കർഷകരും പച്ചക്കറി വിലയും ഉപഭോക്താവും

കർഷകരുടെ ആത്മഹത്യകളും അവരുടെ പ്രശ്നങ്ങളും അവർ നടത്തുന്ന സമരങ്ങളും ഈ അടുത്ത് വാർത്തയിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു കാര്യമാണ്.

ഒരു കടയിൽ പോയി സാധനം വാങ്ങാൻ പ്രാപ്തി ആയ പ്രായം മുതൽ പച്ചക്കറി വാങ്ങാൻ പലചരക്കു കടയിൽ പോയിട്ടുള്ള ഒരാളാണ് ഞാൻ. ഇന്നു വരെ പ്രതീക്ഷിച്ച തുകയിൽ കുറഞ്ഞ് പലചരക്ക് കടയിൽ നിന്ന് എനിക്ക് സാധനം കിട്ടിയിട്ടില്ല. പക്ഷേ കർഷകന് കൃഷിയിൽ നിന്ന് ആദായം ഒന്നും ലഭിക്കുന്നില്ല എന്നും വാർത്ത വായിക്കുന്നു. അപ്പോൾ ഉപഭോക്താവിന് വിലക്കുറവ് ഒന്നും ലഭിക്കുന്നുമില്ല കർഷകന് വില കിട്ടുന്നുമില്ല. ഇതിനർത്ഥം കർഷകനും ഉപഭോക്താവിനും ഇടയിൽ നിൽക്കുന്ന ഇടനിലക്കാരൻ കീശ വീർപ്പിക്കുന്നുണ്ട് എന്നു മാത്രമാണ്.

കർഷകനെ രക്ഷിക്കാൻ വേണ്ടി കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് എല്ലാ രാഷ്ട്രീയക്കാരുടെയും ഒരു പതിവ് തെരഞ്ഞെടുപ്പ് വാഗ്ദാനം ആണ്. ഇതു ഒരു ശാശ്വത പരിഹാരം അല്ല എന്നു മാത്രമല്ല പുതിയ കുറെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് എല്ലാ അഞ്ച് വർഷം കൂടുമ്പോൾ കാർഷിക വായ്പ എഴുതിത്തള്ളും എന്നാണ് ഇപ്പോഴത്തെ അവസ്ഥ.

അപ്പോൾ ഏത് കർഷകനാണ് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ താല്പര്യം കാണിക്കുക?

ഇങ്ങനെ വന്നാൽ ഏതു ബാങ്കിംഗ് സ്ഥാപനമാണ് കർഷകർക്ക് പിന്നെ വായ്പ കൊടുക്കാൻ താല്പര്യം കാണിക്കുക?

കർഷകർക്ക് ഭാവിയിൽ വായ്പ കിട്ടുവാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്.

കർഷകന് അവൻ്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇടനിലക്കാരെ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഇടനിലക്കാരെ കർശനമായ നിയമങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ എങ്കിലും ശ്രമിക്കണം.

കോടിക്കണക്കിന് രൂപ ചെലവാക്കി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പകരം അടുത്ത കൊല്ലത്തെ വിളവെടുപ്പിന് ന്യായമായ വില അതേ തുകയിൽ നിന്ന് ഉറപ്പ് കൊടുത്താൽ അതല്ലേ രാജ്യത്തിന് കൂടുതൽ നല്ലത്?

Leave a Reply

Your email address will not be published. Required fields are marked *