholarship) അല്ലാതെ പോകുന്നത് വൻ മണ്ടത്തരമാണ്. പഠിച്ചതിനു ശേഷം വിദേശത്ത് തന്നെ തുടരാൻ ആണെങ്കിൽ പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് (Return of Investment) എത്രയാണെന്ന് കണക്കാക്കണം. ഇതിനെക്കുറിച്ച് താഴെ എഴുതുന്നു.

പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻ്റ് 

ചില ഡിഗ്രികൾ പഠിച്ചാൽ ജോലി കിട്ടാനും കിട്ടുന്ന ജോലിക്ക് ഉയർന്ന ശമ്പളം ലഭിക്കുവാനും ഉള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ് മാസ്റ്റേഴ്സ് ഡിഗ്രി (Electronics/Electrical Engineering Masters degree) അല്ലെങ്കിൽ നഴ്സിംഗ് ഡിഗ്രി. നഴ്സിംഗ് ഡിഗ്രി എടുത്തതിനു ശേഷം ക്വാളിഫിക്കേഷൻ  എക്സാം (qualification exam) പാസായാൽ ഒരുമാതിരി എല്ലാ വിദേശരാജ്യങ്ങളിലും ജോലി കിട്ടാൻ എളുപ്പമായിരിക്കും. ഇതേപോലെ തന്നെ വെസ്റ്റേൺ കൺട്രീസിൽ ഇലക്ട്രോണിക് എൻജിനീയേഴ്സിനെല്ലാം നല്ല ഡിമാൻഡ് ആണ്. ജോലി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ജോലി കിട്ടിയാൽ ശമ്പളം വളരെ കൂടുതലായിരിക്കും. കമ്പ്യൂട്ടർ സയൻസ് എൻജിനീയർമാർക്കും ജോലി കിട്ടാൻ പൊതുവേ എളുപ്പമാണ് ശമ്പളവും ഉണ്ടാകും. ഈ പറഞ്ഞ ജോലികളെല്ലാം മിക്കവാറും പ്രൈവറ്റ് കമ്പനികളിൽ ആയിരിക്കും. ഈ കമ്പനികൾ നമുക്ക് വേണ്ട വിസയും ഇമിഗ്രേഷൻ (immigration paperwork) പേപ്പർ വർക്കും ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

നേഴ്സിങ് ഡിഗ്രി പഠിക്കുവാനും എൻജിനീയറിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രി (മാസ്റ്റേഴ്സ് ഡിഗ്രികൾക് പൊതുവേ രണ്ടു കൊല്ലം മതി) എടുക്കുവാനും പൊതുവേ മറ്റു നാലുവർഷ കോഴ്സുകളെ  വച്ച് ചെലവ് വളരെ കുറവാണ്. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടുവാനുള്ള സാധ്യത കൂടുതലുമാണ്.

അതേ സമയം ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ(English language literature) മാസ്റ്റേഴ്സ് എടുത്ത ഒരാൾക്ക് ജോലി സാധ്യതകൾ കുറച്ചു കുറവാണ്. കാരണം സ്കൂളുകളിലോ കോളേജുകളിലോ അധ്യാപകരായിട്ടോ അല്ലെങ്കിൽ ചില കമ്പനികൾ അവരുടെ ക്രിയേറ്റീവ് റൈറ്റിങ്ങിനു(creative writing) അല്ലെങ്കിൽ അവരുടെ ഒഫീഷ്യൽ മെമ്മോസ് (official memos)എഴുതുവാനോ ഒക്കെയാണ് ഈ ഡിഗ്രി ഉള്ളവരെ ജോലിക്ക് എട്ക്കുന്നത്. ഇങ്ങനെയുള്ള കമ്പനികൾ നമുക്ക് വിസയോ അല്ലെങ്കിൽ വേറെ ഇമിഗ്രേഷൻ പേപ്പർ വർക്കോ ചെയ്യുവാനുള്ള സാധ്യത വളരെ കുറവാണ്.

ഇനി നാലുവർഷത്തേക്കുള്ള എൻജിനീയറിങ് ഡിഗ്രി വിദേശത്ത് പോയി ചെയ്യാൻ തീരുമാനിച്ചാൽ നമ്മൾ പഠിക്കുന്ന സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ ജോലി ഉറപ്പു പറയാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ എല്ലാം ഭാഗ്യം പോലെ ഇരിക്കും. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്ക കാനഡ ജർമ്മനി ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ മിക്കവാറും എൻജിനീയറിങ് കോഴ്സുകളിൽ ആ രാജ്യത്തെ പൗരന്മാരായ ചെറുപ്പക്കാർ ഒരുപാടുണ്ടാകും. വിദേശത്തു നിന്നുള്ള ഒരാൾക്ക് വർക്ക് വിസയും(work visa) ഇമിഗ്രേഷൻ പേപ്പർ വർക്കും ചെയ്യേണ്ട സമയത്ത് ഈ വിദ്യാർത്ഥികളെ ഇതൊന്നും ചെയ്യാണ്ട് അതേ ജോലിക്ക് വേണ്ടി എടുക്കാം. അപ്പോൾ നമ്മൾ ഒരു ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയാൽ മാത്രമേ നമ്മൾക്ക് വേണ്ടി ഒരു കമ്പനി ഇതെല്ലാം ചെയ്യാൻ തയ്യാറാവുകയുള്ളൂ. അതേസമയം വിദേശരാജ്യങ്ങളിൽ മാസ്റ്റർ ഡിഗ്രിക്ക് പോകുന്നവർ വളരെ കുറവാണ്. കാരണം പ്രൊഫഷണൽ കോഴ്സുകളിൽ ബാച്ചിലേഴ്സ് ഡിഗ്രിക്ക് (bachelor’s degree) ശേഷം മിക്കവാറും എല്ലാവർക്കും ജോലി കിട്ടും. അപ്പോൾ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞിട്ട് ജോലി കിട്ടുവാൻ മത്സരം കുറവായിരിക്കും. അതേ പോലെ ഇമിഗ്രേഷൻ പേപ്പർ വർക്ക് ചെയ്യുവാനും മാസ്റ്റർ ഡിഗ്രി പലപ്പോഴും സഹായകരമാണ്.

പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ ഡോക്ടർ ആവാൻ ഒരു കോളേജിൽ കയറിയാൽ ഏകദേശം 7-8 കൊല്ലം കഴിയുമ്പോഴാണ് ഡോക്ടർ ആയി ഉള്ള ലൈസൻസ് കിട്ടുക. ഇന്ത്യയിൽ നിന്ന് നേരെ പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിൽ വന്ന് ഡോക്ടറാവാൻ ചേർന്നാൽ കോഴ്സ് കഴിയുമ്പോഴേക്കും കോടിക്കണക്കിന് രൂപ കടം വരും. അതേ സമയം എംബിബിഎസ് (MBBS) നാട്ടിൽ നിന്ന് എടുത്തിട്ട് അമേരിക്കയിലെ ക്വാളിഫിക്കേഷൻ എക്സാം (qualification exam) പാസായി എംഡിക്ക്(MD) കയറുകയാണെങ്കിൽ ചിലപ്പോൾ മൂന്നു കൊല്ലത്തിനുള്ളിൽ ലൈസൻസ് കിട്ടും. 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന രീതിയിൽ അംഗീകൃതമായ കോഴ്സുകളെ ഇന്ത്യയിൽ എടുക്കാവൂ എന്നുള്ളതാണ്.

ഇനി മാസ്റ്റേഴ്സ് ഡിഗ്രിക്ക് പകരം പിഎച്ച്ഡി എടുക്കുവാനാണ് വിദേശത്തേക്ക് പോകുന്നതെങ്കിൽ മിക്കവാറും സ്റ്റൈപ്പൻഡ് (stipend) ആയി ഒരു തുക ഇങ്ങോട്ട് കിട്ടും. പൊതുവേ നമ്മുടെ ഫീസും ജീവിതചലവും അതുകൊണ്ട് കഴിഞ്ഞുപോകാം.

പഠിച്ചതിനുശേഷം ജോലി ചെയ്യുവാൻ ഉള്ള വിസ കിട്ടുമോ?

