വിവിധ തരം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ

ഓഹരികളിൽ നിക്ഷേപിക്കുന്ന  മ്യൂച്വൽ ഫണ്ടുകൾ പല തരമുണ്ട്.   ഇവയിൽ പ്രധാനപ്പെട്ട തരങ്ങൾ താഴെ പറയുന്നു

ലാർജ് ക്യാപ്‌  (Large-Cap )മ്യൂച്വൽ  ഫണ്ട്

വൻകിട കമ്പനികളിൽ മാത്രം  നിക്ഷേപിക്കുന്ന ഫണ്ട് ആണ് ലാർജ് ക്യാപ്‌  (Large-Cap )മ്യൂച്വൽ ഫണ്ട്. ഇവ മ്യൂച്വൽ ഫണ്ടുകളിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം  കാഴ്ചവെക്കുന്നവ ആണ്. വൻകിട കമ്പനികൾക്ക് വിപണിയുടെ വ്യതിയാനങ്ങളിൽ വലിയ വില വ്യത്യാസം സംഭവിക്കുകയില്ല.

മിഡ് ക്യാപ്‌  (Mid-Cap )മ്യൂച്വൽ  ഫണ്ട്

ഇടത്തരം  വലിപ്പമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ട് ആണ് മിഡ് ക്യാപ്‌  (Mid-Cap )മ്യൂച്വൽ ഫണ്ട് . ഈ കമ്പനികൾ വൻകിട കമ്പനികളെ അപേക്ഷിച്ച്  കൂടുതൽ വ്യതിയാനം കാണിക്കും. ഇവയ്ക്ക് നേട്ട സാധ്യത കൂടുതലാണെങ്കിലും അതേ പോലെ തന്നെ  നഷ്ട സാധ്യതയും കൂടും.

സ്മാൾ ക്യാപ്‌  (Small-Cap )മ്യൂച്വൽ  ഫണ്ട്

ചെറിയ കമ്പനികളിൽ നിക്ഷേപിക്കുന്ന  ഫണ്ട് ആണ് സ്മാൾ ക്യാപ്‌ (Small-Cap ) മ്യൂച്വൽ   ഫണ്ട്. മറ്റു ഫണ്ടുകളേക്കാളും നേട്ടത്തിനും നഷ്ടത്തിനും സാധ്യത കൂടുതൽ ഉള്ളതാണ് ഈ ഫണ്ട്.  

ELSS (Equity Linked Savings Scheme  അഥവാ ഈ എൽ എസ് എസ്)

ആദായനികുതി വകുപ്പിൻ്റെ 80C  വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കുന്ന നിക്ഷേപമാണ് ഈ എൽ എസ് എസ്.  ഈ ഫണ്ടുകൾക്ക് മൂന്നു കൊല്ലം ലോക്ക് ഇൻ (Lock In) പിരിയഡ് ഉണ്ട്. ഇവയിൽ നിക്ഷേപിക്കുന്ന  തുകയ്ക്ക് ₹ 1,50,000 വരെ നികുതിയിളവ് ലഭിക്കും. ഈ ഫണ്ട് ഓഹരി വിപണിയിൽ നിക്ഷേപം നടത്തും.

ഇൻഡക്സ് (Index)  ഫണ്ട്

 സെൻസെക്സ് (SENSEX)  നിഫ്റ്റി (NIFTY) പോലെയുള്ള ഓഹരിവിപണി സൂചികകളെ അതേ പോലെ തന്നെ  പിന്തുടരുന്ന ഫണ്ടുകളാണ് ഇൻഡക്സ് ഫണ്ട്. ഉദാഹരണത്തിന് സെൻസെക്സ് അടിസ്ഥാനം ആക്കിയിട്ടുള്ള ഇൻഡക്സ് ഫണ്ട് സെൻസെക്സിൽ ഉള്ള ഓഹരികളെ അതേ അനുപാതത്തിൽ വാങ്ങുന്നു. സെൻസെക്സ് ഓഹരികൾ മാറുന്നതനുസരിച്ച് ഈ ഫണ്ട് വാങ്ങുകയും വിൽക്കുകയും  ചെയ്യുന്നു. ഈ ഫണ്ടുകൾക്ക് ഫീസ് കുറവാണ്.

തീമാറ്റിക്(Thematic) ഫണ്ടുകൾ അല്ലെങ്കിൽ സെക്ടർ(Sector Based) ഫണ്ടുകൾ

ഒരു മേഖലയിൽ ഉള്ള കമ്പനികളിൽ മാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് ഇവ.  ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രം നിക്ഷേപിക്കുന്നവ അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്നവ.  

ഇത്തരം ഫണ്ടുകൾ വളരെ അധികം നഷ്ടസാധ്യത ഉള്ളവയാണ്. കാരണം ഒരു മേഖല കുറച്ചുകാലം നല്ല വളർച്ച കാണിച്ചതിനു ശേഷം പിന്നെ കുറെ കാലം വളർച്ച ഇല്ലാതിരിക്കുന്നതാണ് പതിവ്.  ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റ് കമ്പനികൾ, കുറേക്കാലമായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതിൻ്റെ  ഒരു പ്രധാന ഉദ്ദേശ്യം മൊത്തം വിപണിയുടെ വളർച്ചയിൽ പങ്കുചേരാനാണ്.  അപ്പോൾ ഒരു മേഖലയിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ട് വാങ്ങിയാൽ അത് നിക്ഷേപത്തിൻ്റെ ഒരു പ്രധാന ലക്ഷ്യത്തെ തോൽപ്പിക്കുന്നു.


നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കാൻ കമ്പനികൾ പല പേരിൽ പല ഫണ്ടുകൾ പുറത്തിറക്കാറുണ്ട്.  മുകളിൽ പറഞ്ഞവയിൽ നിന്ന് വ്യത്യസ്തമായ ഫണ്ടുകളെ അവഗണിക്കുന്നതാണ് നല്ലത്.

നിക്ഷേപങ്ങളുടെ കാര്യത്തിൽ അതിസങ്കീർണമായ മാർഗ്ഗങ്ങളെ ഉപേക്ഷിക്കുന്നതാണ് നല്ലത്.  നമുക്ക് മനസ്സിലാകാത്ത ഒരു നിക്ഷേപ മാർഗ്ഗത്തിൽ ഒരിക്കലും നിക്ഷേപിക്കരുത്.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.

അടുത്ത ലേഖനം: മ്യൂച്വൽ ഫണ്ടുകൾ ഒന്നിലധികം കമ്പനികളിൽ നിന്ന് വാങ്ങുക

Leave a Reply

Your email address will not be published. Required fields are marked *