ഒരു കാർ വാങ്ങുന്നതിനു മുൻപ്…

നമ്മൾ വാങ്ങുന്ന വിലയേറിയ സാധനങ്ങളിൽ, താമസിക്കാനുള്ള വീട് കഴിഞ്ഞാൽ പിന്നെ ഏറ്റവും വില കൂടിയ സാധനം കാർ ആയിരിക്കും. വളരെയധികം ഉപകാരം ഉള്ളതും ഒരുപാട് മാനസിക സംതൃപ്തിയും തരുന്ന ഒന്നാണ് സ്വന്തമായി ഒരു വാഹനം. പക്ഷേ സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാകും കാർ.

വാങ്ങി ഷോറൂമിൽ നിന്ന് പുറത്തെത്തുമ്പോൾ മുതൽ വില കുറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നാണ് കാർ. വാഹനം വാങ്ങുവാൻ ബാങ്കുകളും ബാക്കി സാമ്പത്തിക സ്ഥാപനങ്ങളും നമുക്ക് വളരെ എളുപ്പം ലോൺ തരും. ഒരു കാരണവശാലും ലോണെടുത്ത് സ്വന്തം ഉപയോഗത്തിനുള്ള വാഹനം വാങ്ങരുത് എന്നാണ് എൻ്റെ അഭിപ്രായം. സൂക്ഷിച്ചില്ലെങ്കിൽ വാങ്ങി രണ്ടു മൂന്നു കൊല്ലം കഴിയുമ്പോഴേക്കും ചിലപ്പോൾ കാറിൻ്റെ വിലയേക്കാൾ കൂടുതൽ ആയിരിക്കും ലോൺ ബാലൻസ്. ബിസിനസ് നടത്താനോ ടാക്സി ഓടിക്കാനോ ആയുള്ള വാഹനങ്ങൾ ഇതിൽ പെടില്ല.

കാർ വാങ്ങാൻ ലോൺ എടുക്കുന്നതും വീട് വാങ്ങാൻ ലോൺ എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വീട് വാങ്ങാനുള്ള ലോൺ അടച്ച് തീർന്നു കഴിയുമ്പോൾ വീടും സ്ഥലവും നമ്മുടെ പേരിൽ സ്വന്തമായി ബാക്കി ഉണ്ടാകും. സ്ഥലത്തിന് വില കൂടിയിട്ടും ഉണ്ടാകും. എന്നാൽ കാർ വാങ്ങാനായി ഒരു അഞ്ചു കൊല്ലത്തെ ലോണെടുത്ത് അടച്ച്  തീരുമ്പോഴേക്കും കാറിൻ്റെ വില നാലിലൊന്നായി കുറഞ്ഞു പോയിട്ടും ഉണ്ടാകും.

ഞാൻ അടുത്തിടെ വായിച്ച ഒരു ഇംഗ്ലീഷ് ലേഖനത്തിൽ നിന്നാണ് കാർ വാങ്ങേണ്ടത് എങ്ങനെ എന്ന് എനിക്ക് മനസ്സിലായത്. അതിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു നോക്കിയപ്പോൾ വളരെ ശരിയാണെന്ന് തോന്നുകയും ചെയ്തു. പുതിയ കാറുകൾ വാങ്ങുന്നത് വലിയ നഷ്ടമാണ് എന്നാണ് ലേഖകൻ്റെ അഭിപ്രായം. നമ്മൾ ഒരു വർഷം എത്ര കിലോമീറ്റർ ഓടിക്കും എന്ന് കണക്കാക്കണം. അതിനു ശേഷം എത്ര വർഷം കാർ ഉപയോഗിക്കുവാൻ സാധ്യതയുണ്ട് എന്നുള്ളതും കണക്കാക്കുക. ഇവ രണ്ടും ഗുണിച്ചാൽ കിട്ടുന്നതാണ് കാർ ഓടിക്കേണ്ട കിലോമീറ്റർ. ഇത്രയും കിലോമീറ്റർ വലിയ കുഴപ്പമില്ലാതെ ഓടുന്ന ഒരു സെക്കൻഡ് ഹാൻഡ് കാർ മാത്രമേ നമ്മൾ വാങ്ങാവൂ.

10 കൊല്ലം 10,000 കിലോമീറ്റർ വീതം വണ്ടി ഓടിക്കേണ്ട ആവശ്യമുള്ള ഒരാൾക്കു 1,00,000 കിലോമീറ്റർ വലിയ കുഴപ്പം ഒന്നും ഇല്ലാതെ ഓടുന്ന ഒരു വണ്ടി മതി. ഇന്ത്യയിൽ ഇറങ്ങുന്ന മിക്ക കാറുകളും 2,00,000 കിലോമീറ്റർ വരെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകും. അപ്പോൾ കണക്കനുസരിച്ച് ഇദ്ദേഹത്തിന് ഏകദേശം 75,000 കിലോമീറ്റർ ഓടിയ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയാൽ മതിയാകും. അപ്പോൾ വണ്ടി  2,00,000 കിലോമീറ്റർ ഓടുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തിൻ്റെ ആവശ്യം തീരും. കാറിന് പകുതിയിൽ താഴെ വില കൊടുത്താൽ മതി ആവുകയും ചെയ്യും.