അമേരിക്കയിൽ രണ്ടു കൊല്ലം ദൈർഘ്യമുള്ള STEM (Science Technology Engineering Mathematics) കാറ്റഗറിയിൽ വരുന്ന കോഴ്സുകൾ എടുക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്കുള്ള വർക്ക് വിസ കിട്ടും. ഇതിന് OPT എന്നാണ് പറയുക. കോഴ്സ് കഴിഞ്ഞു OPT കിട്ടിയാൽ 90 ദിവസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കണം. ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഇനി ജോലി കിട്ടിയാൽ തന്നെ മൂന്നു കൊല്ലത്തിനുള്ളിൽ വേറെ ഏതെങ്കിലും വിസയിലേക്ക് മാറണം. അല്ലെങ്കിൽ മൂന്നു കൊല്ലത്തിനു ശേഷം തിരിച്ചുപോണം. അമേരിക്കയിലെ നിലവിലെ സാഹചര്യത്തിൽ ഈ വിസക്ക് H1B എന്നാണ് പറയുക. H1B വിസ ഒരു ലോട്ടറി ആണ്. വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. അതിനുശേഷം മൂന്നു കൊല്ലത്തിനുള്ളിൽ രണ്ട് ചാൻസ് മാത്രമേ കിട്ടുകയുള്ളൂ വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുക്കാൻ. അതിനുള്ളിൽ കിട്ടിയാൽ അമേരിക്കയിൽ തുടരാം ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടിവരും. ഈ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ മുടക്കി അമേരിക്കയിൽ പഠിക്കാൻ വരുന്നത് വൻ റിസ്കാണ്.

ഇതെ ഡിഗ്രി കാനഡയിലോ ഓസ്ട്രേലിയയിലോ എടുത്താൽ വിസ സ്പോൺസർ ചെയ്യുന്ന ഒരു കമ്പനിയെ കണ്ടു പിടിച്ചാൽ മതി. പിന്നെ അവിടെ വിസ അപ്ലിക്കേഷനിൽ ഒരു ലോട്ടറി സമ്പ്രദായമോ ഭാഗ്യത്തിൻ്റെ കളിയോ ഒന്നുമില്ല. അതുകൊണ്ട് പഠിക്കാൻ സ്വീകരിക്കുന്ന രാജ്യം വളരെ പ്രധാനമാണ്.

എന്നാൽ ഡോക്ടറേറ്റ് ചെയ്യാൻ വളരെ നല്ല ഒരു രാജ്യമാണ് അമേരിക്ക. PhD ചെയ്താൽ EB1 എന്ന ഒരു കാറ്റഗറിയിൽ പെർമനന്റ് റെസിഡൻസി(permanent residency) അല്ലെങ്കിൽ ഗ്രീൻ കാർഡ്(green card) കിട്ടുന്ന ഒരു പ്രോഗ്രാം അമേരിക്കയിൽ ഉണ്ട്. അതുകൊണ്ട് PhD ഉള്ളവർക്ക് ഈ വിസയുടെ ടെൻഷൻ പൊതുവേ ഉണ്ടാവാറില്ല.

പല രാജ്യങ്ങളിലും അവിടെ പഠിച്ചു കഴിഞ്ഞാൽ എത്ര കാലം ജോലി ചെയ്യാം എന്നുള്ളതിന് വളരെ കൃത്യമായ നിയമമുണ്ട്. ഇത് അന്വേഷിച്ചിട്ട് മനസ്സിലാക്കിയിട്ട് മാത്രമേ കോളേജിൽ അഡ്മിഷൻ എടുക്കാവൂ.

ബാച്ചിലർ ഡിഗ്രി പഠിക്കണോ അതോ മാസ്റ്റേഴ്സ് ഡിഗ്രി  പഠിക്കണോ?

എൻ്റെ അഭിപ്രായത്തിൽ നഴ്സിംഗ് ആണ് ബാച്ചിലർ ഡിഗ്രി പഠിക്കുവാനായി വിദേശത്ത് പോകുവാൻ മുതൽ ആകുന്ന ഒരേ ഒരു പ്രൊഫഷൻ. എൻജിനീയറിങ് ഡിഗ്രിയും ഫിസിക്സും(physics) കെമിസ്ട്രിയും(chemistry) എല്ലാം മാസ്റ്റേഴ്സ് പഠിക്കുവാനാണ് പോകാൻ നല്ലത്. ആനിമേഷൻ(animation) ക്രിയേറ്റീവ് റൈറ്റിംഗ്(creative writing) എന്നിവയെല്ലാം ആയാലും ഇന്ത്യയിൽ ബാച്ചിലേഴ്സ് ഡിഗ്രി(bachelor’s degree) പഠിച്ചു ഒന്ന് രണ്ട് കൊല്ലത്തെ ജോലി പരിചയത്തിനു ശേഷം വിദേശത്തേക്ക് മാസ്റ്റേഴ്സ് എടുക്കാൻ പോകുന്നതാണ് നല്ലത്. അമേരിക്കയിലേക്ക് വരുവാനുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും നല്ലത് PhD എടുക്കാൻ വരുന്നതാണ്. മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുവാൻ വരുന്നതാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ക്ലാസിലെ മികച്ച 20% ത്തിൽ എത്തുമെന്ന് ഉറപ്പുള്ള വരെ വരാവൂ. അല്ലെങ്കിൽ ജോലി കിട്ടുവാൻ സ്വല്പം ബുദ്ധിമുട്ടാണ്.

ഏതു കോളേജിൽ പോകുന്നു എന്നുള്ളതും വളരെ പ്രധാനമാണ്.

വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികൾ വളരെ ഉയർന്ന ഫീസ് കൊടുക്കുന്ന കാരണം നാട്ടിലെ പാരലൽ കോളേജ് പോലെ കുറെ തരികിട കോളേജുകളും പാശ്ചാത്യ നാടുകളിൽ ഉണ്ട്. നാട്ടിൽ നിന്ന് ലക്ഷങ്ങൾ കൊടുത്ത് പഠിക്കാൻ വരുമ്പോൾ ഏതു കോളേജിലും അഡ്മിഷൻ കിട്ടിയാൽ പോകും എന്ന് വിചാരിക്കരുത്. നല്ല പേരുള്ള വലിയ യൂണിവേഴ്സിറ്റി ആണോ എന്ന് നോക്കിയിട്ട് മാത്രമേ പഠിക്കാൻ ചേരാൻ പാടുള്ളൂ.  നല്ല നഗരങ്ങളിലുള്ള നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ജോലി സാധ്യത വളരെ കൂടുതലാണ്. വളരെ ആൾതാമസം കുറഞ്ഞ ഒഴിഞ്ഞ നഗരങ്ങളിലുള്ള ചെറിയ കോളേജുകളിൽ പഠിച്ചാൽ പാർട്ട് ടൈം (part time)ജോലി കിട്ടുവാനും പഠനത്തിനുശേഷം നല്ല ജോലി കിട്ടുവാനും ക്യാമ്പസ് ഇൻറർവ്യൂകളിൽ (campus interview) പങ്കെടുക്കുവാനുള്ള സാഹചര്യവും എല്ലാം കുറവായിരിക്കും. ഇതേ പോലെ തന്നെ യൂണിവേഴ്സിറ്റി ഒരു സുപ്രഭാതത്തിൽ നിർത്തി പോകില്ല എന്നുള്ളതും നമുക്ക് ഉറപ്പാക്കേണ്ട കാര്യമാണ്. പഠിച്ചുകൊണ്ടിരിക്കെ യൂണിവേഴ്സിറ്റി നിർത്തി പോയി കാശും പോയി ഡിഗ്രിയും ഇല്ല എന്നുള്ള അവസ്ഥയിൽ കുറെ വിദ്യാർത്ഥികൾ കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് അമേരിക്കയിൽ പെട്ടുപോയതാണ്.

പോകുന്ന രാജ്യം വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക് പെർമനന്റ് റെസിഡൻസി(Permanent Residency) കൊടുക്കുവാൻ താല്പര്യമുള്ളതാണോ?

