ഈയടുത്ത് ഒരു ടിവി വാങ്ങാൻ വേണ്ടി കടയിൽ പോയി വില അന്വേഷിച്ചപ്പോൾ പലിശ ഇല്ലാതെ 12 മാസത്തേക്ക് തവണകളായി വാങ്ങാൻ ഉള്ള ഒരു ഓഫർ ലഭിക്കുകയുണ്ടായി. പണ്ടൊരു കാർ വാങ്ങാൻ ചെന്നപ്പോഴും ഇതേ പോലെ ഒരു ഓഫർ കിട്ടിയിരുന്നു. 0% പലിശയ്ക്ക് ലോൺ തരാമെന്ന്. പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് 0% പലിശ എന്ന് കേൾക്കുമ്പോൾ അതിൽ എന്തോ വലിയ ലാഭം ഒളിച്ചിരിക്കുന്നു എന്ന് വിചാരിച്ച് സാധനങ്ങൾ വാങ്ങുന്നത്.
ഒരു കാര്യം ആദ്യമേ പറയാം, 0% പലിശ എന്ന ഒരു നിരക്കിൽ ലോൺ ലഭിക്കുന്നുണ്ടെങ്കിൽ അതിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന ഒരു ചാർജ് (fees) ഉണ്ട്. ഒരു ഉദാഹരണം പറയാം. എൻ്റെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ നിന്ന് ഒരു ബൈക്ക് വാങ്ങി. 60,000 രൂപയായിരുന്നു ബൈക്കിൻ്റെ വില. 30,000 രൂപയായിരുന്നു അദ്ദേഹം ലോൺ എടുത്തത്. അദ്ദേഹത്തിന് 0% നിരക്കിൽ കമ്പനി തന്നെ ലോൺ കൊടുത്തു. അദ്ദേഹം പേപ്പർ സൈൻ ചെയ്യാൻ പോയപ്പോൾ എന്നേയും കൂട്ടിയിരുന്നു. അപ്പോഴാണ് ലോൺ പ്രോസസിങ് ചാർജ് (processing charge) എന്ന് പറഞ്ഞു 5,000 രൂപ ഒറ്റയടിക്ക് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും വാങ്ങുന്നത്. ഇതിനു പുറമേ ലോണിൽ വാങ്ങുന്നത് കാരണം കമ്പനി കൊടുക്കുന്ന 3,000 രൂപ ഡിസ്കൗണ്ട് കിട്ടുകയുമില്ല. ഡിസ്കൗണ്ട് തുകയും പ്രോസസിങ് ചാർജും ചേർത്തു വെച്ചാൽ ഏകദേശം 8 % പലിശ ലോണിന് കൊടുക്കുന്നതിനു തുല്യമാണ് . ഇവിടെ വ്യത്യാസം പലിശ ആദ്യമേ വാങ്ങുന്നു എന്നത് മാത്രം.
ഒരു കമ്പനിക്കും പൂജ്യം ശതമാനം നിരക്കിൽ ഉപഭോക്താക്കൾക്ക് ലോൺ കൊടുക്കാൻ സാധിക്കുകയില്ല. കാരണം ഒരു കമ്പനിക്കും ഒരു ബാങ്കിൽ നിന്നും 0% ലോൺ ലഭിക്കുകയില്ല.
വിപണിയിലെ നിരക്ക് 8 % ആണ് എന്ന് വിചാരിക്കുക. അങ്ങനെയുള്ളപ്പോൾ ഒരു കമ്പനി നിങ്ങൾക്ക് 10,000 രൂപയുടെ സാധനം 12 മാസത്തേക്ക് പൂജ്യം ശതമാനം നിരക്കിൽ തരുകയാണെങ്കിൽ അതിനർത്ഥം ആ സാധനത്തിന് 9200 രൂപ വില ഉള്ളു എന്നാണ്. 800 രൂപ ഒരു കൊല്ലത്തേക്കുള്ള പലിശയാണ്.
അടുത്ത തവണ പൂജ്യം ശതമാനം പലിശ നിരക്കിൽ സാധനം വാങ്ങുന്നതിനു മുൻപ് അതേ സാധനം റൊക്കം കാശു കൊടുത്ത് വാങ്ങിയാൽ എത്ര രൂപ ആകും എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
അടുത്ത ലേഖനം : ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?