എൻ്റെ ഉദാഹരണത്തിൽ നിന്ന് തന്നെ പുതിയ കാർ വാങ്ങിയാൽ ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചു പറയാം. 6 കൊല്ലം മുൻപാണ് ഞാൻ കാർ വാങ്ങാൻ തീരുമാനിച്ചത്. എൻ്റെ കൈയിൽ അന്ന്‌ 2.5 ലക്ഷം രൂപ ഉണ്ടായിരുന്നു. പുതിയ കാർ വാങ്ങാൻ ഉള്ള ആഗ്രഹം കാരണം ഞാൻ 5 ലക്ഷം രൂപ ലോൺ എടുത്തു 7.5 ലക്ഷം രൂപയുടെ കാർ ആണ് വാങ്ങിയത്.  2 കൊല്ലത്തിനുള്ളിൽ ലോൺ അടച്ചു തീർത്തിരുന്നു. ലോൺ അടച്ച വകുപ്പിൽ മൊത്തം ചിലവായ തുക 5,70,000 രൂപ.

അപ്പോൾ പുതിയ കാർ വാങ്ങിയ വകയിൽ മൊത്തം ചിലവായ തുക = 2,50,000 + 5,70,000 = 8,20,000 രൂപ

പത്തുകൊല്ലം കഴിഞ്ഞ് ഞാൻ ഈ വണ്ടി വിൽക്കുകയാണെങ്കിൽ, കൂടി പോയാൽ ഒരു ഒന്നര ലക്ഷം(1,50,000) രൂപ കിട്ടിയാൽ ആയി.   അപ്പോൾ 8,20,000 രൂപ മുതൽ ഇറക്കിയ ഈ കച്ചവടത്തിൽ നിന്ന് പത്ത് കൊല്ലം കഴിയുമ്പോൾ കയ്യിൽ ബാക്കി വരുന്നത് ഒന്നര ലക്ഷം രൂപ മാത്രം.

കാറിനു വന്ന ചിലവ്  =    8,20,000 – 1,50,000 = 6,70,000 രൂപ

ഒരു കൊല്ലം എനിക്ക് കഷ്ടിച്ച് 6000 കിലോ മീറ്റർ ഓട്ടം മാത്രമേ ഉള്ളൂ. പത്തു കൊല്ലം കഴിയുമ്പോഴേക്കും ഞാൻ കാർ മാറാനും സാധ്യതയുണ്ട് . അപ്പോൾ 10 കൊല്ലത്തേക്ക്  60,000 കിലോമീറ്റർ. അപ്പോൾ എനിക്ക് ശരിക്കും ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി വാങ്ങിയാൽ മതിയായിരുന്നു. അന്ന് അതു ലോൺ എടുക്കാതെ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന 2.5 ലക്ഷം രൂപയ്ക്ക് കിട്ടുകയും ചെയ്യുമായിരുന്നു.

ഈ വണ്ടി ഞാൻ പത്തു കൊല്ലം കഴിഞ്ഞു വിൽക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു 50,000 രൂപയെ കിട്ടുകയുള്ളൂ.  പുതിയ കാർ അല്ലാത്തതിനാൽ അറ്റകുറ്റപണികൾക്കായി ഒരു ലക്ഷം രൂപ ചെലവായി എന്നും കൂട്ടു.

കാറിനു വന്ന ചിലവ്  =    2,50,000 + 1,00,000 – 50, 000 = 3,00,00 രൂപ

എന്നാൽ ശരിക്കുള്ള നഷ്ടം ഇതിലും വളരെ വലുതാണ്.

ഞാൻ പുതിയ കാർ വാങ്ങുവാനായി ലോണെടുത്ത തുക നിക്ഷേപിച്ചിരുന്നു എങ്കിൽ 10 കൊല്ലം കൊണ്ട് ഇരട്ടിക്കുക എങ്കിലും ചെയ്യും. 5 ലക്ഷം രൂപ  ഇരട്ടിച്ചു 10 ലക്ഷം എങ്കിലും ആയേനെ. പുതിയ കാർ വാങ്ങാതെ ഞാൻ പഴയ കാർ വാങ്ങിയിരുന്നു എങ്കിൽ എൻ്റെ ആസ്തിയിൽ ഇപ്പോൾ ലക്ഷങ്ങൾ കൂടുതൽ ഉണ്ടായിരുന്നേനെ.

എനിക്ക് പറ്റിയ അബദ്ധം നിങ്ങൾക്കും പറ്റാതിരിക്കാൻ വേണ്ടി അടുത്ത തവണ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.






അടുത്ത ലേഖനം: 0% പലിശ ഉള്ള ലോൺ

Leave a Reply

Your email address will not be published. Required fields are marked *