ജപ്പാൻ കാനഡ ഓസ്ട്രേലിയ ജർമ്മനി പോലെയുള്ള രാജ്യങ്ങൾ അവരുടെ നിലവിലെ ജനസംഖ്യ കുറയുന്നത് കാരണം പുറത്തുനിന്നുള്ള ആൾക്കാരെ സ്വീകരിക്കാൻ കുറെ കൂടി തയ്യാറാണ് ഇപ്പോൾ. ഇങ്ങനെയുള്ള രാജ്യങ്ങളിൽ പഠിക്കുവാൻ പോയാൽ അവിടെ സ്ഥിരമായി നിൽക്കുവാനുള്ള പെർമനന്റ് റസിഡൻസ്(permanent residence) കിട്ടുവാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം അമേരിക്കയ്ക്ക് അങ്ങനെയൊരു പ്രശ്നമില്ല. ഈ രാജ്യത്ത് വന്ന് നല്ലൊരു ജോലി കിട്ടി 10-15 കൊല്ലം ജോലി ചെയ്താലും റെസിഡൻസി കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ടി വരും. അതുകൊണ്ട് പഠനത്തിനുശേഷം വിദേശത്ത് തുടരാൻ ഉദ്ദേശിച്ചാണ് പോകുന്നതെങ്കിൽ പോകുന്ന രാജ്യത്തെ സിറ്റിസൺ(citizen) ആവാൻ എന്താണ് വഴി എന്നുള്ളത് മുന്നേ അന്വേഷിക്കണം. ഈ വിവരങ്ങൾ എല്ലാം രാജ്യത്തിൻറെ ഇമിഗ്രേഷൻ വെബ്സൈറ്റുകളിൽ(immigration website) കൃത്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ മലയാളി ഇല്ലാത്ത നാടിപ്പോൾ ഇല്ലാത്ത കാരണം യൂട്യൂബിൽ സെർച്ച് (YouTube search) ചെയ്താലും വിവരം കിട്ടും. യൂട്യൂബിൽ നിന്നുള്ള വിവരം ഒഫീഷ്യൽ വെബ്സൈറ്റുമായി ഒത്തു നോക്കാൻ മറന്നു പോകരുത്. ഒഫീഷ്യൽ വെബ്സൈറ്റുകൾ ഇംഗ്ലീഷിൽ ആയിരിക്കും. അതു വായിച്ചു മനസ്സിലാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനുള്ള ഇംഗ്ലീഷ് എങ്കിലും ആദ്യം ശരിയാക്കിയിട്ടേ വിദേശത്ത് പോകാൻ ശ്രമിക്കാവൂ. ഇംഗ്ലീഷ് മര്യാദയ്ക്ക് പഠിച്ചെടുക്കുവാൻ ഒരു രണ്ടു മാസത്തെ ശ്രമവും കൂടിപ്പോയാൽ ഒരു അമ്പതിനായിരം രൂപയുടെ ഒരു ക്ലാസും മതിയാകും.

എന്ത് കോഴ്സ് ആയാലും കുഴപ്പമില്ല അവിടെ എത്തിയാൽ ഞാൻ എന്ത് പണിയും ചെയ്തു ജീവിക്കാം എന്ന് വിചാരിക്കരുത്. മിക്ക രാജ്യങ്ങളിലും പഠിക്കുന്ന കോഴ്സിനോട്(course) ബന്ധമുള്ള ജോലി മാത്രമേ എടുക്കാൻ സമ്മതിക്കുകയുള്ളൂ. അതു പോലെ ഒരുതവണ നിയമം തെറ്റിച്ച് വിസയുടെ കാലാവധി കഴിഞ്ഞു അല്ലെങ്കിൽ വിസ ഇല്ലാതെ ജോലി ചെയ്തു പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ രാജ്യത്ത് നിന്ന് പെർമനന്റ് റസിഡൻസ് കിട്ടുവാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ നാട്ടിലെ പോലെ കാശുകൊടുത്ത് പേപ്പർ മുക്കാൻ പറ്റില്ല.

പഠിക്കാൻ പോകുന്ന വിദ്യാർത്ഥി പഠിക്കാൻ മിടുക്കിയാണോ?

നാട്ടിൽ പരീക്ഷയ്ക്ക് കഷ്ടിച്ച് പാസാക്കുന്ന വിദ്യാർത്ഥിയെ വിദേശത്ത് പഠിക്കാൻ വിട്ട് അവൻ അല്ലെങ്കിൽ അവൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതും മണ്ടത്തരമാണ്. നന്നായി പഠിക്കും എന്നുണ്ടെങ്കിൽ മാത്രമേ പഠിക്കാനായി വിദേശത്ത് പോകേണ്ട കാര്യമുള്ളൂ. നേരത്തെ പറഞ്ഞ പോലെ ജപ്പാൻ കാനഡ പോലെയുള്ള രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നത് കാരണം പുറത്തുനിന്ന് ആൾക്കാരെ സ്വീകരിക്കാൻ അവർ തയ്യാറാണ്. ഇതിന് അവിടുത്തെ കോളേജിൽ പഠിക്കണം എന്നു നിർബന്ധമില്ല. ആ രാജ്യങ്ങളുടെ ഇമിഗ്രേഷൻ പദ്ധതികളിൽ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ആൾക്കാരെ സ്വീകരിക്കുവാനുള്ള വഴികൾ അവർ തുറന്നു വച്ചിട്ടുണ്ടാകും. ചിലപ്പോൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിനെകാൾ (Software Engineer) ഹെവി ട്രക്ക് (heavy truck) അഥവാ ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് ആയിരിക്കും ചില രാജ്യങ്ങളിലേക്ക് പോകുവാനുള്ള അവസരങ്ങൾ കൂടുതൽ. വിദേശത്ത് പോവാനുള്ള ആഗ്രഹത്തിനുവേണ്ടി ലക്ഷങ്ങളുടെ കടം എടുക്കുന്നതിന് പകരം ജനസംഖ്യ കുറവു കാരണം വിദേശികളെ ആകർഷിക്കുവാനായി താല്പര്യമുള്ള രാജ്യങ്ങൾ ഏതുതരം കഴിവുകൾക്കാണ് അല്ലെങ്കിൽ ഏത് ജോലിക്കാർക്കാണ് മുൻഗണന നൽകുന്നത് എന്ന് കണ്ടുപിടിച്ച് ആ ജോലി പഠിക്കുവാൻ ആയിരിക്കും ചെലവ് കുറവ്.

നമ്മുടെ കഴിവ് ആവശ്യമുള്ള രാജ്യം ഏതാണെന്ന് നോക്കി അങ്ങോട്ട് പോകാൻ ആവശ്യമുള്ളത് ചെയ്യുന്നതാണ് കണ്ണുമടച്ച് വിദേശത്ത് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനേക്കാൾ നല്ലത്.






സേവിങ്സ് ബാങ്ക് അക്കൗണ്ട് (Savings Bank Account)

സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കിംഗ് സ്ഥാപനങ്ങളിൽ തുടങ്ങുന്ന ഒരു അക്കൗണ്ടാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ഡെബിറ്റ് കാർഡ്[Debi Card], ക്രെഡിറ്റ് കാർഡ്[Credit Card],ചെക്ക് ബുക്ക് [Cheque Book], ഇന്റർനെറ്റ് ബാങ്കിംഗ്(Internet Banking) മുതലായ മറ്റു സേവനങ്ങൾ നമുക്ക് ലഭ്യമാകും. മിക്ക ബാങ്കുകളിൽ നിന്നും ഈ സേവനങ്ങൾ ലഭിക്കുവാൻ അവിടെ ഒരു സേവിങ്സ് അക്കൗണ്ട് വേണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ വരെയുള്ള തുകക്ക് ഇൻഷുറൻസ് കവറേജ് ഉള്ളതാണ്.  ഒരു ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ, ബാങ്ക് പൊളിഞ്ഞ് പോയാൽ പണം നഷ്ടമാകും. കോഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ ബാങ്കിന് ഈ ഇൻഷുറൻസ് സുരക്ഷ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കണം.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 3.5 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. ചില ബാങ്കുകൾ ഇതിൽ കൂടുതൽ പലിശ ലഭ്യമാക്കും. 

