COVID മഹാമാരി നമ്മളെ വലയ്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒന്നര കൊല്ലമായി. വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ പണി ആയതു കൊണ്ടും മാസാമാസം ശമ്പളം കൃത്യമായി കിട്ടിയതു കൊണ്ടും വലിയ കുഴപ്പമില്ലാതെ ഞാൻ രക്ഷപ്പെട്ടു. ഇത് എൻ്റെ കഴിവു കൊണ്ട് ഒന്നുമല്ല, ഞാൻ ഭാഗ്യത്തിൽ രക്ഷപ്പെട്ടു എന്ന് മാത്രം. പക്ഷേ എൻ്റെ പല സുഹൃത്തുക്കളുടെയും കാര്യം അങ്ങനെയല്ല. COVID മഹാമാരി പലരുടേയും ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എനിക്ക് പരിചയമുള്ള കേരളത്തിലെ രണ്ട് ബിസിനസ്സുകാരുടെ അനുഭവം ആണ് താഴെ പറയുന്നത്.
ഒന്നാമത്തെ ആൾക്ക് കാറ്ററിംഗ്(catering) ബിസിനസ് ആണ്. COVID മഹാമാരി തുടങ്ങുന്നതിനു മുന്നേ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വലിയ പണികൾ എന്നു വച്ചാൽ 500 മുതൽ 1000 പേർക്ക് ഉള്ള സദ്യയും പിന്നെ ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ചെറിയ പ്രോഗ്രാമുകളുമായി നല്ല കച്ചവടം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. COVID തുടങ്ങി ഒരു കല്യാണത്തിന് ഇരുപത്തിയഞ്ചും അമ്പതും ആളുകൾ മാത്രം എന്ന നിബന്ധന വന്നതോടെ ഇദ്ദേഹത്തിൻ്റെ ബിസിനസ് നേരെ താഴോട്ട് പോയി. ഒരു മാസം ആറും ഏഴും ലക്ഷം രൂപയുടെ പണി നടന്നിരുന്ന സ്ഥലത്തു ഇപ്പോൾ അമ്പതിനായിരം രൂപയുടെ പണി പോലും കഷ്ടിച്ചു നടക്കുന്നുള്ളൂ എന്ന അവസ്ഥ.
രണ്ടാമത്തെയാൾ പാടത്ത് പണിയുന്ന വണ്ടി വാടകയ്ക്ക് കൊടുത്തു കൊണ്ടിരുന്ന ആൾ ആണ്. പാടത്തെ പണിയെ COVID നേരിട്ട് ബാധിച്ചില്ലെങ്കിലും ലോക്ക്ഡൗൻ(Lock Down) കാരണം തമിഴ്നാട്ടിൽ നിന്ന് ഡ്രൈവർമാർക്ക് വരാൻ പറ്റാതെ ആയി. അങ്ങനെ ഒറ്റ വണ്ടി പോലും ഓടാതെ ഒന്നരക്കൊല്ലം കഴിഞ്ഞു. എന്നു വെച്ചാൽ ഒന്നര കൊല്ലമായി കാര്യമായ വരുമാനം ഒന്നുമില്ല.
എല്ലാ ബിസിനസുകാർക്കും ഉള്ള പോലെ ഇവർ രണ്ടു പേർക്കും അത്യാവശ്യം ലോണുകൾ ഉണ്ട്. സ്വർണ്ണം പണയം വെച്ചും ബ്ലേഡ് പലിശക്ക് കടം വാങ്ങിയും ആദ്യത്തെ ആറേഴ് മാസം കഴിഞ്ഞു കൂടിയെങ്കിലും ഇപ്പോൾ രണ്ടു പേരും സ്വല്പം ബുദ്ധിമുട്ടിലാണ്. ഇവർ രണ്ടു പേരും ആവശ്യമില്ലാത്ത റിസ്ക് എടുക്കുന്ന ആൾക്കാരല്ല. അതേ പോലെ തന്നെ ആവശ്യമില്ലാതെ പണം ചെലവാക്കുന്ന ആൾക്കാരും അല്ല. അവരുടെ ഭാഗത്തു നിന്ന് ഒരു തെറ്റു പോലും ഇല്ലാതിരുന്നിട്ടും ഈ COVID മഹാമാരി കാരണം രണ്ടു പേരും ബുദ്ധിമുട്ടിലായി.
ഇതു പോലെ കേരളത്തിലെ ബഹു ഭൂരിപക്ഷം ബിസിനസുകാരും നല്ല സാമ്പത്തിക ബുദ്ധിമുട്ടിൽ കൂടിയാണ് കടന്നു പോകുന്നത്.
ലോൺ അടവ് മുടങ്ങി ജപ്തി ആകുമോ എന്നുള്ള പേടി ജീവിതത്തിൽ പലർക്കും ആദ്യമായി ഇപ്പോഴാണ് വരുന്നത്. ഈ അവസരത്തിൽ ഞാൻ ഈ ബ്ലോഗിൽ മുന്നേ എഴുതിയ ഒന്നു രണ്ട് കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്.
