ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് കമ്പനിയുടെ വിശ്വാസ്യതയാണ്. നമ്മൾ ഇൻഷുറൻസ് വാങ്ങിയതിനു ശേഷം നമുക്ക് അസുഖം വരുമ്പോൾ കമ്പനി കാശു തരുന്നില്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് വെറുതെ ആകും. ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇൻറർനെറ്റിൽ ലഭ്യമാണ്. ഇവ അന്വേഷിച്ചു നോക്കി ഏറ്റവും കുറവ് പരാതികൾ ഉള്ള കമ്പനിയിൽ നിന്ന് മാത്രമേ ഇൻഷുറൻസ് വാങ്ങാവൂ.
ഹെൽത്ത് ഇൻഷുറൻസ്, വ്യക്തിഗത (individual/ഇൻഡിവിജ്വൽ) പോളിസിയും ഫാമിലി ഫ്ലോട്ടർ(Family Floater) പോളിസിയും എന്നിങ്ങനെ രണ്ടു തരത്തിൽ വിൽക്കപ്പെടുന്നു. ഇൻഡിവിജ്വൽ പോളിസി അഥവാ വ്യക്തിഗത പോളിസി എന്നു വച്ചാൽ ഓരോ വ്യക്തിക്കും വെവ്വേറെ കവറേജ് ഉള്ള പോളിസി എന്നാണർത്ഥം. ഫാമിലി ഫ്ലോട്ടർ പോളിസി എല്ലാ അംഗങ്ങൾക്കും ചേർത്ത് ഒരു തുക കവറേജ് നൽകുന്നു. എന്നു വെച്ചാൽ അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള ഒരു കുടുംബത്തിലെ എല്ലാവർക്കും 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങണമെങ്കിൽ, വ്യക്തിഗത പോളിസി ആയി വാങ്ങിയാൽ ഓരോ വ്യക്തിക്കും ഓരോന്ന് വച്ചു 5 ലക്ഷം രൂപ കവറേജ് ഉള്ള 4 പോളിസി വാങ്ങേണ്ടി വരും. ഫാമിലി ഫ്ലോട്ടർ വാങ്ങുകയാണെങ്കിൽ ഒരു പോളിസി വാങ്ങിയാൽ മതി, കുടുംബത്തിലെ ആർക്ക് അസുഖം വന്നാലും അഞ്ചു ലക്ഷം രൂപ വരെ പോളിസി കവർ ചെയ്യും. നാല് പേർക്കും ഒരുമിച്ച് അസുഖം വന്നാൽ വ്യക്തിഗത പോളിസിയാണ് നല്ലത് പക്ഷേ അങ്ങനെ വരാനുള്ള സാധ്യത കുറവായതുകൊണ്ട് ഫാമിലി ഫ്ലോട്ടർ പോളിസി മതിയാകും. 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പ്ലാൻ എടുത്താൽ അത് കുടുംബത്തിൽ ആർക്ക് അസുഖം വന്നാലും അഞ്ച് ലക്ഷം രൂപവരെ ഇൻഷുറൻസ് കമ്പനി സഹായിക്കും.
പക്ഷേ ഇന്നത്തെ കാലത്ത്, ഇത്തിരി വലിയ ആശുപത്രി ചെലവ് എന്ന് പറഞ്ഞാൽ 20, 30 ലക്ഷം ഒക്കെ ആവുന്നുണ്ട്. 20 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസിൻ്റെ അടവുകൾ ഒരു സാധാരണ കുടുംബത്തിന് താങ്ങാൻ പറ്റില്ല. ഇവിടെയാണ് മാർക്കറ്റിൽ ലഭ്യമായ ടോപ്പ്-അപ്പ് (top-up) പ്ലാനുകൾ പ്രസക്തമാകുന്നത്. ടോപ്പ്-അപ്പ് പ്ലാനുകൾ ഒരു പരിധിക്കു മുകളിൽ തുക ചെലവ് ആയാൽ ഇൻഷുറൻസ് തരുന്ന പദ്ധതിയാണ്. ഉദാഹരണത്തിന് അഞ്ച് ലക്ഷം മുതൽ 30 ലക്ഷം വരെ തരുന്ന ടോപ് പ്ലാൻ എടുത്തു എന്ന് വിചാരിക്കു. നിങ്ങൾക്കൊരു ആശുപത്രി ചെലവ് വന്നാൽ ആദ്യത്തെ അഞ്ച് ലക്ഷം രൂപ നിങ്ങൾ തന്നെ എങ്ങനെയെങ്കിലും കൊടുക്കണം. അതിനു ശേഷം വരുന്ന തുകയിൽ 30 ലക്ഷം വരെ ടോപ്പ്-അപ്പ് പ്ലാനുകൾ കൊടുക്കും. ടോപ്പ്-അപ്പ് ഇൻഷുറൻസ് ഉയർന്ന പരിധി തുക കഴിഞ്ഞാൽ മാത്രം ഇൻഷുറൻസ് തരുന്നതു കൊണ്ട് ഇവയുടെ മാസ അടവുകൾ വളരെ കുറവായിരിക്കും.