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം(A.T.M) വഴി എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം. അതേ പോലെ തന്നെ എപ്പോൾ വേണമെങ്കിലും ഇൻറർനെറ്റ് ബാങ്കിംഗ് വഴിയും പണം കൈമാറ്റം ചെയ്യാൻ സാധിക്കും. ബാങ്കിൻ്റെ പ്രവർത്തന ദിവസങ്ങളിൽ ബാങ്കിൽ നേരിട്ട് പോയും പണം പിൻവലിക്കാം. ഇതിൽ എടിഎം വഴി പിൻവലിക്കുന്നതിനും ബാങ്ക് ശാഖയിൽ പോയി നേരിട്ട് പണം പിൻവലിക്കുന്നതിനും പരിധികൾ ഉണ്ടാകും. ഓരോ ബാങ്കിനും ഈ പരിധിക്ക് വ്യത്യാസമുണ്ടാകും. പരിധിക്കു മുകളിൽ ഒരു സംവിധാനം നമ്മൾ  ഉപയോഗിച്ചാൽ അതിന് പിഴ കൊടുക്കേണ്ടി വരും.

മിക്ക ബാങ്ക് അക്കൗണ്ടുകളിലും ഒരു മിനിമം ബാലൻസ്(Minimum Balance) ഉണ്ടായിരിക്കും. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ഇത്. ഇതിൽ കുറഞ്ഞാൽ ബാങ്ക് പിഴ ഈടാക്കും. 

അതേ പോലെ തന്നെ വാർഷികമായി അക്കൗണ്ട് മെയിൻറനൻസ് ഫീസ്(Account Maintenance Fees), ഡെബിറ്റ് കാർഡ് ഫീസ്(Debit Card Fees) എന്നിങ്ങനെ പല രീതിയിൽ ചില ബാങ്കുകൾ ഫീസ് ഇടാക്കാറുണ്ട്. ഇവ എന്തൊക്കെയാണെന്ന് അക്കൗണ്ട് തുറക്കുന്നതിനു മുൻപ് ചോദിച്ചറിഞ്ഞ് ഏറ്റവും കുറഞ്ഞ ഫീസുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ദീർഘകാല നിക്ഷേപത്തിനായി ഉപയോഗിക്കരുത്. ഈ അക്കൗണ്ടിലെ പലിശ നിരക്ക് വിലക്കയറ്റത്തിന് ഒപ്പം നമ്മുടെ പണത്തെ വളർത്തില്ല. സേവിങ്സ് ബാങ്കിലെ പലിശനിരക്ക്, വിലക്കയറ്റ നിരക്കിനു താഴെ ആയതു കൊണ്ട് അക്കൗണ്ടിലെ പണത്തിന് മൂല്യം കുറഞ്ഞു കൊണ്ടിരിക്കും. മറ്റു ബാങ്കിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉള്ള ഒരു ചവിട്ടുപടി എന്ന രീതിയിലാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കേണ്ടത്.






അടുത്ത ലേഖനം: നോ ഫ്രില്സ് അക്കൗണ്ട്

ട്രാവൽ കാർഡ് (Travel Card)

വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഉപയോഗിക്കാൻ വേണ്ടി ഉള്ളതാണ് ട്രാവൽ കാർഡ് അല്ലെങ്കിൽ ഫോർഎക്സ് (Forex ) കാർഡ്. ട്രാവൽ കാർഡ് പ്രീപെയ്ഡ് കാർഡ് പോലെ ആണ് പ്രവർത്തിക്കുന്നത്. നമ്മൾ ബാങ്കിൽ പോയി ഇന്ത്യൻ രൂപ കൊടുത്തു ട്രാവൽ കാർഡ് വാങ്ങുമ്പോൾ കാർഡിൽ വിദേശ കറൻസിയിൽ പണം കൂട്ടി ചേർക്കും. ഇതിനു ബാധകമായ ഫീസും കമ്മീഷനും ബാങ്ക് എടുക്കും. ഉദാഹരണത്തിന്, അമേരിക്കയിലേക്ക് ഒരു യാത്ര പോകുമ്പോൾ നമ്മൾ ട്രാവൽ കാർഡിൽ അമേരിക്കൻ ഡോളർ ആയി ആണ് പണം ലോഡ്(load) ചെയ്യുക.

വിദേശത്തെത്തി കഴിഞ്ഞാൽ പിന്നെ കടകളിൽ ബിൽ അടക്കാനും എടിഎം’ൽ(A.T.M) നിന്നും പണം എടുക്കാനും ട്രാവൽ കാർഡ് ഉപയോഗിക്കാം.

വിദേശ രാജ്യങ്ങളിലേക്ക് കൊണ്ട് പോകാവുന്ന കറൻസി നോട്ടുകൾക്കു പരിധി ഉണ്ട്. അത് കൊണ്ട് കൂടുതൽ പണം കൊണ്ട് പോകണമെങ്കിൽ ട്രാവൽ കാർഡ് ഒരു നല്ല മാർഗ്ഗം ആണ്. അതേ പോലെ  തന്നെ സൂക്ഷിക്കാന്‍ എളുപ്പം ആണ് താനും.

തിരിച്ചു വരുമ്പോൾ കാർഡിൽ ബാക്കി തുക ഉണ്ടെങ്കിൽ ബാങ്കിൽ കൊടുത്തു തിരിച്ചു ഇന്ത്യൻ രൂപ ആയി വാങ്ങാം. ഇതിൻ്റെ നടപടിക്രമം ട്രാവൽ കാർഡ് വാങ്ങുമ്പോൾ തന്നെ ചോദിച്ചു മനസിലാക്കണം.






അടുത്ത ലേഖനം: റിയൽ എസ്റ്റേറ്റ്

ഗിഫ്റ്റ് കാർഡ് (Gift Card)

ബാങ്കിനു പകരം ഒരു കച്ചവട സ്ഥാപനം വിൽക്കുന്ന പ്രീപെയ്ഡ്  കാർഡാണ് ഗിഫ്റ്റ് കാർഡ്.

 ഒരു സ്ഥാപനത്തിൻ്റെ ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് ആ സ്ഥാപനത്തിൽ നിന്നും മാത്രമേ സാധനങ്ങൾ വാങ്ങാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് ആമസോണിൻ്റെ [Amazon] ഗിഫ്റ്റ് കാർഡ് വാങ്ങിയാൽ ആമസോണിൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ അതു പോലെ തന്നെ ഫ്ലിപ്കാർട്ട് ഗിഫ്റ്റ് വാങ്ങിയാൽ [Flipkart] ഫ്ലിപ്കാർട്ട്’ൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ. റസ്റ്റോറൻറ്കളും തുണി കടകളും എല്ലാം ഇപ്പോൾ ഗിഫ്റ്റ് കാർഡുകൾ വിൽക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മിക്ക ഗിഫ്റ്റ് കാർഡുകൾക്കും ഒരു കാലാവധി ഉണ്ടാകും. ഉദാഹരണത്തിന് ഇന്ന് രണ്ടു വർഷം കാലാവധി ഉള്ള കാർഡ് വാങ്ങിയാൽ രണ്ടു വർഷത്തിനകം അത് ഉപയോഗിച്ചു തീർക്കണം. ഇല്ലെങ്കിൽ ആ പണം പാഴാകും. ഒരിക്കലും തിരിച്ചു കിട്ടില്ല.

ആർക്കെങ്കിലും സമ്മാനം കൊടുക്കുവാനായി അല്ലാതെ ഗിഫ്റ്റ് കാർഡ് വാങ്ങുന്നത് പൊതുവേ ബുദ്ധിയല്ല. ഗിഫ്റ്റ് കാർഡിനെകാളും നല്ല സമ്മാനം പ്രീപെയ്ഡ് കാർഡ് ആയിരിക്കും.






അടുത്ത ലേഖനം: ട്രാവൽ കാർഡ്

പ്രീപെയ്ഡ് കാർഡ് (Prepaid Card)

ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതും എന്നാൽ ഡെബിറ്റ് കാർഡ് പോലെ ഉപയോഗിക്കാവുന്നതും ആയ ഒരു കാർഡ് ആണ്  പ്രീപെയ്ഡ് കാർഡ്. പ്രീപെയ്ഡ് കാർഡ് എന്ന് വെച്ചാൽ മുൻ‌കൂർ കാശ് അടച്ച കാർഡ് എന്നാണ് അർത്ഥം.പേര് സൂചിപ്പിക്കുന്നത് പോലെ മുൻപേ കാശ് അടച്ചു വാങ്ങുന്നതാണ് പ്രീപെയ്ഡ് കാർഡ്.