- എല്ലാവർക്കും ഒരു പി പി എഫ് (PPF) അക്കൗണ്ട് അത്യാവശ്യമാണ്. കാരണം പി പി എഫ് അക്കൗണ്ട് ജപ്തി ചെയ്യാൻ സാധിക്കുകയില്ല. നമ്മുടെ കഷ്ടകാലത്തിന് ജപ്തി വന്ന് നമ്മുടെ എല്ലാ സ്വത്തും കോടതി പിടിച്ചെടുത്താൽ പോലും നമുക്ക് പി പി എഫ് അക്കൗണ്ട് ബാക്കിയുണ്ടാകും. അഭിമാനത്തിനും ആത്മഹത്യയ്ക്കും ഇടയിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന അവസ്ഥയിൽ എത്താതിരിക്കാൻ പി പി എഫ് അക്കൗണ്ട് ഒരു നല്ല തടയാണ്.
- ഒരു ബിസിനസ് തുടങ്ങുമ്പോൾ ലിമിറ്റഡ് ലയബിലിറ്റി(Limited Liability/പരിമിതമായ ബാധ്യത) ആയി തുടങ്ങാൻ ശ്രദ്ധിക്കണം. ഭൂരിപക്ഷം ആൾക്കാരും ബിസിനസ് തുടങ്ങുമ്പോൾ പാർട്ട്ണർഷിപ്പോ(Partnership) പ്രൊപ്രൈറ്റർഷിപ്പോ(Proprietorship) ആയി രജിസ്റ്റർ ചെയ്യും. കാരണം ഇത് രണ്ടും മനസ്സിലാക്കാൻ എളുപ്പമാണ്. പിന്നെ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളെ അപേക്ഷിച്ചു നിബന്ധനകൾ കുറവുമായിരിക്കും. പക്ഷേ പാർട്ട്ണർഷിപ്പ്/ പ്രൊപ്രൈറ്റർഷിപ്പ് കമ്പനികൾ എടുത്ത ലോണിന് എതിരെ ജപ്തി വന്നാൽ കമ്പനിയുടെ സ്വത്തുകൾക്കു പുറമേ ഉടമയുടെ സ്വത്തുക്കളും ജപ്തി ചെയ്യാൻ സാധിക്കും. എന്നാൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുടെ ലോണിനെതിരെ ജപ്തി വന്നാൽ കമ്പനിയുടെ സ്വത്തുക്കൾ മാത്രമേ ജപ്തി ചെയ്യാൻ സാധിക്കുകയുള്ളൂ. ഉടമയുടെ സ്വന്തം പേരിലുള്ള സ്വത്ത് സുരക്ഷിതമായിരിക്കും.
3. ഹെൽത്ത് ഇൻഷുറൻസ്(Health Insurance): കോവിഡ് ബാധിച്ചു 30 ദിവസം ICU’ൽ കിടന്ന മൂന്നു പേരെ എനിക്കറിയാം. ഒരു ദിവസം 10,000 രൂപ ICU ഫീസ് ആണെങ്കിൽ 30 ദിവസത്തെ ബില്ല് ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപ. നമ്മൾ പ്രതീക്ഷിക്കാതെ ഇങ്ങനെ വരുന്ന വലിയ ആശുപത്രി ചെലവുകൾ ആണ് നമ്മുടെ സമ്പാദ്യം ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്. കോവിഡ് കാരണം ജോലി പോയ സമയത്താണ് ആശുപത്രി ചെലവ് വന്നതെങ്കിൽ ജോലിയിൽ നിന്നുള്ള ഇൻഷുറൻസ് കിട്ടുകയുമില്ല. ഇതൊഴിവാക്കാനായി നല്ല കവറേജ് ഉള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
4. ലൈഫ് ഇൻഷുറൻസ്(Life Insurance): കൊവിഡ് കാലത്ത് ലൈഫ് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത്തിൻ്റെ ആവശ്യകത ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്രയോ ചെറുപ്പക്കാരും മധ്യവയസ്കരും കോവിഡ് ബാധിച്ച് മരിച്ചു. ഇവർക്കെല്ലാവർക്കും സ്വന്തം സാമ്പത്തിക കാര്യങ്ങൾ തീർപ്പാക്കിയിട്ട് ആശുപത്രിയിൽ പോകാൻ സാധിച്ചിട്ടുണ്ടാവില്ലല്ലോ. നമുക്ക് എന്തെങ്കിലും പറ്റിയാൽ കുടുംബം വഴിയാധാരമായി പോകാതിരിക്കാൻ വേണ്ടി ലൈഫ് ഇൻഷുറൻസ് വാങ്ങണം. ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ടേം ഇൻഷുറൻസ് (Term Insurance) തന്നെ വാങ്ങാൻ ശ്രദ്ധിക്കണം.
ജീവിതത്തിലെ എല്ലാ പാഠങ്ങളും സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ഈ COVID കാലത്തെ പാഠങ്ങൾ നമ്മുക്ക് മറക്കാതിരിക്കാം.