അപ്പോൾ നമ്മുടെ കുടുംബത്തിന് ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ മൂന്നു ലക്ഷത്തിനോ അഞ്ച് ലക്ഷത്തിനോ ഫാമിലി ഫ്ലോട്ടർ പ്ലാൻ എടുത്തതിനു ശേഷം ആ പരിധിക്കു മുകളിൽ 30 ലക്ഷം വരെ അല്ലെങ്കിൽ 50 ലക്ഷം വരെയുള്ള ടോപ്പ്-അപ്പ് പ്ലാനുകൾ വാങ്ങുന്നതാണ് നല്ലതു. ഇങ്ങനെ ചെയ്താൽ നമ്മുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സാധിക്കും.
അതേ പോലെ തന്നെ ക്രിറ്റിക്കൽ ഇൽനെസ്(critical illness) കവറേജ് എന്ന പോളിസിയും മാർക്കറ്റിൽ ഉണ്ട്. ചില മാരക അസുഖങ്ങൾ വന്നാൽ നമ്മൾക്ക് അധികമായ സുരക്ഷ തരുന്നതാണ് ഈ പോളിസികൾ. ഇവ പൊതുവേ ഫാമിലി ഫ്ലോട്ടർ പ്ലാനുകളുടെ കൂടെ വലിയ ചെലവില്ലാതെ വാങ്ങുവാൻ സാധിക്കും. ചില പോളിസികൾ അതിൽ പറഞ്ഞിട്ടുള്ള അസുഖങ്ങൾ വന്നാൽ ഒരു വലിയ തുക ഒരുമിച്ചു തരികയോ അല്ലെങ്കിൽ മാസ വരുമാനമായി ഒരു നിശ്ചിത തുക തരികയോ ചെയ്യും. ഇത്തരം പോളിസികൾ വാങ്ങുമ്പോൾ ഏതെല്ലാം അസുഖങ്ങൾ അത് കവർ ചെയ്യുമെന്നും നിങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി ഉള്ള അസുഖങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൃത്യമായി ശ്രദ്ധിക്കണം.
അപ്പോൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ഒരു ഫാമിലി ഫ്ലോട്ടർ പ്ലാനും അതിൻ്റെ മുകളിൽ ഒരു ടോപ്പ്-അപ്പ് പ്ലാനും പിന്നെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഒരു ക്രിറ്റിക്കൽ ഇൽനെസ് കവറേജും വാങ്ങുവാൻ ശ്രദ്ധിക്കുക. പ്രത്യേകം ഓർക്കുക, ഹെൽത്ത് ഇൻഷുറൻസ് പോളിസി, നിങ്ങളുടെ ആശുപത്രി ചെലവുകൾ നിങ്ങളെ ബാധിക്കാതെ നോക്കും. എന്നാൽ നിങ്ങൾക്ക് ജോലിക്ക് പോകാൻ സാധിക്കാതെ ഇരിക്കുന്ന കാലത്ത് നിങ്ങളുടെ കുടുംബ ചെലവുകൾ നടത്തുവാൻ വേണ്ടി ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി വയ്ക്കുന്ന കാര്യം മറക്കരുത്.
ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിൻ്റെ ഉദാഹരണമോ ഏകദേശ കണക്കോ പറയാഞ്ഞത് മനപ്പൂർവമാണ്. ഇത് ഹെൽത്ത് ഇൻഷുറൻസ് പോളിസി, ഓരോ വ്യക്തിയുടെയും ആരോഗ്യ സ്ഥിതിയും കുടുംബ സാഹചര്യവും അനുസരിച്ച് മാറും എന്നുള്ളത് കാരണമാണ്. പോളിസി വാങ്ങുന്ന നേരത്ത് ഏറ്റവും മികച്ച രണ്ടു മൂന്നു കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തിട്ട് വേണം വാങ്ങാൻ.
അടുത്ത ലേഖനം: ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