ഉദാഹരണത്തിന്, 10,000 രൂപയുടെ   ഒരു പ്രീപെയ്ഡ് കാർഡ് വേണമെങ്കിൽ ബാങ്കിൽ പോയി 10,000 രൂപ കൊടുത്തു നമ്മൾ കാർഡ് വാങ്ങണം. കാർഡ് ആദ്യമായി വാങ്ങുന്നതിനു കുറച്ചു ഫീസ് ഉണ്ടാകും. നിങ്ങളുടെ കൈയിൽ ഒരു പ്രീപെയ്ഡ് കാർഡ് ഉണ്ടെങ്കിൽ അതിൽ രൂപ ലോഡ്[load] ചെയ്താൽ മതി.

പ്രീപെയ്ഡ് കാർഡ് വാങ്ങാൻ ക്രെഡിറ്റ് ഹിസ്റ്ററിയും [Credit History] ലോൺ അപ്ലിക്കേഷനും ഒന്നും വേണ്ട.

പ്രീപെയ്ഡ് കാർഡ് കൊണ്ടുള്ള ഉപകാരങ്ങൾ :

  1. പണം കൊണ്ട് നടക്കേണ്ട. പകരം പേഴ്‌സിൽ ഒരു ചെറിയ കാർഡ് വെച്ചാൽ മതി. ദൂര യാത്ര ചെയ്യുമ്പോൾ ഇതു വളരെ അധികം ഉപകാരപ്പെടും.
  2. ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഇല്ലാത്ത ആൾക്കാർക്കു ഇന്റർനെറ്റ് വഴി ഷോപ്പിംഗ് നടത്താൻ ഏറ്റവും എളുപ്പമുള്ള വഴി ആണ് പ്രീപെയ്ഡ് കാർഡ്.

പ്രീപെയ്ഡ് കാർഡിൻ്റെ ദൂഷ്യ വശങ്ങൾ :

  1. കാർഡിൽ പണം ഇടുന്നതിനു ബാങ്ക് ഫീസ് വാങ്ങും.
  2. കാർഡ് നഷ്ടപ്പെട്ടു പോയാൽ പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ക്രെഡിറ്റ് കാർഡിൻ്റെ അത്ര സംരക്ഷണം പ്രീപെയ്ഡ് കാർഡിന് കിട്ടില്ല.





അടുത്ത ലേഖനം: ഗിഫ്റ്റ് കാർഡ്

ഡെബിറ്റ് കാർഡ് (Debit Card)

ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം നോട്ട് ആയി കൊണ്ടു നടക്കാതെ ഉപയോഗിക്കാൻ വേണ്ടി ബാങ്ക് കൊടുക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം കൊണ്ട് ഉണ്ടാക്കിയ കാർഡ് ആണ് ഡെബിറ്റ് കാർഡ്. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഡെബിറ്റ് കാർഡ് കിട്ടൂ . നമ്മുടെ അക്കൗണ്ടിൽ ഉള്ള തുക മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ പറ്റൂ . അക്കൗണ്ടിൽ 1000 രൂപ ഉണ്ടെങ്കിൽ 1000 രൂപയുടെ സാധനം മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ പറ്റുകയുള്ളു. ഇതാണ്  ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന രീതിയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ക്രെഡിറ്റ് കാർഡിനെ പോലെ തന്നെ ആണ്.

ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡിനെ പോലെ തന്നെ വിസ(VISA), മാസ്റ്റർകാർഡ്(MasterCard), രൂപയ്(RuPay) പോലെ ഉള്ള എന്തെങ്കിലും ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്ക് എടിഎം’ൽ(A.T.M) നിന്നും പണം എടുക്കാനും പറ്റും. എത്ര തവണ ഒരു മാസം എടിഎം ഉപയോഗിക്കാം എന്ന് പരിധി ഉണ്ട്. ഇതിൽ കൂടുതൽ ആയാൽ പിഴ ഉണ്ടാകും. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിൽ നിന്നും ലഭ്യം ആണ്.

ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൊണ്ട് പണം കൊണ്ട് നടക്കേണ്ട എന്ന ഉപയോഗം ആണ്  ഉള്ളത് . ക്രെഡിറ്റ് കാർഡുകൾ തരുന്നത് പോലെ ക്യാഷ് ബാക്ക് ഓഫറുകളോ അധിക വാറന്റിയോ(Extended Warranty) ഒന്നും സാധാരണ ലഭിക്കാറില്ല.






അടുത്ത ലേഖനം: പ്രീപെയ്ഡ് കാർഡ്

ക്രെഡിറ്റ് കാർഡ് (Credit Card)

ഉപഭോക്താക്കൾക്ക് കടം വാങ്ങാൻ എളുപ്പത്തിനു വേണ്ടി  ബാങ്കുകൾ കൊടുക്കുന്ന പ്ലാസ്റ്റിക്കോ ലോഹമോ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കാർഡ് ആണ് ക്രെഡിറ്റ് കാർഡ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നമുക്ക് സാധനങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ സേവനങ്ങൾക്കുള്ള ബിൽ അടയ്ക്കുകയോ അല്ലെങ്കിൽ  ബാങ്ക് എടിഎമ്മിൽ(ATM) നിന്ന് കാശ് എടുക്കുകയോ ചെയ്യാം. ഉദാഹരണത്തിന് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കാനും ആശുപത്രിയിൽ ബില്ലടയ്ക്കാനും കാശിനു പകരം ക്രെഡിറ്റ് കാർഡ് കൊടുക്കാൻ പറ്റും..

എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുന്നത്?

ബാങ്കുകളിൽ ആണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുക. നമ്മൾക്ക് അക്കൗണ്ട് തുടങ്ങാൻ താല്പര്യം ഉള്ള ബാങ്കിൽ പോയി അപേക്ഷ കൊടുത്താൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. അപേക്ഷിക്കുന്ന എല്ലാവർക്കും അക്കൗണ്ട് തുടങ്ങാൻ പറ്റില്ല. അപേക്ഷ സ്വീകരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറും സാമ്പത്തിക നിലവാരവും എല്ലാം പരിശോധിച്ചതിനു ശേഷമാണ്.

അപ്പോൾ എന്താണ് ഈ വിസ(VISA), മാസ്റ്റർ കാർഡ്(MasterCard), അമേരിക്കൻ എക്സ്പ്രസ് (American Express), രൂപയ്(RuPay) എന്നെല്ലാം പറയുന്നത്?

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന സ്ഥലത്തെ മെഷീനും ബാങ്കിൻ്റെ സെർവറും തമ്മിൽ യോജിപ്പിക്കുന്ന ശൃംഖലകൾ ആണ് വിസ, മാസ്റ്റർ കാർഡ്, അമേരിക്കൻ എക്സ്പ്രസ് എന്ന് പറയുന്നത് എല്ലാം. നമ്മൾ കാർഡ് ഉപയോഗിക്കുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന തുക ക്രെഡിറ്റ് കാർഡിൽ ബാക്കിയുണ്ടോ എന്ന് അറിയുവാൻ വേണ്ടി ബാങ്കിൻ്റെ സെർവറിൽ പോയി നോക്കണം. ഈ സേവനം ലഭ്യമാക്കുന്ന നെറ്റ്‌വർക്ക് ആണ് വിസയും മാസ്റ്റർ കാർഡുമെല്ലാം. ഇതിനു വേണ്ടി അവർ എല്ലാ ഇടപാടിനും ഒരു വളരെ ചെറിയ ശതമാനം ഫീസായി വാങ്ങും.

ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  1. ക്രെഡിറ്റ് ലിമിറ്റ് (Credit Limit): ഈ കാർഡ് ഉപയോഗിച്ച് എത്ര രൂപയുടെ സാധനം വരെ വാങ്ങാം എന്നുള്ളതാണ് ക്രെഡിറ്റ് ലിമിറ്റ് അഥവാ പരമാവധി ഉപയോഗിക്കാവുന്ന തുക. 
  2. ക്യാഷ് ലിമിറ്റ്(Cash Limit): ഈ കാർഡ് ഉപയോഗിച്ച് എത്ര രൂപ എടിഎമ്മിൽ നിന്ന് കാശായി പിൻവലിക്കാൻ സാധിക്കും എന്നുള്ളതാണ് ആണ് ഈ പരിധി.
  3. ആനുവൽ ഫീസ്(Annual Fees): ഒരു വർഷം എത്ര രൂപ ഫീസ് ഉണ്ട് കാർഡിന് എന്നുള്ളതാണ് ഇത്. നല്ല കാർഡുകൾക്ക് സാധാരണ ഈ ഫീസ് ഉണ്ടാവാറില്ല.
  4. ഗ്രേസ് പിരീഡ്(Grace Period): ഓരോ മാസത്തെയും ബില്ല് കിട്ടിയതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ കാശ് അടച്ചാൽ പലിശയില്ലാതെ ഇരിക്കും എന്നുള്ളതാണ് ഗ്രേസ് പിരീഡ്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്രേസ് പിരീഡ് നുള്ളിൽ കാശ് അടച്ചാൽ മാത്രമേ നമ്മൾക്ക് പലിശ കൊടുക്കാതിരിക്കാൻ പറ്റുകയുള്ളൂ. സാധാരണഗതിയിൽ 15 ദിവസമോ 20 ദിവസമോ ആണ് ഗ്രേസ് പിരീഡ്. അതായത് എല്ലാ മാസവും മുപ്പതാം തിയ്യതി ബിൽ വന്നാൽ അടുത്ത മാസം പതിനഞ്ചാം തീയതിക്ക് മുൻപ് പണം അടച്ചാൽ നമുക്ക് പലിശ കൊടുക്കേണ്ട.
  5. പലിശ നിരക്ക്: ക്രെഡിറ്റ് കാർഡ് ബിൽ സമയത്ത് അടച്ചില്ലെങ്കിൽ എത്ര ശതമാനം പലിശ കൊടുക്കേണ്ടി വരും എന്നുള്ളതാണ് ഇത്. ഇത് എപ്പോഴും ബാങ്കിൻ്റെ മറ്റു വായ്പ പലിശ നിരക്കുകളേക്കാളും വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന് എൻ്റെ ഒരു ക്രെഡിറ്റ് കാർഡിന് ഇപ്പോൾ 24 ശതമാനമാണ് പലിശ. ഓട്ടോ ലോണിന് പത്തു ശതമാനത്തിനടുത്തും ഹൗസിംഗ് ലോണിന് 9 ശതമാനത്തിനടുത്തും പേഴ്സണൽ ലോണിന് 16 ശതമാനത്തിനടുത്തും പലിശ ഉള്ളപ്പോഴാണ് ക്രെഡിറ്റ് കാർഡിന് 24 ശതമാനം. 
  6. ക്യാഷ് അഡ്വാൻസ് ഫീസ്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എടിഎമ്മിൽ നിന്ന് കാശ് എടുത്താൽ എത്ര രൂപ ട്രാൻസാക്ഷൻ ഫീസ്(Transaction Fees) എടുക്കും എന്നുള്ളതാണ് ഇത്.
  7. ഫോറിൻ ട്രാൻസാക്ഷൻ ഫീസ്: ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് സാധനം വാങ്ങിയാൽ എത്ര രൂപ അധിക ഫീസ് കൊടുക്കേണ്ടി വരും എന്നതാണ് ഇത്.
  8.  സ്റ്റേറ്റ്മെൻറ് ഡേറ്റ് (Statement Date) : മാസത്തിലെ ഏത് ദിവസമാണ് ക്രെഡിറ്റ് കാർഡ് ബിൽ വരുന്നത് എന്നതാണ് ഇത്. ഈ ദിവസത്തിൽ നിന്ന് ഗ്രേസ് പിരീഡ് കൂട്ടിയാൽ ആണ് നമ്മൾ തിരിച്ചടയ്ക്കേണ്ട ദിവസം നമുക്ക് കിട്ടുന്നത്. ഉദാഹരണത്തിന് പത്താം തീയതി സ്റ്റേറ്റ്മെൻറ് ഡേറ്റ് ഉള്ള  ക്രെഡിറ്റ് കാർഡിന് 15 ദിവസമാണ് ഗ്രേസ് പിരീഡ് എങ്കിൽ ഇരുപത്തിയഞ്ചാം    തീയതിക്കുള്ളിൽ ബിൽ തുക മുഴുവൻ തിരിച്ചടക്കണം.

ക്രെഡിറ്റ് കാർഡ് ഉപയോഗികുന്നത് എങ്ങനെ?

നമ്മൾ നേരിട്ട് പോയി സാധനം വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് സ്വീകരിക്കുന്ന കടകളിൽ പണത്തിനു പകരം ക്രെഡിറ്റ് കാർഡ് കൊടുത്താൽ മതി. അപ്പോൾ തന്നെ അവർ അത് മെഷീനിൽ ഇട്ടു അതിൽ നിന്ന് വരുന്ന രസീത് നമുക്ക് തരും. ഇതിൽ ഒപ്പിട്ടു കഴിഞ്ഞാൽ നമ്മൾ കാശു കൊടുത്തതിനു തുല്യമാണ്.

ഇൻറർനെറ്റ് വഴിയാണ് വാങ്ങുന്നതെങ്കിൽ ക്രഡിറ്റ് കാർഡ് നമ്പറും [ഇത് 16 ആയിരിക്കും] കാർഡിൻ്റെ എക്സ്പെയറി ഡേറ്റ് പിന്നെ കാർഡിൻ്റെ പുറകിൽ ഉള്ള മൂന്ന് അക്ഷരമുള്ള സെക്യൂരിറ്റി കോഡ് എന്നിവ  ഉപയോഗിച്ചാണ് നമ്മൾ സാധനം വാങ്ങുന്നത്. ഈ മൂന്ന് വിവരങ്ങളും കാർഡിന് പുറത്ത് കാണാൻ പാകത്തിന് എഴുതി വെച്ചിട്ടുണ്ടാകും. ഇതു കൊണ്ടാണ് ഒരു കാരണവശാലും നമ്മുടെ ക്രെഡിറ്റ് കാർഡ് ഫോട്ടോ കോപ്പി എടുക്കാൻ ആരെയും അനുവദിക്കരുത് എന്ന് പറയുന്നത് . അതേ പോലെ തന്നെ ക്രെഡിറ്റ് കാർഡ് നമ്പറും  സെക്യൂരിറ്റി കോഡും ഫോണിൽ കൂടെ ആർക്കും പറഞ്ഞു കൊടുക്കരുത്.

ക്രെഡിറ്റ് കാർഡ് എടിഎമ്മിൽ ഇട്ട് അതിൻ്റെ ക്യാഷ് ലിമിറ്റ് വരെയുള്ള തുക നമുക്ക് എടുക്കാൻ പറ്റുന്നതാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുന്ന പോലെയല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം എടുത്താൽ. എന്ന് പണം എടുക്കുന്നോ അന്നു മുതൽ പലിശ കണക്കുകൂട്ടി തുടങ്ങും. ചില കാർഡ് കമ്പനികൾ കാർഡിൽ നിന്ന് പണം എടുത്താൽ പിന്നെ കാർഡിലുള്ള മൊത്തം ബാലൻസ് കടമായി കണക്കുകൂട്ടി പലിശ കൂട്ടി തുടങ്ങാറുണ്ട്.  അതേ പോലെ തന്നെ ചിലപ്പോൾ കാശ് എടുക്കുന്നതിന് ക്രെഡിറ്റ് കാർഡ് സാധാരണ രീതിയിൽ ഉപയോഗിക്കുന്നതിനേക്കാൾ പലിശ നിരക്ക് കൂടുതലായിരിക്കും. ഇതുകൊണ്ട് ക്രെഡിറ്റ് കാർഡിൽ നിന്ന് പൈസ എടുക്കുന്നത് വളരെ വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിക്കണം. കാർഡിൽ നിന്ന് പണം എടുത്താൽ പിന്നെ അത് വളർന്നു വലുതാവാൻ അധികം സമയമൊന്നും വേണ്ട.

ക്രെഡിറ്റ് കാർഡ് ബിൽ വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  1. പെയ്മെൻറ് ഡ്യൂ ഡേറ്റ്[Payment Due Date] അഥവാ പൈസ തിരിച്ചടയ്ക്കേണ്ട ദിവസം : ഈ ദിവസത്തിനുള്ളിൽ ബില്ലിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും അടച്ചിട്ടില്ല എങ്കിൽ പലിശ കണക്കു കൂട്ടി തുടങ്ങും. 
  2. കഴിഞ്ഞ മാസത്തെ ബിൽ തുക അഥവാ ടോട്ടൽ എമൗണ്ട് [Total Amount] : കഴിഞ്ഞ മാസം എത്ര രൂപയ്ക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എന്നുള്ളതാണ് ഇത്. ഇത് മൊത്തം ബില്ലിൽ പറഞ്ഞ ദിവസത്തിനുള്ളിൽ അടച്ചാൽ മാത്രമേ പലിശ കണക്ക് കൂടാതിരിക്കുകയുള്ളൂ.
  3. മിനിമം പെയ്മെൻറ് [Minimum Payment]: എത്ര രൂപ അടച്ചാൽ ആണ് പിഴ ഇല്ലാതെ വരുന്നത് എന്നതാണ് മിനിമം പെയ്മെൻറ് അഥവാ ഏറ്റവും കുറഞ്ഞ അടവ്. സാധാരണ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ മിനിമം പെയ്മെൻറ് അടച്ചില്ലെങ്കിൽ അതിന് ഒരു പിഴ ഉണ്ടാകും  ഇതിനു പുറമേ നമ്മൾക്ക് ആദ്യം തന്നിരുന്ന പലിശ നിരക്കിൽ നിന്നും മാറ്റം വരും. മിനിമം പെയ്മെൻറ് അടയ്ക്കാതെ ഇരുന്നു കഴിഞ്ഞാൽ ബാങ്കിന് പിഴയായി കൂടിയ പലിശ നിരക്കും ഈടാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മിനിമം പെയ്മെൻറ് അടച്ചത് കൊണ്ടു മാത്രം പലിശ കണക്കു കൂട്ടാതെ ഇരിക്കില്ല. മുഴുവൻ തുക അടച്ചാൽ മാത്രമേ പലിശയിൽ നിന്ന് രക്ഷപ്പെടാൻ പറ്റൂ. അതേ പോലെ തന്നെ മുഴുവൻ തുക അടച്ചില്ലെങ്കിൽ അതിനുശേഷം വാങ്ങിയ എല്ലാ സാധനങ്ങൾക്കും പലിശ കൊടുക്കേണ്ടി വരും. അതായത് ആദ്യത്തെ മാസത്തെ ബില്ല് അടച്ചിട്ട് ഇല്ലെങ്കിൽ രണ്ടാം മാസവും മൂന്നാം മാസവും വാങ്ങുന്ന സാധനങ്ങൾക്ക് എല്ലാം വാങ്ങിയ ദിവസം മുതൽ പലിശ കൊടുക്കേണ്ടി വരും.

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്താണ്?

നമുക്ക് ഇപ്പോൾ ആവശ്യമുള്ള സാധനം കയ്യിൽ കാശില്ലെങ്കിലും വാങ്ങാം എന്നുള്ളതാണ് ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം. ചില കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്ന സാധനങ്ങൾക്ക് എക്സ്റ്റൻഡഡ് വാറണ്ടി [Extended Warranty] തരാറുണ്ട്. എൻ്റെ കയ്യിലുള്ള ഒരു കാർഡ് അത് ഉപയോഗിച്ചു വാങ്ങുന്ന ഇലക്ട്രോണിക് സാധനങ്ങൾക്ക് രണ്ടു വർഷം എക്സ്റ്റൻഡഡ് വാറണ്ടി തരാറുണ്ട്. ചില ക്രെഡിറ്റ് കാർഡുകൾ റെന്റൽ കാർ [Rental Car] ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.

ഇതേ പോലെ തന്നെ ഒരു അത്യാവശ്യം വന്നാൽ സാധനങ്ങൾ വാങ്ങാനും അത്യാവശ്യം ഹോസ്പിറ്റലിൽ ബിൽ അടയ്ക്കാനും ആയുള്ള ഒരു എമർജൻസി ഫണ്ട് ആയി ക്രെഡിറ്റ് കാർഡിനെ കാണാം.ചില കാർഡുകൾ ക്യാഷ് ബാക്ക് ഓഫറുകളും നല്കും. എന്നുവെച്ചാൽ ഒരു ശതമാനം ക്യാഷ് ബാക്ക് ഉണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 10 രൂപ നമുക്ക് ബാങ്ക് തിരിച്ചു തരും.

ക്രെഡിറ്റ് കാർഡുകളുടെ ദൂഷ്യവശങ്ങൾ എന്ത്?

ഉപയോഗിക്കാനുള്ള എളുപ്പവും, അതും നമ്മുടെ കയ്യിൽ ഇല്ലാത്ത കാശ് ചെലവഴിക്കാൻ സമ്മതിക്കുന്നതും ആയതു കൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കടം കേറ്റാൻ വളരെ എളുപ്പമാണ്. നിങ്ങൾക്ക് സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് കാർഡുകൾക്കു പലിശ വളരെയധികം കൂടുതലാണ്. അതേ പോലെ തന്നെ പിഴയായി വാങ്ങുന്ന ഫീസും വളരെ കൂടുതലാണ്.

ക്രെഡിറ്റ് കാർഡ് കടം ഏറ്റവുമാദ്യം അടച്ചു തീർക്കേണ്ട കടമാണ്. ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് കടം  നീട്ടി വയ്ക്കരുത്. 

സൂക്ഷിച്ച് ഉപയോഗിച്ചാൽ കുറെ ഉപകാരങ്ങളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അതിൻ്റെ ഒരുപാട് ഇരട്ടി ഉപദ്രവങ്ങളും ഉണ്ടാക്കുന്നതെന്നാണ് ക്രെഡിറ്റ് കാർഡ്.






അടുത്ത ലേഖനം: ഡെബിറ്റ് കാർഡ്

വിൽപത്രം എഴുതാത്തത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ലൈഫ് ഇൻഷുറൻസ് എടുത്തു വയ്ക്കേണ്ട പോലെ തന്നെ ചെയ്യേണ്ട കാര്യമാണ് വിൽപ്പത്രം എഴുതി വയ്ക്കുന്നതും. എൻ്റെ ജീവിതത്തിൽ രണ്ടു തവണ വിൽ പത്രത്തിൻ്റെ ആവശ്യകത ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 

ഒന്ന് എൻ്റെ ബന്ധുവീട്ടിൽ ആണ്. അച്ഛനും അമ്മയും വിൽപത്രം എഴുതി വയ്ക്കാത്ത കാരണം അവരുടെ മരണശേഷം സ്വത്തുക്കൾ ഭാഗം വെക്കുവാനായി മക്കൾ തമ്മിൽ വലിയ അടിയായി. വർഷങ്ങൾ ഏറെ കഴിഞ്ഞു എങ്കിലും ഇപ്പോഴും ചില സഹോദരങ്ങൾ പരസ്പരം സംസാരിക്കുവാൻ മടിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി സ്വത്തുക്കൾ ഒരുപാട് ഉണ്ടാക്കിയെങ്കിലും വിൽപത്രം എഴുതാത്ത കാരണം അത് കുടുംബത്തെ തകരാറിലാക്കി.

മറ്റൊന്ന് എൻ്റെ സുഹൃത്തിൻ്റെ അച്ഛൻ മരിച്ചതിനു ശേഷം അവർക്ക് വന്ന ബുദ്ധിമുട്ടുകളാണ്. അദ്ദേഹം വിവാഹത്തിനു മുൻപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ആയിരുന്നു  മിക്കതും. അതുകൊണ്ട് അക്കൗണ്ട് തുടങ്ങിയപ്പോൾ ഭാര്യയെയോ മക്കളെയോ അവകാശികൾ ആയി നോമിനേറ്റ് ചെയ്തിട്ടുണ്ടായില്ല. പിന്നീട് നോമിനി കൂട്ടിച്ചേർക്കാൻ മറന്നു പോയി. ഒരുപാട് സ്വത്തുള്ള കുടുംബത്തിൻ്റെ എല്ലാ ബാങ്ക് അക്കൗണ്ടും അങ്ങനെ മരവിച്ചു പോയി. ഇതു പിന്നെ ഭാര്യയുടെയും മക്കളുടെയും പേരിലാക്കാൻ ഒരുപാട് കാലത്തെ പ്രയത്നം വേണ്ടി വന്നു. വിൽപത്രം ഇല്ലാത്ത കാരണം വേറെ അവകാശികൾ ഇല്ല എന്ന് തെളിയിക്കുവാൻ വേണ്ടി പത്രത്തിൽ പരസ്യം വരെ കൊടുക്കേണ്ടി വന്നു.

ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി അവകാശികളും സ്വത്തുക്കളും ഉള്ള എല്ലാവരും വിൽപത്രം എഴുതി വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് എല്ലാ അക്കൗണ്ടുകളിലും നോമിനി ഉണ്ടെന്ന് എങ്കിലും ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്വത്തുക്കളും സമ്പാദ്യവും നമ്മൾ കൊടുക്കുവാൻ ഉദ്ദേശിച്ച ആൾക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്താൻ പറ്റില്ല.

അടുത്ത ലേഖനം: കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത്






കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


പലപ്പോഴും വിവാഹം നടത്തുന്ന വീടുകളിൽ കേൾക്കാറുള്ള ഒരു വാചകം ആണ് ഇത് “നാട്ടുനടപ്പനുസരിച്ച് ഭംഗിയായി നടത്തേണ്ടേ? അതുകൊണ്ട് എത്ര രൂപ ആയാലും കുഴപ്പമില്ല”. നാടടച്ചു കല്യാണം വിളിച്ച് അതി ഗംഭീരമായി പന്തലും സദ്യയും ഒക്കെ ഒരുക്കി കുടുംബം കുട്ടിച്ചോറാക്കിയ ഒരുപാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്.

നാട്ടു നടപ്പനുസരിച്ച് കല്യാണം നടത്താൻ നമുക്ക് ആസ്തി ഉണ്ടോ എന്ന് ആദ്യം ചിന്തിക്കണം. കല്യാണം കഴിഞ്ഞ് നമ്മുടെ ചെലവ് വളരെയധികം വർദ്ധിക്കും. എൻ്റെ കാര്യം തന്നെ എടുക്കാം. കല്യാണത്തിനു മുന്നേ കൂട്ടുകാർ നാലു പേർ ചേർന്ന് വാടകയ്ക്ക് വീട് എടുത്താണ് ഞാൻ താമസിച്ചിരുന്നത്. കറണ്ട് ബിൽ, വാട്ടർ ബിൽ, ഇൻറർനെറ്റ് ബിൽ ഇവയെല്ലാം നാലിലൊന്ന് കൊടുത്താൽ മതിയായിരുന്നു. ഗ്യാസ് കണക്ഷനും പലചരക്ക് സാധനങ്ങളും അങ്ങനെ തന്നെ. കല്യാണം കഴിഞ്ഞു ഒറ്റയ്ക്ക് താമസം ആയതോടെ ഈ ചെലവുകൾ എല്ലാം ഞാൻ തന്നെ കൊടുക്കേണ്ടി വരുന്നു. ഭാര്യയുടെ വരുമാനം കൂടി ഉണ്ട് എന്ന് പറഞ്ഞാലും നാലിലൊന്ന് ചെലവ് എന്നുള്ളത് രണ്ടിൽ ഒന്നായി.  അപ്പോൾ ചെലവ് ഇരട്ടിച്ചു. അതേ പോലെ തന്നെ മാസത്തിലൊരിക്കൽ ഉണ്ടായിരുന്ന കല്യാണത്തിനും മാമോദിസക്കും ഒക്കെ നാട്ടിൽ പോയി കൊണ്ടിരുന്ന ഞാൻ കല്യാണം കഴിഞ്ഞപ്പോൾ രണ്ടു കുടുംബങ്ങളുടെയും എല്ലാ വിശേഷങ്ങൾക്കും പോകേണ്ടി വരുന്നു. ഒരു ടിക്കറ്റിനു പകരം രണ്ട് ടിക്കറ്റ് എടുക്കുകയും വേണം.

വിവാഹം കഴിയുമ്പോൾ വിവാഹത്തിനു മുൻപ് ഉണ്ടായിരുന്ന മാസ ചെലവ് ഏറ്റവും കുറഞ്ഞത് ഇരട്ടിക്കും. അപ്പോൾ കല്യാണത്തിനായി കുറെ കടം ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ കല്യാണം കഴിഞ്ഞ് ജോലി ചെയ്ത് തിരിച്ചടയ്ക്കാൻ ഒരുപാട് ബുദ്ധിമുട്ടും. ഉദാഹരണത്തിന് വിവാഹത്തിനു മുന്നേ ചിലവ് കഴിഞ്ഞ് 50,000 രൂപയും ഉണ്ടാക്കാൻ അഞ്ചു മാസം മതിയായിരുന്നു എങ്കിൽ വിവാഹത്തിനുശേഷം ചിലപ്പോൾ ഒരു കൊല്ലം എടുത്തു എന്നിരിക്കും.

നമ്മുടെ ആസ്തിക്കും വരുമാനത്തിനും ഒതുങ്ങിയ രീതിയിൽ വിവാഹ ചെലവുകൾ ഒതുക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചാൽ ഭാവി ജീവിതം കൂടുതൽ സുഖകരമായിരിക്കും.

അടുത്ത ലേഖനം: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)






അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ഇൻഷുറൻസ് വാങ്ങാതെ ഇരിക്കുന്നത് പോലെ തന്നെ അപകടകരമായ കാര്യമാണ് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇൻഷുറൻസ് പോളിസി വാങ്ങുന്നത്.

ഭൂരിഭാഗം ആൾക്കാരും ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കുഴച്ച് ക്യാഷ് ബാക്ക് പോളിസികളോ അല്ലെങ്കിൽ യൂലിപ്(ULIP) പോളിസികളോ ആണ് വാങ്ങുന്നത്. ഇവയിൽ നിന്നും ആവശ്യമുള്ള ഇൻഷുറൻസ് ലഭിക്കുകയില്ല എന്ന് മാത്രമല്ല നിക്ഷേപമായി കണക്കാക്കിയാൽ നല്ല വരുമാനം ലഭിക്കുകയും ഇല്ല. 

ഒരിക്കൽ തുടങ്ങി പോയാൽ പിന്നെ കനത്ത നഷ്ടം സഹിക്കാതെ നിർത്താനും സാധിക്കുകയില്ല. ഈ നഷ്ടം കാരണമാണ് ഭൂരിഭാഗം ആൾക്കാരും പോളിസി നിർത്താതെ തുടരുന്നത്. ഈ പോളിസിയുടെ അടവുകൾ നമ്മളെ ആവശ്യമുള്ള ഇൻഷുറൻസ് സുരക്ഷ വാങ്ങുന്നതിൽ നിന്നും ആവശ്യമുള്ള നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും തടയും.

ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസിക്ക് മാസം 5000  രൂപ ആണ് പൊതുവേയുള്ള അടവ്. ടേം(Term) ഇൻഷുറൻസ് പോളിസി ആണെങ്കിൽ ഇൻഷുറൻസ് പോളിസിയുടെ അടവ് മാസം വെറും 100 രൂപയും ശേഷം വരുന്ന 4900 രൂപ നിക്ഷേപിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും നിർത്തുകയും ചെയ്യാം. ഇനി നമുക്ക് ഒരു കോടിയുടെ ടേം ഇൻഷുറൻസ് വേണമെന്നുണ്ടെങ്കിൽ 1000 രൂപയുടെ മാസ അടവുള്ള ടേം ഇൻഷുറൻസ് വാങ്ങിയിട്ട് ബാക്കി 4000 രൂപ നിക്ഷേപിക്കുകയും ചെയ്യാം. 

പക്ഷേ ക്യാഷ് ബാക്ക് പോളിസി തുടങ്ങി പോയിട്ടുണ്ടെങ്കിൽ, പോളിസി നിർത്തുമ്പോൾ, അടച്ച കാശിൽ കുറച്ചു നഷ്ടം വരും എന്നുള്ളത് കാരണം നമ്മൾ നിർത്തുകയില്ല. അതു കാരണം നമ്മുടെ ആവശ്യത്തിനുള്ള ഇൻഷുറൻസ് വാങ്ങാനുള്ള തുക കയ്യിൽ ഉണ്ടാവുകയുമില്ല.

ഒരു പുതിയ ഇൻഷുറൻസ്  പോളിസി ആരംഭിക്കുമ്പോൾ എല്ലായ്പ്പോഴും വളരെ അധികം ശ്രദ്ധിക്കുക. ക്യാഷ് ബാക്ക് പോളിസികളും യൂലിപ് (ULIP) പോളിസികളും ഒഴിവാക്കുക.






അടുത്ത ലേഖനം: ഡെയ് ട്രേഡിങ്ങ് (Day Trading in Stocks)